കേരളത്തില്‍ സ്വര്‍ണവില തിരിച്ചു കയറുന്നു, വെള്ളിയില്‍ ഇറക്കം
ഇന്നൊരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ എത്ര രൂപ നല്‍കണം? റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങല്‍ തുടരുന്നു
ശനിയാഴ്ചത്തെ വന്‍ വീഴ്ചയ്ക്ക് ശേഷം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് വീണ്ടും മുകളിലേക്ക്. കേരളത്തില്‍ ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6,585 രൂപയായി. പവന് 120 രൂപ വര്‍ധിച്ച് 52,680 രൂപയുമായി.
ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 22 കാരറ്റ് സ്വര്‍ണ വിലയും കൂടി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,480 രൂപയിലെത്തി. ശനിയാഴ്ച മൂന്ന് രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ വെള്ളി വില ഇന്നും കുറഞ്ഞു. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 95 രൂപയിലെത്തി.
ജൂണ്‍ ഏഴിന് രേഖപ്പെടുത്തിയ 54,080 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില. അതേ സമയം കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില മെയ് 20ലേതാണ്. അന്ന് ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമായിരുന്നു വില.
അന്താരാഷ്ട്ര വിലയ്‌ക്കൊപ്പം
അന്താരാഷ്ട്ര സ്വര്‍ണ വിലയിലുണ്ടായ മുന്നേറ്റമാണ് ഇന്ന് കേരളത്തിലും പ്രതിഫലിച്ചത്. ഇന്നലെ സ്വര്‍ണ വില വര്‍ധിച്ച് ഔണ്‍സിന് 2,311.20 ഡോളറിലെത്തിയിരുന്നു. ഇന്ന് രാവിലെ 2,303 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.
റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ ശേഖരം മേയില്‍ നാല് ടണ്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് പ്രതിവാര കണക്കുകള്‍ കാണിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് റിസര്‍വ് ബാങ്ക് സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നത്. ഇതോടെ ഈ വര്‍ഷം ഇതുവരെയുള്ള സ്വര്‍ണം വാങ്ങല്‍ 28 ടണ്‍ ആയി. റിസര്‍വ് ബാങ്കിന്റെ മൊത്തം സ്വര്‍ണ ശേഖരം 831 ടണ്‍ ആണ്. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ ശേഖരം ഉയര്‍ത്തുന്നതും സ്വര്‍ണവില വര്‍ധിക്കാന്‍ ഇടയാക്കാറുണ്ട്.
ഇന്നൊരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,680 രൂപയാണ്. പക്ഷെ അത്രയും രൂപ നല്‍കിയാല്‍ ഒരു പവന്‍ ആഭരണം വാങ്ങാനാകില്ല. ഒരു പവന്‍ സ്വര്‍ണവിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, ഇവയ്ക്ക് മേൽ മൂന്ന് ശതമാനം ജി.എസ്.ടിയും 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് ഫീസ് എന്നിവ ഉള്‍പ്പെടെ 57,027 രൂപയെങ്കിലും കൊടുത്താലെ ഒരു പവന്‍ സ്വര്‍ണം വാങ്ങാനാകൂ. വിവിധ ആഭരണശാലകള്‍ക്കനുസരിച്ചും പണിക്കൂലിയില്‍ വ്യത്യാസം വരും. ജെയ്പൂര്‍, ആന്റിക് ആഭരണങ്ങള്‍ക്ക് ഉയര്‍ന്ന പണിക്കൂലിയാണ് ഈടാക്കുന്നത്. ബ്രാന്‍ഡഡ് സ്വര്‍ണാഭരണങ്ങള്‍ക്കും പണിക്കൂലി കൂടുതലാണ്.