₹8,000 കോടിക്ക് കൂടി അനുമതി, കേരളം ചൊവ്വാഴ്ച ₹2,500 കോടി കടമെടുക്കും! സര്‍ക്കാര്‍ കടപ്പത്രത്തില്‍ എങ്ങനെ നിക്ഷേപിക്കാം?
17,600 കോടി രൂപ കേരളം ആവശ്യപ്പെട്ടെങ്കിലും 8,000 കോടി രൂപയാണ് അനുവദിച്ചത്, അവസാന മാസങ്ങളില്‍ ആശങ്ക;
കേരളത്തിന് 8,000 കോടി രൂപ കൂടി കടമെടുക്കാന്‍ അനുമതി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്ന് മാസത്തേക്ക് 17,600 കോടി രൂപ കടമെടുക്കാന്‍ അര്‍ഹതയുണ്ടെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പബ്ലിക് അക്കൗണ്ടും ആഭ്യന്തര വരുമാനവും കണക്കാക്കിയതിലെ തിരുത്തലുകള്‍ക്ക് അനുസരിച്ചാണ് ഈ തുക കേരളം ആവശ്യപ്പെട്ടത്. വൈദ്യുത മേഖലയിലെ പരിഷ്‌ക്കരണങ്ങള്‍ക്ക് എടുത്ത 6,250 കോടി രൂപയുടെ അധിക വായ്പ അടക്കമുള്ളതാണ് ഈ തുക. എന്നാല്‍ പകുതിയില്‍ താഴെ മാത്രമാണ് അനുമതി നല്‍കിയത്. കാരണവും വിശദീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പുനപരിശോധന വേണമെന്ന് ആവശ്യപ്പെട്ട് കേരളം വീണ്ടും കത്ത് നല്‍കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബറിന് ശേഷം 13,608 കോടി രൂപ കടമടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.
2,500 കോടി കടമെടുക്കും
അതിനിടെ പൊതുവിപണിയില്‍ നിന്ന് കേരളം 2,500 കോടി രൂപ കൂടി കടമെടുക്കും. ചൊവ്വാഴ്ചയാണ് കടപ്പത്രങ്ങളുടെ ലേലം നടക്കുകയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. 2025ലെ ആദ്യ കടമെടുപ്പാണിത്. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആകെ കടം 34,502 കോടി രൂപയായി വര്‍ധിക്കും. കേരളമുള്‍പ്പെടെ 10 സംസ്ഥാനങ്ങള്‍ പൊതുവിപണിയില്‍ നിന്ന് കടമെടുക്കുന്നത് 17,919 കോടി രൂപയാണ്. 5,000 കോടി രൂപ കടമെടുക്കുന്ന മഹാരാഷ്ട്രയാണ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്.
കണക്കില്‍ ആശങ്ക
അതേസമയം, കടമെടുപ്പ് പരിധി വര്‍ധിപ്പിച്ചില്ലെങ്കില്‍ ശേഷിക്കുന്ന മാസങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയും ശക്തമാണ്. പദ്ധതി ചെലവുകള്‍ 50 ശതമാനം വരെ വെട്ടിച്ചുരുക്കിയും ജീവനക്കാരുടെ ആനുകൂല്യങ്ങളും ക്ഷേമപെന്‍ഷനും ഉള്‍പ്പെടെ കുടിശികയാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം എല്ലാ മാസവും ക്ഷേമപെന്‍ഷന്‍ നല്‍കുമെന്നും അതിനൊപ്പം കുടിശിക തീര്‍ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചെങ്കിലും അതും നടന്നില്ല. ദൈനംദിന ചെലവുകള്‍ക്കായി ഒരു മാസം 15,000 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് വേണ്ടി വരുമെന്നാണ് കണക്ക്. 12,000 കോടി രൂപയാണ് കേരളത്തിന്റെ ശരാശരി വരുമാനം. ബാക്കിയുള്ള തുക കടമെടുപ്പിലൂടെയാണ് കണ്ടെത്തുന്നത്. അവസാന മാസങ്ങളില്‍ ചെലവ് വര്‍ധിക്കുമെന്നതിനാല്‍ ഈ തുക മതിയായെന്ന് വരില്ലെന്നതാണ് ആശങ്ക.
കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാന്‍ അവസരം
വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണത്തിനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് സംസ്ഥാന സര്‍ക്കാരുകള്‍ കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നത്. സ്റ്റേറ്റ് ഡെവലപ്‌മെന്റ് ലോണ്‍ (എസ്.ഡി.എല്‍) എന്ന പേരില്‍ അറിയപ്പെടുന്ന ഇവ സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളിലൊന്ന് കൂടിയാണ്. സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ളതിനാല്‍ റിസ്‌ക് കുറവാണെന്ന് അര്‍ത്ഥം. ഓരോ സംസ്ഥാനത്തിനും അനുവദിച്ച പരിധി അനുസരിച്ചാണ് വായ്പ എടുക്കല്‍. പലിശ നിശ്ചയിക്കുന്നത് റിസര്‍വ് ബാങ്കാണ്. എല്ലാ വര്‍ഷവും രണ്ട് തവണ പലിശ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപിച്ച തുകയും തിരികെ ലഭിക്കും.
എങ്ങനെ നിക്ഷേപിക്കും
നേരത്തെ ബാങ്കുകള്‍ക്കും വന്‍കിട സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ലഭ്യമായിരുന്ന ഇവ നിലവില്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കും റിസര്‍വ് ബാങ്കിന്റെ റീട്ടെയില്‍ ഡയറക്ട് സ്‌കീം വഴി വാങ്ങാവുന്നതാണ്. ഇത് കൂടാതെ ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകള്‍ വഴിയും ഇവ വാങ്ങാം. 19 വര്‍ഷ കാലയളവിലേക്കാണ് കേരളത്തിന്റെ 2,500 കോടി രൂപയുടെ കടപത്രങ്ങള്‍ ചൊവ്വാഴ്ച ലേലം ചെയ്യുന്നത്. റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സൊല്യൂഷ്യനായ ഇ-കുബേര്‍ വഴിയാണ് ലേലം.