തിരിച്ച് വരുമോ കേരളത്തിന്റെ മൂന്നാം വന്ദേഭാരത്, കേന്ദ്ര മന്ത്രി നല്‍കുന്ന സൂചന ഇങ്ങനെ
ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 26 വരെയായിരുന്നു വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് നടത്തിയത്
കേരളത്തിലെ യാത്രക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കിയ വാര്‍ത്തയായിരുന്നു മൂന്നാം വന്ദേഭാരതിന്റെ വരവ്. എറണാകുളം-ബംഗളൂരു റൂട്ടില്‍ സ്‌പ്യെല്‍ ട്രെയിനായാണ് മൂന്നാം വന്ദേഭാരത് എത്തിയത്. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 26 വരെയായിരുന്നു സര്‍വീസ്. പിന്നീട് സര്‍വീസ് പുനരാരംഭിക്കണമെന്ന് പലസ്ഥലത്തു നിന്നും ആവശ്യമുയര്‍ന്നെങ്കിലും റെയില്‍വേ പരിഗണിച്ചില്ല.
ബംഗളൂരു സ്റ്റേഷനില്‍ നിന്ന് സര്‍വീസ് നടത്താനുള്ള ബുദ്ധിമുട്ട് സതേണ്‍ റെയില്‍വേ അറിയിച്ചതാണ് സര്‍വീസിന് തടസമായി റെയില്‍വേ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നല്‍കിയിരിക്കുകയാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.
കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള എം.പി ഡീന്‍ കുര്യാക്കോസാണ് വന്ദേഭാരത് ട്രെയിന്‍ റദ്ദാക്കിയതിനെ കുറിച്ച് ചോദ്യം ഉന്നയിച്ചിത്. റദ്ദാക്കുകയല്ല പകരം ഒരു പ്രത്യേക സര്‍വീസ് എന്ന നിലയിലാണ് താത്കാലികമായി അവതരിപ്പിച്ചതെന്ന് മന്ത്രി വിശദീകരിച്ചു.
ആവശ്യകത, പ്രവര്‍ത്തന ക്ഷമത, സര്‍വീസ് നടത്താനുള്ള അനുകൂല സാഹചര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് വന്ദേഭാരത് ഉള്‍പ്പെടെയുള്ള പുതിയ ട്രെയിനുകള്‍ ആരംഭിക്കുന്നതെന്നും ഇത് തുടര്‍ച്ചയായി നടന്നു വരുന്ന പ്രക്രിയയാണെന്നും അശ്വനി വൈഷ്ണവ് വിശദമാക്കി. സ്ഥിരമായി ഈ റൂട്ടിലോടുന്ന സര്‍വീസ് എന്നത് ഉദ്ദേശിച്ചിരുന്നില്ല. ഭാവിയില്‍ ആവശ്യമെന്ന് തോന്നിയാല്‍ സര്‍വീസ് സ്ഥിരപ്പെടുത്തുന്നത് അലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
വാരാന്ത്യ അവധി ദിവസങ്ങളിലുള്‍പ്പെടെ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്ന ട്രെയിനാണിത്. എറണാകുളത്ത് നിന്ന് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും ബംഗളൂരുവില്‍ നിന്ന് വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളിലുമായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. കേരളത്തില്‍ നിലവിലോടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളും ലാഭത്തിന്റെ കാര്യത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുന്നിലാണ്.