കേരള സ്റ്റാര്‍ട്ടപ്പ് ബിയോണ്ട് സ്‌നാക്കിന് ₹70 കോടിയുടെ ഫണ്ടിംഗ്, കൂടുതല്‍ വിപണികളിലേക്ക് കടക്കാന്‍ ഒരുക്കം

നിലവിലെ നിക്ഷേപകരായ നാബ് വെഞ്ച്വേഴ്‌സ് സ്റ്റാര്‍ട്ടപ്പിലെ ഓഹരി പങ്കാളിത്തം കൂട്ടി;

Update:2025-01-09 13:52 IST

Manas Madhu, Image Courtesy: Dhanam Business Media

കേരളത്തിന്റെ സ്വന്തം കായവറുത്തതിനെ പുതിയ ബ്രാന്‍ഡാക്കി അവതരിപ്പിച്ച് ശ്രദ്ധ നേടിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബിയോണ്ട് സ്‌നാക്ക്‌ 8.3 മില്യണ്‍ ഡോളറിന്റെ (ഏകദേശം 70 കോടി രൂപ) ഫണ്ടിംഗ് നേടി. റെക്കിറ്റ് ബെങ്കൈസറിന്റെ (Reckitt Benckiser) മുന്‍ ഗ്ലോബല്‍ സി.ഇ.ഒ രാകേഷ് കപൂര്‍ സ്ഥാപിച്ച 12 ഫ്‌ളാഗ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന സീരീസ് എ ഫണ്ടിംഗിലാണ് ബിയോണ്ട് സ്‌നാക്ക്‌ ഫണ്ടിംഗ് കരസ്ഥമാക്കിയത്. നിലവിലെ നിക്ഷേപകരായ നാബ് വെഞ്ച്വേഴ്‌സും ഫണ്ടിംഗില്‍ പങ്കെടുത്ത് സ്റ്റാര്‍ട്ടപ്പിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്തി. ജാപ്പനീസ് വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ എന്റിഷന്‍ ഇന്ത്യ ക്യാപിറ്റല്‍, ഫാഡ് നെറ്റ്‌വര്‍ക്ക് ഉള്‍പ്പെടെയുള്ള നിലവിലുള്ള മറ്റ് നിക്ഷേപകർ എന്നിവരും ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തു. 

2023ലെ ധനം റീറ്റെയ്ല്‍ സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍-2023 പുരസ്‌കാരവും മാനസ് മധു നേടിയിരുന്നു.

വിപുലീകരണത്തിന് 

സ്റ്റാര്‍ട്ടപ്പിന്റെ വിപുലീകരണത്തിനും പുതിയ മേഖലകളിലേക്ക് കടക്കുന്നതിനും പ്രോഡക്ട് ഇന്നവേഷന്‍ വേഗത്തിലാക്കാനും വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്താനുമാണ് ഫണ്ടിംഗ് പ്രയോജനപ്പെടുത്തുകയെന്ന് ബിയോണ്ട് സ്‌നാക്‌സ് സ്ഥാപകന്‍ മാനസ് മധു പറഞ്ഞു.

Full View

ഇതിനു മുമ്പ് നാബ് വെഞ്ച്വേഴ്‌സ്, 100എക്‌സ് വി.സി, ഫാഡ് നെറ്റ്‌വര്‍ക്ക്, മറ്റ് ഏയ്ഞ്ചല്‍ നിക്ഷേപകര്‍ എന്നിവരില്‍ നിന്ന് ബിയോണ്ട് സ്‌നാക്‌സ് 40 ലക്ഷം ഡോളറിന്റെ 
(ഏകദേശം 34 കോടി രൂപ)
 നിക്ഷേപം നേടിയിരുന്നു. ജ്യോതി രാജ്ഗുരു, ഗൗതം രഘുരാമന്‍ എന്നിവരുമായി ചേര്‍ന്നാണ് മാനസ് മധു 2020ല്‍ കേരളത്തിന്റെ കായ ഉപ്പേരിയെ പുതിയ രുചിഭേദങ്ങളില്‍ ബ്രാന്‍ഡാക്കി അവതരിപ്പിച്ചത്.
മുന്‍നിര ഇ-കൊമേഴ്‌സ് ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും  20,000ത്തോളം ഔട്ട്‌ലെറ്റുകളിലും ബിയോണ്ട് സ്‌നാക്‌സിന്റെ ബനാന ചിപ്‌സ് വില്‍പനക്ക് എത്തിക്കുന്നുണ്ട്. നിലവില്‍ 12 രാജ്യങ്ങളില്‍ ബിയോണ്ട് സ്‌നാക്ക്‌ ഉത്പന്നങ്ങള്‍ ലഭ്യമാണ്.

Tags:    

Similar News