24 മണിക്കൂര്‍ അടിയന്തര മെഡിക്കല്‍ സേവനം നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി, ആദ്യഘട്ടം ഇവിടങ്ങളില്‍
പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സേവനം ലഭ്യമാക്കാം
സൊസൈറ്റി ഫോര്‍ എമര്‍ജന്‍സി മെഡിസിന്‍, കെ.എസ്.ആര്‍.ടി.സിയുമായി ചേര്‍ന്ന് 14 ഡിപ്പോകള്‍ കേന്ദ്രീകരിച്ച് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നു. പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സഹായകരമായ രീതിയില്‍ ജെറിയാട്രിക്‌സ് ഉള്‍പ്പെടെ എല്ലാ തരത്തിലുമുള്ള അത്യാഹിതങ്ങളും കൈകാര്യം ചെയ്യാന്‍ പ്രാപ്തമായ രീതിയിലാണ് എമര്‍ജെന്‍സി കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നത്. ഈ കേന്ദ്രങ്ങള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.
കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും ഭക്ഷണ ശാലകളും ആരംഭിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടൂര്‍, കാട്ടക്കട, പാപ്പനംകോട്, പെരുമ്പാവൂര്‍, എടപ്പാള്‍, ചാലക്കുടി, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ചാത്തന്നൂര്‍, അങ്കമാലി, ആറ്റിങ്ങല്‍, മൂവാറ്റുപുഴ, കായംകുളം, തൃശൂര്‍ എന്നീ 14 സ്റ്റേഷനുകളില്‍ ഇതിനായി സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനായി താത്പര്യപത്രവും ക്ഷണിച്ചിരുന്നു.