ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ മാറ്റങ്ങള്‍ ഏറെ, പോളിസിയില്‍ 'പണികിട്ടാതിരിക്കാന്‍' അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

അനുയോജ്യമായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എങ്ങനെ തിരഞ്ഞെടുക്കാം, ക്ലെയിം നിരസിക്കാതിരിക്കാന്‍ എന്ത് ചെയ്യണം?

Update:2024-09-01 11:15 IST
Image: canva

ഒരു പനി വന്നാല്‍ മതി, കുടുംബം പട്ടിണിയിലാകാന്‍. ആശുപത്രി ചെലവുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനപ്പുറത്തേക്ക് പോകുന്ന ഇക്കാലത്ത് ആരോഗ്യവും വരുമാനവും ഉള്ള സമയത്ത് തന്നെ എല്ലാവരും അനുയോജ്യമായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിരിക്കണം. ഏത് വരുമാനക്കാര്‍ക്കും ഇണങ്ങുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ അത് അനുയോജ്യമായത് തന്നെ വേണം.

പോളിസി എങ്ങനെ തിരഞ്ഞെടുക്കണം

രാജ്യത്ത് ഇപ്പോള്‍ തന്നെ നൂറുകണക്കിന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വിപണിയിലുണ്ട്. അടിസ്ഥാനപരമായി ഒരു കുടുംബത്തിലെ അംഗങ്ങളെ ഒരുമിച്ച് ഇന്‍ഷുര്‍ ചെയ്യുന്ന ഫാമിലി ഫ്ളോട്ടര്‍ പോളിസിക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. ഇതു കൂടാതെ മാരക രോഗങ്ങള്‍ കവര്‍ ചെയ്യുന്ന ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി, ചികിത്സയ്ക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ആയാല്‍ പ്രതിദിന ബത്ത ലഭിക്കുന്ന ഹോസ്പിറ്റല്‍ ക്യാഷ് പോളിസി, ഉയര്‍ന്ന ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി സൂപ്പര്‍ ടോപ്അപ് പോളിസി എന്നിവയെല്ലാം വിപണിയില്‍ സുലഭമാണ്്.
 ഒരു പോളിസി തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ ലഭിക്കുന്ന പരിരക്ഷകളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. അതായത് കവര്‍ ചെയ്യുന്ന റിസ്‌കുകള്‍, കവര്‍ ലഭ്യമല്ലാത്തവ, വാര്‍ഷിക പ്രീമിയം എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്.
♦ ഏത് ഇന്‍ഷുറന്‍സ് കമ്പനിയുടെ പോളിസിയാണോ തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുന്നത്, ആ കമ്പനിയുടെ മുന്‍കാലങ്ങളിലെ ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ, വില്‍പ്പനാനന്തര സേവനം, പ്രാദേശികമായ നെറ്റ്വര്‍ക്ക് ശൃംഖല എന്നിവ കൂടി പരിഗണിക്കുന്നത് നന്നായിരിക്കും.
 നമുക്ക് ചികിത്സ ലഭ്യമാക്കുന്നതിന് മികച്ച ആശുപത്രികളുടെ സേവനം ലഭ്യമാകണം. അതോടൊപ്പം ക്ലെയിം തീര്‍പ്പാക്കുന്നത് ഇന്‍ഷുറന്‍സ് കമ്പനികള്‍ നേരിട്ടാണോ, അതോ തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്ട്രേറ്റര്‍ വഴിയാണോ എന്നുകൂടി പരിശോധിക്കണം.
 ഇന്‍ഷുര്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ മുന്‍കാല പരിചയസമ്പത്ത് കൂടി കണക്കിലെടുക്കുന്നതും നല്ലതാണ്.

