വെടി പൊട്ടില്ലെന്നായപ്പോള്‍ സ്വര്‍ണം ദേ, താഴെ! കേരളത്തില്‍ പവന് വന്‍ വിലത്താഴ്ച

രണ്ട് ദിനം കൊണ്ട് 1,760 രൂപ കുറഞ്ഞു, അന്താരാഷ്ട്ര വിലയില്‍ 2020 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റത്തവണ ഇടിവ്

Update:2024-11-26 10:19 IST

Image by Canva

സംസ്ഥാനത്ത് സ്വര്‍ണ വില രണ്ട് ദിവസം കൊണ്ട് പവന് 1,760 രൂപ കുറഞ്ഞു. ഇന്ന് ഗ്രാമിന് 120 രൂപ കുറഞ്ഞ് 7,080 രൂപയും പവന് 960 രൂപകുറഞ്ഞ് 56,640 രൂപയുമായി. കഴിഞ്ഞയാഴ്ച മുഴവന്‍ മുന്നേറ്റം കാണിച്ച സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിനമാണ് താഴുന്നത്. ഇന്നലെ പവന് 800 രൂപ കുറഞ്ഞിരുന്നു.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 90 രൂപ കുറഞ്ഞ് 5,850 രൂപയിലാണ് വ്യാപാരം. വെള്ളി വിലയും താഴേക്കാണ്. കഴിഞ്ഞ മൂന്ന് ദിവസം അനക്കമില്ലാതിരുന്നതിനു ശേഷം ഇന്ന് ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 96 രൂപയിലെത്തി.

വില ഇടിയാൻ കാരണം 

ഇസ്രായേല്‍-ലെബനന്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞത്. വാര്‍ത്തയ്ക്ക് പിന്നാലെ 2020 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവാണ് അന്താരാഷ്ട്ര സ്വര്‍ണ വിലയിലുണ്ടായത്. ഇന്നലെ 2,715 ഡോളറില്‍ വ്യാപാരം തുടങ്ങിയ സ്വര്‍ണം 3.22 ശതമാനം ഇടിഞ്ഞ് 2,625 രൂപയിലേക്ക് കൂപ്പു കുത്തി. ഇന്ന് 2,631 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ട്രഷറി സെക്രട്ടറിയായി സ്‌കോട്ട് ബെസനെ പ്രസിഡന്റ് ട്രംപ് തിരഞ്ഞെടുത്തതും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ തിരുത്തലിനിടയാക്കി. പലിശ നിരക്ക് ഉയര്‍ത്തുന്ന രീതി പിന്തുടരുന്ന ആള്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രശസ്തിയാണ് വില കുറയാന്‍ ഇടയാക്കിയത്.
അതേസമയം, ഡോളര്‍ സൂചികയിലെ കനത്ത തിരുത്തലും യു.എസ് കടപ്പത്രങ്ങളുടെ കുറഞ്ഞ നേട്ടവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണ വിലയ്ക്ക് പിന്തുണയേകുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. ഇതിനൊപ്പം റഷ്യ-യുക്രൈന്‍ യുദ്ധ സമ്മര്‍ദ്ദവും വില ഉയരത്തിലേക്ക് നീങ്ങാന്‍ കാരണമായി നില്‍ക്കുന്നുണ്ട്.

ഇന്ന് ഒരു പവന്‍ ആഭരണത്തിന് വില ഇങ്ങനെ

സ്വര്‍ണ വിലയിലെ കുറവ് വിവാഹ പര്‍ച്ചേസുകാര്‍ക്കും മറ്റും നേട്ടമാണ്. കുറഞ്ഞ വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഇന്ന് ഒരു പവന്റെ വില 56,640 രൂപയാണെങ്കിലും ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ തുക പോര. ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം ഹോള്‍മാര്‍ക്കിംഗ് ചാര്‍ജും നികുതികളും കൂടാതെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേര്‍ത്താല്‍ 61,309 രൂപയുണ്ടെങ്കിലെ ആഭരണം വാങ്ങാനാകു. ആഭരണങ്ങള്‍ക്കനുസരിച്ച് പണിക്കൂലി വ്യത്യാസം വരും. ഇത് വിലയിലും പ്രതിഫലിക്കും.

Tags:    

Similar News