'ബജറ്റ് ആശ്വാസം' കഴിഞ്ഞു, കയറ്റം തുടര്‍ന്ന് സ്വര്‍ണം; നികുതി ഉള്‍പ്പെടെ കേരളത്തില്‍ വില ഇങ്ങനെ

വെള്ളി വില ഇന്നും മാറ്റമില്ലാതെ തുടരുന്നു

Update:2024-07-29 10:45 IST

ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിനു ശേഷം പവന് 3,560 രൂപയോളം കുറവ് രേഖപ്പെടുത്തിയ സ്വര്‍ണം വീണ്ടും ഉയര്‍ന്നു തുടങ്ങുകയാണ്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6,340 രൂപയും പവന് 120 രൂപ വര്‍ധിച്ച് 50,720 രൂപയുമായി. ശനിയാഴ്ചയും ഗ്രാമിന് 25 രൂപയുടെ വര്‍ധനയുണ്ടായിരുന്നു. പവന് 50,400 വരെ താഴ്ന്ന ശേഷമാണ് തിരിച്ചു കയറ്റം.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,245 രൂപയിലെത്തി. ബജറ്റിന് ശേഷം ഇടിഞ്ഞ വെള്ളി വില ഇന്നും മാറ്റമില്ലാതെ 89 രൂപയില്‍ തുടരുകയാണ്.

അന്താരാഷ്ട്ര വിലയില്‍ ചാഞ്ചാട്ടം
അന്താരാഷ്ട്ര വിലയ്‌ക്കൊപ്പമാണ് കേരളത്തിലും സ്വര്‍ണ വില മുന്നേറുന്നത്. വെള്ളിയാഴ്ച 0.89 ശതമാനവും ഇന്നലെ 0.48 ശതമാനവും ഉയര്‍ന്ന രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന്‌ 2,397.03 ഡോളര്‍ വരെയെത്തിയിരുന്നു. ഇന്ന് 0.05 ശതമാനം ഇടിഞ്ഞ് 2,395.76 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യു.എസ് തിരഞ്ഞെടുപ്പിനെ കുറിച്ച് കൃത്യമായ ദിശാബോധം കിട്ടാത്തതാണ് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടമുണ്ടാക്കുന്നത്
എന്നാല്‍ യു.എസില്‍ പണപ്പെരുപ്പം ആശ്വാസമായ നിലയിലായത് സെപ്റ്റംബറില്‍ തന്നെ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചനകള്‍ ശക്തമാക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ ഇത് കടപ്പത്രങ്ങളില്‍ നിന്നും മറ്റും സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റാനും വില കൂടാനും ഇടയാക്കുമെന്നാണ് വിലയിരുത്തലുകള്‍. 
ചൈനയില്‍ ഡിമാന്‍ഡ് കുറഞ്ഞതും വിലയെ ബാധിക്കാം.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വില 50,720 രൂപ. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ തുക മതിയാകില്ല. ഇന്നത്തെ പവന്‍ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 54,907 രൂപയെങ്കിലും വേണ്ടി വരും. അതായത് പവന്‍ വിലയേക്കാള്‍ 4,187 രൂപയെങ്കിലും അധികമായി കൈയില്‍ കരുതണം. ഇനി ബ്രാന്‍ഡഡ് ആഭരണങ്ങളാണ് വാങ്ങുന്നതെങ്കില്‍ 16-20 ശതമാനമൊക്കെ പണിക്കൂലി നല്‍കേണ്ടതുണ്ടെന്ന് മറക്കരുത്.
Tags:    

Similar News