ഇക്കാര്യം ഓര്‍ക്കുക

അസുഖങ്ങള്‍ പിടിപെട്ട ശേഷം ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ ക്ലെയിം കിട്ടില്ല. അതിനാല്‍ അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം അറിയിക്കുക. കഴിയുന്നതും ആരോഗ്യമുള്ളപ്പോള്‍ തന്നെ ഇന്‍ഷുര്‍ ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്‍ഷുര്‍ ചെയ്യുന്നതു വഴി മനസമാധാനം നേടുകയാണ് വേണ്ടത്. അതല്ലാതെ മാനസിക സമ്മര്‍ദ്ദം കൂടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

മാറ്റങ്ങള്‍ എന്തെല്ലാം?

പോളിസി ഉടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഐ.ആര്‍.ഡി.എ (ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി) അടുത്ത കാലങ്ങളായി ഒട്ടേറെ കാര്യങ്ങള്‍ നടപ്പാക്കാനായി തീരുമാനിച്ചിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം:
♦ ഏതു പ്രായക്കാര്‍ക്കും പുതുതായി ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ ചേരാം. പക്ഷേ ഇതില്‍ ചേരുന്ന ആളിന്റെ ആരോഗ്യ സ്ഥിതി അനുസരിച്ചായിരിക്കും ഇന്‍ഷുറന്‍സ് കമ്പനികളുടെ അന്തിമ തീരുമാനം.
 നിലവിലുള്ള അസുഖം സാധാരണയായി 48 മാസത്തിന് ശേഷമേ കവര്‍ ചെയ്യാറുള്ളൂ. ഇത് 36 മാസമായി കുറച്ചു.
♦ ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ ചികിത്സാ രീതികള്‍ക്കും ഇനിമുതല്‍ ആരോഗ്യ പരിരക്ഷ ലഭ്യമാണ്.
 ഒരു പോളിസി എടുത്ത് തുടര്‍ച്ചയായി അഞ്ച് വര്‍ഷം പുതുക്കിയ ശേഷം ഒരു ക്ലെയിം വന്നാല്‍ ഇനിമുതല്‍ അത് നിരസിക്കാന്‍ പാടില്ല. പക്ഷേ പ്രൊപ്പോസല്‍ ഫോമില്‍ നാം കൊടുത്തിരിക്കുന്ന വിവരങ്ങള്‍ കൂടി കണക്കിലെടുത്ത ശേഷം മാത്രമേ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ലഭിക്കുകയുള്ളൂ.
 ഒന്നില്‍ കൂടുതല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ ചികിത്സാ ചെലവുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ മറ്റു പോളിസികളില്‍ നിന്നും ക്ലെയിം ചെയ്യാനായി വ്യവസ്ഥയുണ്ട്.
 ക്ലെയിം ചെയ്യാത്ത പോളിസികള്‍ റദ്ദാക്കുന്ന സാഹചര്യമുണ്ടായാല്‍ ഉപയോഗിച്ച കാലയളവിലെ പ്രീമിയം മാത്രം കിഴിച്ച് ബാക്കി തുക മുഴുവനായും ഇന്‍ഷുറന്‍സ് കമ്പനികള്‍ പോളിസി ഉടമയ്ക്ക് നല്‍കണം.
♦ നിലവിലെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയില്‍ (ബാങ്കുകള്‍ നല്‍കുന്ന ഹെല്‍ത്ത് പോളിസി ഒഴികെ) തൃപ്തരല്ലെങ്കില്‍ പോളിസി പുതുക്കുന്ന അവസരത്തില്‍ മറ്റു കമ്പനിയിലേക്ക് മാറ്റുന്നതിന് സൗകര്യമുണ്ട്. പക്ഷേ നാം കൊടുക്കുന്ന അപേക്ഷ പുതുതായി എടുക്കുന്ന കമ്പനിക്ക് സ്വീകാര്യമായിരിക്കണം എന്നതു മാത്രം.
♦ പോളിസി ഉടമയുടെ ഇഷ്ടാനുസരണം ഏത് അംഗീകൃത ആശുപത്രിയില്‍ നിന്നും ചികിത്സ തേടാവുന്നതാണ്.
 പുതുതായി പോളിസി എടുക്കുന്നവര്‍ക്ക് പോളിസിയുടെ വിശദവിവരങ്ങള്‍ അടങ്ങിയ കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് നല്‍കണം. ഇത് വായിച്ചു മനസിലാക്കിയ ഉപഭോക്താവ് അതില്‍ ഒപ്പിട്ടു കൊടുക്കുകയും വേണം (ഇത് കമ്പനികള്‍ മുഴുവനായും നടപ്പില്‍ വരുത്തിയിട്ടില്ലെന്നാണ് അറിവ്).
 പുതുതായി പോളിസി എടുത്ത് 30 ദിവസത്തിനകം ഉപഭോക്താവ് അത് കമ്പനിക്ക് തിരിച്ചുനല്‍കിയാല്‍ അടച്ച പ്രീമിയം തുക മുഴുവനായും തിരിച്ചു നല്‍കണം.
 ചികിത്സയ്ക്കായി ആശുപത്രിയില്‍ അഡ്മിറ്റായാല്‍ ഒരു മണിക്കൂറിനകം പ്രീ ഓതറൈസേഷന്‍ ലെറ്റര്‍ നല്‍കിയിരിക്കണം.
 ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ ശേഷം മൂന്ന് മണിക്കൂറിനുള്ളില്‍ ക്ലെയിം തീര്‍പ്പാക്കിയ ലെറ്റര്‍ ആശുപത്രികള്‍ക്ക് നല്‍കിയിരിക്കണം.

