സഹകരണ സംഘങ്ങളെ അട്ടിമറിച്ച് കേരള ബാങ്ക്, സ്ഥിര നിക്ഷേപ പലിശ കൂട്ടി
ഭവന വായ്പയുള്‍പ്പെടെ 14 ഇനം വായ്പകളുടെ നിരക്ക് അടുത്തിടെ മുക്കാല്‍ ശതമാനം വര്‍ധിപ്പിച്ചിരുന്നു
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ച് കേരള ബാങ്ക്. ഒന്നു മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപത്തിന് 8.25 ശതമാനമാണ് പുതുക്കിയ നിരക്ക്. 15 ദിവസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ളവയ്ക്ക് 6 ശതമാനവും 45 മുതല്‍ 50 ദിവസം വരെയുള്ള നിക്ഷേപത്തിന് 6.50 ശതമാനവുമാണ് നിരക്ക്. 91 മുതല്‍ 179 ദിവസം വരെയുള്ള നിക്ഷേപത്തിന് 7.25 ശതമാനവും 180 ദിവസം മുതല്‍ 364 ദിവസം വരെയുള്ള നിക്ഷേപത്തിന് 7.50 ശതമാനവും പലിശ ലഭിക്കും. രണ്ട് വര്‍ഷത്തില്‍ കൂടുതലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8 ശതമാനമാണ്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് എല്ലാ കാലയളവുകളിലും അര ശതമാനം കൂടുതല്‍ പലിശ ലഭിക്കും. ഈ മാസം 19 മുതലുള്ള നിക്ഷേപങ്ങള്‍ക്ക് പുതിയ നിരക്ക് ബാധകമാകും.
ഒപ്പത്തിനൊപ്പം
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ പലിശ നിരക്കിന് സമാനമാണ് ഇപ്പോള്‍ കേരള ബാങ്കിന്റെയും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക്. മുന്‍പ് ജില്ലാ സഹകരണ ബാങ്കായിരുന്നപ്പോഴും പിന്നീട് കേരള ബാങ്കായപ്പോഴും പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളേക്കാള്‍ അര ശതമാനം പലിശ കുറവായിരുന്നു കേരള ബാങ്ക് നല്‍കിയത്. പ്രാഥമിക സഹകരണ സംഘങ്ങളിലേക്ക് നിക്ഷേപം ആകര്‍ഷിക്കാനായി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ച നടപടിയാണിത്. എന്നാല്‍ ഇപ്പോള്‍ ഈ ധാരണ പാടെ അട്ടിമറിച്ചുകൊണ്ടാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
സഹകരണ സംഘങ്ങൾക്ക് തിരിച്ചടി
എം.എസി.എല്‍.ആര്‍ നിരക്കില്‍ മാറ്റം വരുത്തിയതോടെ ഭവന വായ്പയുള്‍പ്പെടെ 14 ഇനം വായ്പകളുടെ നിരക്ക് കേരള ബാങ്ക് അടുത്തിടെ മുക്കാല്‍ ശതമാനം വര്‍ധിപ്പിച്ചിരുന്നു. മറ്റ് ബാങ്കുകളെ അപേക്ഷിച്ച് നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കുന്നത് വലിയ നഷ്ടത്തിനിടയാക്കുന്നുണ്ടെന്നായിരുന്നു നിരക്ക് വർധനയ്ക്ക് കാരണമായി ബാങ്ക് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചതോടെ വിപരീതമായ നീക്കമാണ് ബാങ്ക് നടത്തിയിരിക്കുന്നത്. സംസ്ഥാന സഹകരണ ബാങ്ക് രജിസ്ട്രാറാണ് കേരള ബാങ്കിന്റെ പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നത്. എന്നാല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് ഇപ്പോള്‍ വായ്പയുടേയും സ്ഥിര നിക്ഷേപങ്ങളുടെയും പലിശ ഉയര്‍ത്തി ഉത്തരവിട്ടിരിക്കുന്നത്.
പലിശ തുല്യമായതോടെ ചെറിയ സംഘങ്ങളിൽ നിന്നും പണം പിൻവലിച്ചു കേരള ബാങ്കിലേക്ക് നിക്ഷേപിക്കാൻ നിക്ഷേപകർ ശ്രമിക്കാൻ ഇടയുണ്ട്. ഇത് സഹകരണ സംഘങ്ങൾക്ക് തിരിച്ചടിയാകും .