കുബേരാ... 1,249 കോടി രൂപ കൂടി വേണം! കടമെടുക്കാന്‍ വീണ്ടും കേരളം; വായ്പാ പരിധിയില്‍ ഇളവ് തേടി കേന്ദ്രത്തിന് മുന്നിലും
ഇതോടെ കേരളത്തിന്റെ ഇക്കൊല്ലത്തെ ആകെ കടം 29,247 കോടി രൂപയായി വര്‍ധിക്കും
പെന്‍ഷന്‍, ശമ്പളം അടക്കമുള്ള ദൈനംദിന ചെലവുകള്‍ക്കായി കേരളം 1,249 കോടി രൂപ കൂടി കടമെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട കടപ്പത്രങ്ങളുടെ ലേലം നവംബര്‍ 19ന് നടക്കുമെന്ന് റിസര്‍വ് ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആര്‍.ബി.ഐ കോര്‍ ബാങ്കിംഗ് സംവിധാനമായ ഇ-കുബേര്‍ വഴിയാണ് ലേലം. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ഇതുവരെയുള്ള മൊത്തകടം 29,247 കോടി രൂപയാകും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ് പണം കടമെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്നും കേരളത്തിന്റെ കൈവശം പണമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്ത ദിവസം തന്നെയാണ് കേരളം കടമെടുക്കാന്‍ തീരുമാനിച്ചത്.
മൊത്തകടം ₹29,247 കോടി!
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 37,512 കോടി രൂപ കേരളത്തിന് കടമെടുക്കാം. ഇതില്‍ 21,253 കോടി രൂപ മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലും ബാക്കിയുള്ളത് അടുത്ത കലണ്ടര്‍ വര്‍ഷത്തിലെ ജനുവരി മുതല്‍ മാര്‍ച്ച് വരെയും എടുക്കാം. ഡിസംബര്‍ വരെ അനുവദിച്ച തുക സെപ്റ്റംബര്‍ രണ്ടിന് തന്നെ കേരളം എടുത്തുതീര്‍ത്തു. ഓണക്കാലത്തെ ചെലവുകള്‍ പ്രതിസന്ധിയിലാകുമെന്ന് കണ്ടതോടെ അര്‍ഹമായ വിഹിതത്തില്‍ നിന്നും കൂടുതല്‍ തുക കടമെടുക്കാന്‍ കേരളം അനുമതി തേടി. തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായി 4,245 കോടിയും ഒക്ടോബര്‍ 29ന് 1,500 കോടിയും നവംബര്‍ അഞ്ചിന് 1,000 കോടിയും രൂപ കേരളം കടമെടുത്തു. ഇതോടെ സംസ്ഥാനത്തെ ഇക്കൊല്ലത്തെ മൊത്തകടം 29,247 കോടി രൂപയായി.
ബാക്കി മാസങ്ങളില്‍ എന്തുചെയ്യും?
നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച തുകയില്‍ നിന്നും ഇനി ബാക്കിയുള്ളത് 8,265 കോടി രൂപ മാത്രമാണ്. നിലവിലെ സാഹചര്യത്തില്‍ ഒരുമാസത്തെ കേരളത്തിന്റെ വരവ് 12,000 കോടി രൂപയും ചെലവ് 15,000 കോടി രൂപയുമാണ്. ഒരു മാസം 3,000 കോടിയോളം രൂപ മറ്റ് മാര്‍ഗങ്ങളിലൂടെ കണ്ടെത്തിയാല്‍ മാത്രമേ കേരളത്തിന് ശമ്പളം, പെന്‍ഷന്‍ അടക്കമുള്ള ഏറ്റുപോയ ചെലവുകള്‍ (Committed Expenses) കൊടുത്തുതീര്‍ക്കാന്‍ കഴിയൂ. അടുത്ത മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ഒരു മാസം ശരാശരി 2,000 കോടി രൂപ മാത്രമാണ് കേരളത്തിന് വായ്പയെടുക്കാന്‍ സാധിക്കുന്നത്.
കൂടുതല്‍ സഹായം തേടി കേരളം
അതിനിടെ കൂടുതല്‍ വായ്പയെടുക്കാന്‍ അനുമതി തേടി കേരളം വീണ്ടും കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. ജി.എസ്.ടി നഷ്ടപരിഹാരവും റവന്യൂ ഡെഫിസിറ്റ് ഗ്രാന്റുമടക്കം അവസാനിച്ചതിന് പുറമെ കടമെടുപ്പിലും സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് കത്തെഴുതിയത്. വയനാട് ദുരന്തത്തിന്റെ അടിയന്തര പശ്ചാത്തലം കൂടി പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. വായ്പാ പരിധി വെട്ടിക്കുറച്ചതിലൂടെ 4,711 കോടി രൂപ കേരളത്തിന് നഷ്ടമുണ്ടായതായി കത്തില്‍ ആരോപിക്കുന്നു. ഇത് പുനപരിശോധിച്ച് നടപ്പു സാമ്പത്തിക വര്‍ഷത്തിലും അടുത്ത വര്‍ഷവും 4,711 കോടി രൂപ അധിക വായ്പയെടുക്കാന്‍ അനുവദിക്കണം. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള കേന്ദ്രവിഹിതം ബ്രാന്‍ഡിംഗിന്റെ പേരില്‍ തടയുന്നത് അവസാനിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
6 സംസ്ഥാനങ്ങളുടെ കടമെടുപ്പ് ₹9,349 കോടി
നവംബര്‍ 19ന് കേരളം അടക്കമുള്ള 6 സംസ്ഥാനങ്ങള്‍ കടമെടുക്കുന്നത് 9,349 കോടി രൂപയാണെന്നും റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. 3,000 കോടി രൂപ കടമെടുക്കുന്ന ഉത്തര്‍പ്രദേശാണ് കൂട്ടത്തില്‍ മുന്നില്‍. തമിഴ്‌നാടും ബീഹാറും 2,000 കോടി വീതവും ഒഡിഷ 1,000 കോടിയും ഗോവ 100 കോടിയും കടമെടുക്കും.