ക്ലെയിം നിഷേധിക്കാനുള്ള കാരണങ്ങൾ 

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം പല കാരണങ്ങള്‍ പറഞ്ഞ് നിഷേധിക്കുന്ന ഒരു അവസ്ഥ നിലനില്‍ക്കുന്നുണ്ട്. സാധാരണയായി ക്ലെയിം നിഷേധിക്കാന്‍ പല കാരണങ്ങള്‍ ഉണ്ട്.
 ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്ന സമയത്ത് എന്തെങ്കിലും അസുഖം ഉണ്ടെങ്കില്‍ അക്കാര്യം
ഇന്‍ഷുറന്‍സ് കമ്പനിയെ രേഖാമൂലം (പ്രൊപ്പോസല്‍ഫോമില്‍) അറിയിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മിക്കവാറും ഇന്‍ഷുറന്‍സ് പോളിസികളിലും ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ പോളിസി കാലാവധി കഴിഞ്ഞ ശേഷം മാത്രമെ നിലവിലുള്ള അസുഖങ്ങള്‍ക്ക് ചികിത്സാ ചെലവ് ലഭിക്കുകയുള്ളൂ. ഇനി നിലവിലുള്ള അസുഖം മറച്ചുവെച്ച് പോളിസി എടുക്കുകയാണെങ്കില്‍ യാതൊരു കാരണവശാലും ഇത്തരം സാഹചര്യങ്ങളില്‍ ക്ലെയിം തുക ലഭിക്കില്ല.
 'കോ പേയ്മെന്റ്' മൂലം ചില ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളില്‍ നമുക്ക് ചെലവായ തുകയുടെ ഒരു നിശ്ചിത ശതമാനം തുക ചികിത്സിച്ച ആള്‍ സ്വയം വഹിക്കേണ്ടതുണ്ട്. ഇത് പോളിസി നിബന്ധനയുടെ ഭാഗമായതിനാല്‍ തര്‍ക്കിച്ച് ബാക്കി തുക നേടാനാവില്ല.
 ചില പോളിസികളില്‍ ചികിത്സാ ചെലവുകള്‍ക്ക് പരിധികള്‍ നിശ്ചയിച്ചിട്ടുണ്ടാകും. അതായത് തിമിര ചികിത്സക്ക് 20,000 രൂപ എന്ന് പോളിസിയില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത്രയും തുക മാത്രമെ ലഭിക്കുകയുള്ളൂ. ഇവിടെയും ചിലപ്പോള്‍ ചെലവായ തുക മുഴുവനായി ലഭിക്കണമെന്നില്ല.
 ഇന്‍ഷുര്‍ ചെയ്ത തുകയ്ക്ക് ആനുപാതികമായാണ് ഭൂരിഭാഗം പോളിസികളിലും റൂം വാടക/ഐസിയു. ചാര്‍ജ് എന്നിവ നിശ്ചയിച്ചിട്ടുള്ളത്. ഇതിനു വിപരീതമായി കൂടിയ തുകയ്ക്കുള്ള മുറി വാടകയാണ് നല്‍കിയിട്ടുള്ളതെങ്കില്‍ അത് മൊത്തം ചികിത്സാ ചെലവിനെ തന്നെ ബാധിക്കുമെന്ന വിവരം ഭൂരിഭാഗം പേര്‍ക്കും അറിയില്ല.
