സ്വര്‍ണക്കുതിപ്പ് 59,000ല്‍! ഇത് സര്‍വകാല റെക്കോഡ്; ഇനിയും ഉയരാന്‍ കാരണങ്ങളുണ്ട്

വെള്ളി വിലയ്ക്കും ഇന്ന് അനക്കം വച്ചു

Update:2024-10-29 10:36 IST

Image by Canva

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് സര്‍വകാല ഉയരത്തില്‍. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7,375 രൂപയും പവന്‍ വില 480 രൂപ ഉയര്‍ന്ന് 59,000 രൂപയിലുമെത്തി. ആദ്യമായാണ് സ്വര്‍ണ വില  59,000 എന്ന മാന്ത്രിക സംഖ്യ തൊടുന്നത്.

ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6,075 രൂപയിലെത്തി. രണ്ട് ദിവസമായി അനക്കമില്ലാതെ തുടര്‍ന്ന വെള്ളി ഇന്ന് ഗ്രാമിന് ഒരു രൂപ കൂടി 105 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
ദീപാവലിയും വിവാഹ സീസണും വരുന്നതിനിടയില്‍ സ്വര്‍ണത്തിന്റെ ഈ
 കയറ്റം ഉപയോക്താക്കളെയും കച്ചവടക്കാരെയും ഒരുപോലെ തൃശങ്കുവിലാക്കുന്നുണ്ട്. കഴിഞ്ഞ ദീപാവലിക്കാലം മുതല്‍ ഇത് വരെ 32 ശതമാനത്തിലധികമാണ് സ്വര്‍ണ വിലയിലുണ്ടായ വര്‍ധന.2023 നവംബര്‍ 11ന് പവന്‍ വില 44,440 രൂപയായിരുന്നു. അതാണ് ഇപ്പോള്‍ 59,000 രൂപയിലെത്തിയിരിക്കുന്നത്.
ദീപാവലിയോടനുബന്ധിച്ച് പല ജുവലറികളും സ്വര്‍ണാഭരണങ്ങള്‍ക്ക് ഓഫറുകള്‍ നല്‍കുന്നുണ്ട്. വില അനുദിനം ഉയരുന്നത് കച്ചവടക്കാര്‍ക്കും തിരിച്ചടിയാണ്. ഉയരുന്ന വിലയ്ക്ക് സ്വര്‍ണം എടുക്കേണ്ടി വരുന്നുണ്ട്. സാധാരണ ദീപാവലിക്കാലത്ത് സ്വര്‍ണം വാങ്ങാന്‍ ആളുകളുടെ കുതിപ്പ് ഉണ്ടെങ്കിലും ഇത്തവണ അത അത്ര ദൃശ്യമല്ല. ചെറിയ വിലയില്‍ നില്‍ക്കുന്ന ആഭര
ങ്ങള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ ഡിമാന്‍ഡ്.

ആഗോള വിപണിയിലെ ചാഞ്ചാട്ടം

 രാജ്യന്തര വിലയ്‌ക്കൊപ്പമാണ് കേരളത്തിലും സ്വര്‍ണം നീങ്ങുന്നത്. ഒക്ടോബര്‍ 23ന് ഔണ്‍സിന് 2,758 ഡോളര്‍ എന്ന സർവകാല ഉയരം തൊട്ട ശേഷം താഴ്ന്ന സ്വര്‍ണ വില ഇപ്പോള്‍ വീണ്ടും കയറുകയാണ്. ഇന്ന് രാവിലെ 0.30 ശതമാനം ഉയര്‍ന്ന് വില 2,750.10 രൂപയിലേക്ക് തിരിച്ചു കയറി. സമീപ ഭാവിയില്‍ തന്നെ ഔണ്‍സ് വില 3,000 ഡോളര്‍ കടന്നേക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

കാരണങ്ങള്‍ പലത്

അമേരിക്കയില്‍ നവംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വങ്ങള്‍ മുതല്‍ നിരവധി കാരണങ്ങളാണ് സ്വര്‍ണവിലയെ ബാധിക്കുന്നത്.
യു.എസില്‍ അടുത്ത മാസത്തോടെ പലിശ നിരക്ക് കുറയ്ക്കുമോ എന്നതാണ് നിരീക്ഷകര്‍ ഉറ്റു നോക്കുന്ന ഒരു സുപ്രധാന കാര്യം. യു.എസ് കൂടാതെ മറ്റ് പല രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളും പലിശ നിരക്ക് കുറയ്ക്കുന്നുണ്ട്.
പലിശ നിരക്ക് കുറഞ്ഞാല്‍ കടപ്പത്രങ്ങളും മറ്റും ആകര്‍ഷകമല്ലാതാക്കുകയും സ്വര്‍ണത്തിലേക്ക് നിക്ഷേപം ഒഴുക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുകയും ചെയ്യും. ഇത് സ്വര്‍ണ വിലയെയും ഉയര്‍ത്തും.
പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ മൂര്‍ച്ചിക്കുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ ഉയര്‍ത്തും.
ഇതിനൊപ്പം 
കേന്ദ്രബാങ്കുകള്‍
 കരുതല്‍ ശേഖരമായി സ്വര്‍ണ നിക്ഷേപം വര്‍ധിപ്പിക്കുന്നതും വില ഉയര്‍ത്താന്‍ ഇടയാക്കും.

ഇന്ന് ഒരു പവന്‍ ആഭരണത്തിന് വില

കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞത് അഞ്ചു ശതമാനം പണിക്കൂലി, മൂന്നു ശതമാനം ജിഎസ്ടി, എച്ച്.യു.ഐ.ഡി ചാര്‍ജുകള്‍ എന്നിവയും ചേര്‍ത്ത് 63,862 രൂപ ചെലവഴിക്കണം. പണിക്കൂലി 10 ശതമാനം കണക്കാക്കിയാല്‍ ഇത് 66,900 രൂപയുമാകും. ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ചാണ് പണിക്കൂലി വ്യത്യാസപ്പെടുന്നത്.


Tags:    

Similar News