മൂന്ന് വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ? കൂടുതല്‍ നേട്ടത്തിന് പരിഗണിക്കാം ഈ 8 ബാങ്കുകള്‍

പരമാവധി 7.9 ശതമാനം വരെ പലിശയാണ് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്

Update:2024-12-04 16:10 IST

മൂന്ന് വര്‍ഷത്തേക്ക് പണം സുരക്ഷിതമായി മികച്ച നേട്ടത്തോടെ നിക്ഷേപിക്കാന്‍ ആഗ്രഹമുണ്ടോ? എന്നാല്‍ ഈ ബാങ്കുകളെ ഒന്നു നോക്കി വച്ചോളൂ. ഓഹരി, മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ നേട്ടം നല്‍കുന്നതിനാല്‍ കൂടുതല്‍ പേരും അടുത്ത കാലത്തായി ബാങ്ക് സ്ഥിര നിക്ഷേപങ്ങളോട് അത്ര താത്പര്യം കാണിക്കാറില്ല. എന്നാല്‍ നേട്ടത്തേക്കാളുപരി പണത്തിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നവര്‍ ഇപ്പോഴും സ്ഥിര നിക്ഷേപങ്ങളെ കൂട്ടു പിടിക്കാറുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് മൊത്തം നിക്ഷേപങ്ങളില്‍ സ്ഥിര നിക്ഷേപങ്ങളുടെ വിഹിതം 61.4 ശതമാനമായതായി ഐര്‍.ബി.ഐ റിസര്‍ച്ച് പറയുന്നു. ഒരു വര്‍ഷം മുമ്പ് ഇത് 59.8 ശതമാനമായിരുന്നു.

നിരക്കുകൾ താരതമ്യം ചെയ്യണം 

സ്ഥിര നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കും മുമ്പ് വിവിധ ബാങ്കുകളുടെ പലിശ നിരക്കുകള്‍ താരതമ്യം ചെയ്യുന്നത് ഉചിതമായിരിക്കും. ഒരേ കാലയളവില്‍ മിക്ക ബാങ്കുകളും സമാനമായ നിരക്കുകളാണ് നല്‍കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ചെറിയ വ്യത്യാസങ്ങളുണ്ടാകാറുണ്ട്. 0.30-0.40 ശതമാനം വ്യത്യാസമാണെങ്കില്‍ പോലും അത് സമ്പത്തില്‍ വലിയ വ്യത്യാസമുണ്ടാക്കും.
ഉദാഹരണത്തിന് 10 ലക്ഷം രൂപ അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെന്ന് കരുതുക. 0.30 ശതമാനം വ്യത്യാസം വന്നാല്‍ 15,000 രൂപയുടെ വരെ നേട്ടമുണ്ടാകും. ഇനി അത് 0.50 ശതമാനം ആണെങ്കില്‍ 25,000 രൂപ കൂടുമായിരുന്നു. അതുകൊണ്ട് വിവിധ ബാങ്കുകളുടെ നിരക്കുകള്‍ താരതമ്യം ചെയ്ത് മികച്ചത് തിരിഞ്ഞെടുക്കുക.
പിന്നെ ശ്രദ്ധിക്കേണ്ടത് കാലവധിയാണ്. കാലാവധി കൂടുന്തോറും നേട്ടം കൂടും. അല്ലെങ്കില്‍ തിരിച്ചും. സ്ഥിര നിക്ഷേപങ്ങള്‍ക്ക് മൂന്ന് വര്‍ഷക്കാലയളവില്‍ ഉയര്‍ന്ന പലിശ തരുന്ന എട്ട് ബാങ്കുകള്‍ നോക്കാം.

സ്വകാര്യ ബാങ്കുകൾ മുന്നിൽ 

സ്വകാര്യ ബാങ്കുകളാണ് ഇക്കാലയളവില്‍ കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ ഏഴ് ശതമാനം പലിശയാണ് മൂന്ന് വര്‍ഷത്തേക്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അര ശതമാനം അധിക പലിശയും നല്‍കുന്നു. കോട്ടക് മഹീന്ദ്ര ബാങ്ക് പലിശ മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.60 ശതമാനം അധികം നല്‍കുന്നുണ്ട്.

പൊതുമേഖല ബാങ്കുകളില്‍ കനറ ബാങ്കാണ് കൂടുതല്‍ പലിശ നല്‍കുന്നത്. സാധാരണ പൗരന്മാര്‍ക്ക് 7.4 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.9 ശതമാനവുമാണ് പലിശ. പഞ്ചാബ് നാഷണല്‍ ബാങ്ക് സാധാരണ പൗരന്മാര്‍ക്ക് ഏഴ് ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5 ശതമാനവും പലിശ നല്‍കുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത് 6.72 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനം പലിശയും നല്‍കും. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് വര്‍ഷ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.75 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കാണെങ്കില്‍ 7.2 ശതമാനം പലിശയും നല്‍കുന്നു.
Tags:    

Similar News