 നിലവിലുള്ള പോളിസി നമുക്ക് ഇഷ്ടാനുസരണം മറ്റു കമ്പനികളിലേക്ക് മാറ്റാം. 'പോര്‍ട്ടബിലിറ്റി'എന്നാണ് ഇതിനെ പറയുന്നത്. ഇത് ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ നിലവിലുള്ള കമ്പനിയില്‍ നിന്നും ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ (നിലവിലുള്ള അസുഖങ്ങള്‍ക്കുള്ള കവര്‍, നോ ക്ലെയിം ബോണസ് മുതലായവ) പുതുതായി മാറുന്ന കമ്പനിയില്‍ നിന്ന് ലഭിച്ചേക്കില്ല. അങ്ങനെ വരുമ്പോള്‍ പുതുതായി പോളിസി എടുക്കുന്ന അവസ്ഥയാണുണ്ടാവുക. ഒരു ക്ലെയിം ഉണ്ടാവുമ്പോള്‍ ആദ്യ വര്‍ഷങ്ങളിലെ പോളിസി നിബന്ധനകള്‍ ബാധകമായതിനാല്‍ ക്ലെയിം തുക നിഷേധിക്കാനിടയുണ്ട്.
 പോളിസികള്‍ യഥാസമയം പുതുക്കാതിരുന്നാല്‍ അതില്‍ ലഭിച്ചുകൊണ്ടിരുന്ന പല ആനുകൂല്യങ്ങളും നഷ്ടപ്പെടാനിടയുണ്ട്. അതിനാല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ പോളിസി കാലാവധിക്ക് മുമ്പു തന്നെ പുതുക്കുന്നത് നല്ലതാണ്.
 വിപണിയിലുള്ള 'സ്റ്റാന്‍ഡേര്‍ഡ്' ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നതായിരിക്കും കൂടുതല്‍ ഉചിതം. കാരണം ബാങ്കുകള്‍ വഴി നല്‍കുന്ന 'സ്പെഷ്യല്‍' പോളിസികള്‍ എടുക്കുന്നവര്‍ക്ക് വിപണിയിലെ മറ്റു പോളിസികളിലേക്കു മാറാന്‍ സാധിക്കില്ല.
♦ ഒരു അസുഖം ഉണ്ടായി ആശുപത്രിയില്‍ അഡ്മിറ്റ് ആയാല്‍ ഉടനടി ഇന്‍ഷുറന്‍സ് അധികൃതരെ വിവരം അറിയിക്കണം. അതുപോലെ തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ഏഴ് ദിവസത്തിനകം ക്ലെയിം അനുബന്ധ രേഖകള്‍, ക്ലെയിം ഫോം എന്നിവ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരിക്കണം. ഇതില്‍ വീഴ്ച ഉണ്ടാവുമ്പോള്‍ കമ്പനികള്‍ ക്ലെയിം നിരസിക്കാനിടയുണ്ട്.
 ആധുനിക ചികിത്സാ രീതികള്‍ ചെയ്യുമ്പോള്‍ 10 ശതമാനം മുതല്‍ 50 ശതമാനം വരെ മാത്രമേ ക്ലെയിമുകള്‍ നല്‍കുന്നുള്ളൂ. ചില കമ്പനികളാകട്ടെ കസ്റ്റമറി ചാര്‍ജ് എന്ന പേരില്‍ ഒരു നിശ്ചിത തുക ക്ലെയിമില്‍ നിന്ന് കുറച്ചാണ് നല്‍കുന്നത്.
 ഇന്‍ഷുറന്‍സ് കമ്പനി അംഗീകരിച്ച നെറ്റ്വര്‍ക്ക് ആശുപത്രികള്‍ വഴി ചികിത്സ തേടുന്നതാണ് നല്ലത്. അതല്ലാതെ മറ്റു ആശുപത്രികളില്‍ പണം ചെലവഴിക്കുമ്പോള്‍ നമുക്ക് മുഴുവന്‍ തുകയും ലഭിക്കണമെന്നില്ല. അതുപോലെ തന്നെ പ്രധാനമാണ് ഡേകെയര്‍ ചികിത്സകളും. കഴിയുന്നതും ഇന്‍പേഷ്യന്റായി ചികിത്സിക്കുകയും ചികിത്സാ ചെലവുകള്‍ക്കൊപ്പം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് കാര്‍ഡ് സഹിതം ക്ലെയിമിനു അപേക്ഷിക്കുന്നതാണ് നല്ലത്.

