കേരളത്തിലെ കല്യാണ വീടുകളില്‍ സന്തോഷം വിതറി ട്രംപ്, സ്വര്‍ണ വില താഴ്ച തുടരുമോ?
ഈ മാസം ഇതു വരെ 3,600 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയിലെ വീഴ്ച തുടരുന്നു. ഇന്നലെ നേരിയ കയറ്റം കാഴ്ച വച്ച സ്വര്‍ണം വീണ്ടും ഇറക്കത്തിലേക്കെന്ന സൂചനയാണ് ഇന്ന് നല്‍കുന്നത്. ഗ്രാം വില ഇന്ന് 10 രൂപ കുറഞ്ഞ് 6,935 രൂപയായി. പവന്‍ വില 80 രൂപ കുറഞ്ഞ് 55,480 രൂപയുമായി. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സ്വര്‍ണ വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 5,720 രൂപയായി കുറഞ്ഞു. ഇന്ന് താഴ്ന്നത് 90 രൂപയാണ്. വെള്ളിവില ഒരു രൂപ കുറഞ്ഞ് 97 രൂപയില്‍ എത്തി.
എന്താണ് കാരണം?
ആഗോള വിലയ്ക്ക് അനുസരിച്ചാണ് ഇന്ത്യയിലും വില താഴുന്നത്. യു.എസ് തിരഞ്ഞെടുപ്പ് മുതല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം വരെ നിരവധി കാര്യങ്ങള്‍ കഴിഞ്ഞ മാസം സ്വര്‍ണ വിലയെ റെക്കോഡിലെത്തിച്ചിരുന്നു. തുടര്‍ന്ന് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി വരുമെന്നുറപ്പിച്ചതോടെയാണ് സ്വര്‍ണ വില താഴേക്ക് പതിച്ചത്. ട്രംപിന്റെ നയങ്ങളില്‍ വിവിധ മേഖലകളിലെ സംഘര്‍ഷങ്ങള്‍ക്ക് അയവു വരുമെന്ന പ്രതീക്ഷയാണ് കാരണം. അതുവരെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം നടത്തിയിരുന്ന നിക്ഷേപകര്‍ കൂട്ടത്തോടെ മറ്റ് നിക്ഷേപമാര്‍ഗങ്ങളിലേക്ക് തിരിഞ്ഞു. യു.എസ് ട്രഷറി നിക്ഷേപങ്ങള്‍ കൂടുതല്‍ ആദായകരമായി മാറിയതും കാരണമാണ്.
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന നവംബര്‍ അഞ്ചുമുതലാണ് രാജ്യാന്തര വിലയില്‍ വീഴ്ചയ്ക്ക് വേഗം കൂടിയത്. കഴിഞ്ഞ ഒക്ടോബര്‍ 31ന് ഔണ്‍സിന് 2,790 ഡോളര്‍ വരെ എത്തി റെക്കോഡ് തൊട്ട സ്വര്‍ണ വില ഇപ്പോള്‍ 2,561 ഡോളറിലാണ്. നവംബര്‍ അഞ്ചിന് ശേഷം സ്വര്‍ണ വിലയില്‍ 6.40 ശതമാനത്തിന്റെ ഇടിവുണ്ടായി. 213 ഡോളറോളമാണ് വില ഇടിഞ്ഞത്.
ഇന്നൊരു പവൻ ആഭരണത്തിന് വില
കേരളത്തില്‍ ഈ മാസം ഇതുവരെ പവന്‍ വിലയില്‍ 3,600 രൂപയുടെ കുറവുണ്ടായി. വിവാഹപര്‍ച്ചേസുകാര്‍ക്കും കച്ചവടക്കാര്‍ക്കും ആശ്വാസമാണ് ഈ കുറവ്. നവംബര്‍ ഒന്നിന് പവന് വില 59,080 രൂപയായിരുന്നു. ഇത് പടിപടിയായിട്ടാണ് താഴേക്ക് വന്നത്. പവന്‍ വില 50,000ത്തിലേക്ക് എത്തുമോ എന്നാണ് ഇപ്പോള്‍ സ്വര്‍ണാഭരണ പ്രേമികള്‍ ഉറ്റു നോക്കുന്നത്.
ഇന്നൊരു പവന്‍ സ്വര്‍ണാഭരണത്തിന് വില 55,840 രൂപയാണെങ്കിലും കടയില്‍ നിന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും അടക്കം 60,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ആഭരണങ്ങള്‍ക്ക് അനുസരിച്ച് പണിക്കൂലി വ്യത്യസ്തമായതിനാല്‍ ഈ നിരക്ക് കൂടിയും കുറഞ്ഞുമിരിക്കും.