വിലക്കയറ്റ ആശങ്കയില്‍ സ്വര്‍ണം; കേരളത്തില്‍ വില ഇന്നും മേലോട്ട്

വെള്ളിയില്‍ ഇന്ന് മാറ്റമില്ല

Update:2024-06-12 11:09 IST

Image created with Microsoft Copilot

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉടന്‍ കുറയ്ക്കുമോ എന്നതിനെ കുറിച്ച് വ്യക്തമായ സൂചന ലഭിക്കാത്തത് ആഗോള സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടത്തിനിടയാക്കുന്നു. ഇന്നലെ 0.25 ശതമാനം ഉയര്‍ന്ന് ഔണ്‍സിന്‌ 2,316.27 ഡോളറിലാണ് സ്വര്‍ണം ക്ലോസ് ചെയ്തത്. ഇന്ന് രാവിലെ അല്‍പം താഴ്ന്ന് 2,315.23 ഡോളറിൽ വ്യാപാരം തുടങ്ങിയ സ്വര്‍ണം നിലവില്‍ 0.12 ശതമാനം താഴ്ന്ന് 2,313.45 ഡോളറിലാണുള്ളത്.

അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ച് ഇന്ന് കേരളത്തിലും വില ഉയര്‍ന്നു. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 6,615 രൂപയായി. പവന്‍ വില 240 രൂപ കൂടി 52,920യിലുമെത്തി.

18 കാരറ്റും വെള്ളിയും

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,500 രൂപയിലെത്തി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ കൂടുതലായി ഉപയോഗിക്കുന്നത് 18 കാരറ്റ് സ്വര്‍ണമാണ്. സ്വര്‍ണ വില ഉയരുമ്പോള്‍ തൂക്കം കുറഞ്ഞ ആഭരണങ്ങള്‍ക്ക് വിപണിയില്‍ മികച്ച ഡിമാന്‍ഡ് ഉണ്ടാകാറുണ്ട്.

വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 95 രൂപയില്‍ തുടരുന്നു.

കേരളത്തില്‍ കഴിഞ്ഞ മേയ് 20ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് ഇതു വരെയുള്ള ഏറ്റവും ഉയര്‍ന്ന സ്വർണ വില.

വില വീണ്ടും ഉയരുമോ?

അമേരിക്കയില്‍ നിന്നുള്ള പലിശ വാര്‍ത്തകളാണ് സ്വര്‍ണ വിപണിയെ പ്രധാനമായും ബാധിക്കുക. പലിശ നിരക്ക് കുറച്ചാല്‍ കടപ്പത്രങ്ങളില്‍ നിന്നുള്ള നേട്ടം കുറയും. ഇത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപര്‍ പണം മാറ്റാന്‍ ഇടയാക്കും. ഇത് സ്വര്‍ണവില ഉയര്‍ത്തും.

അതേ പോലെ വിവിധ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതും സ്വര്‍ണ വില കൂട്ടാനിടയാക്കും. കഴിഞ്ഞ വെള്ളിയാഴ്ച ചൈനയുടെ കേന്ദ്ര ബാങ്ക് സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നത് 18 മാസത്തിനു ശേഷം നിറുത്തി വച്ചത് സ്വര്‍ണ വില വാൻ തോതിൽ കുറയാന്‍ ഇടയാക്കിയിരുന്നു.  ഇതു കൂടാതെ യുദ്ധം പോലുള്ള മറ്റ് ഭൗമ-രാഷ്ട്രീയ പ്രശ്‌നങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കാറുണ്ട്.

Tags:    

Similar News