സര്‍ക്കാര്‍ ഇടപെടല്‍ വേണം

ചികിത്സാ ചെലവുകള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ആശുപത്രികളെ അവയുടെ നിലവാരം അനുസരിച്ച് ഗ്രേഡ് ചെയ്യണം. ഓരോ ഗ്രേഡ് ആശുപത്രികള്‍ക്കും ഓരോ നിരക്കില്‍ ചികിത്സാ ചെലവുകള്‍ നിശ്ചയിക്കണം. മാത്രമല്ല, ഇത് പൊതുജനത്തിന്റെ അറിവിലേക്കായി വെബ്സൈറ്റിലും പ്രദര്‍ശിപ്പിക്കണം. പോളിസി ഉടമകളില്‍ നിന്നും കൂടുതല്‍ തുക ഈടാക്കുന്ന പ്രവണതയുള്ള ആശുപത്രികളെ ബ്ലാക് ലിസ്റ്റ് ചെയ്യണം. അതുപോലെ തന്നെ പ്രധാനമാണ് ആശുപത്രികള്‍ക്ക് വിവിധ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പാക്കുന്ന ക്ലെയിം തുക കൃത്യസമയത്ത് നല്‍കുക എന്നതും. ഈ മേഖലയുമായി ബന്ധപ്പെട്ട ആശുപത്രികള്‍, ക്ലെയിം തീര്‍പ്പാക്കുന്നവര്‍ എന്നിവര്‍ക്ക് ക്ലെയിം നടപടിക്രമങ്ങളില്‍ പരിശീലനം നല്‍കേണ്ടതുണ്ട്.

തെറ്റായ വിപണനമാണ് ഇന്‍ഷുറന്‍സ് മേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പൊതുജനങ്ങളാകട്ടെ ഇന്‍ഷുറന്‍സിനെ കുറിച്ച് ശരിയായ അറിവ് നേടാതെ പോളിസികള്‍ എടുക്കുകയും ചെയ്യുന്നു. ഭാവിയില്‍ ഉണ്ടാവുന്ന റിസ്‌കുകളുടെ സംരക്ഷണമാണ് പോളിസിയിലൂടെ ലഭിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ഏറ്റവുമധികം തര്‍ക്കങ്ങള്‍, കേസുകള്‍ എന്നിവ ഉണ്ടാവുന്നതും തെറ്റായ വിപണന രീതികള്‍ മൂലമാണ്. ഇതിന് തടയിടാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുന്‍കൈ എടുക്കേണ്ടതാണ്.

(എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് ലേഖകന്‍. ഫോണ്‍: 98957 68333 ഇ-മെയ്ല്‍: odatt@aimsinsurance.in)


Tags:    

Similar News