ആശിര്‍വാദ് മൈക്രോ ഫിനാന്‍സിനുള്ള വിലക്ക് നീക്കി ആര്‍.ബി.ഐ, മണപ്പുറം ഓഹരികള്‍ കുതിച്ചു
ഓഹരിയ്ക്ക് പ്രമുഖ ബ്രോക്കറേജുകള്‍ നല്‍കുന്ന റേറ്റിംഗ് ഇങ്ങനെ;
തൃശൂര്‍ ആസ്ഥാനമായ മണപ്പുറം ഫിനാന്‍സിന്റെ ഉപകമ്പനിയായ ആശിര്‍വാദ് ഫിനാന്‍സിന് വായ്പകള്‍ നല്‍കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി റിസര്‍വ് ബാങ്ക്. തുടര്‍ന്ന് മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ ഇന്ന് ബി.എസ്.ഇയില്‍ 6.4 ശതമാനം ഉയര്‍ന്ന് 191.50 രൂപ വരെയെത്തി.
അമിത പലിശ ഈടാക്കുന്നുവെന്നും വായ്പ അനുവദിക്കുന്ന നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ഒക്ടോബറില്‍ റിസര്‍വ് ബാങ്ക് ചെന്നൈ ആസ്ഥാനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സിന് ആറ് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്. ഡല്‍ഹി ആസ്ഥാനമായ ഡി.എം.ഐ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയും റിസര്‍വ് ബാങ്ക് നടപടിയെടുത്തിരുന്നു.
റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്ന മുറയ്ക്ക് ശിക്ഷാനടപടി പുനപരിശോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ തന്നെ റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ പാലിച്ചതാണ് വിലക്ക് നീക്കാന്‍ വഴിയൊരുങ്ങിയത്. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ എത്രയും വേഗം പാലിക്കുമെന്ന് ആശിര്‍വാദ് മൈക്രോഫിനാന്‍സിന്റെ മാനേജ്‌മെന്റ് നിക്ഷേപകര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.
ലാഭം 571 കോടി
2015ലാണ് മണപ്പുറം ഫിനാന്‍സ് ആശിര്‍വാദ് മൈക്രോഫിനാന്‍സിനെ ഏറ്റെടുക്കുന്നത്. മണപ്പുറം ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയുടെ (AUM) 25 ശതമാനവും സംഭാവന ചെയ്യുന്നത് ആശിര്‍വാദ് ഫിനാന്‍സാണ്.
2024-25 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മണപ്പുറം ഫിനാന്‍സിന്റെ ലാഭം രണ്ട് ശതമാനം ഉയര്‍ന്ന് 571 കോടി രൂപയായിരുന്നു.ആശിര്‍വാദിനേറ്റ അടിയാണ് ലാഭം കുറച്ചത്. അതേസമയം, സ്വര്‍ണ വായ്പ ആസ്തിയില്‍ 17.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ആഭ്യന്തര സ്വര്‍ണ വില റെക്കോഡിലെത്തിയതാണ് മണപ്പുറം ഫിനാന്‍സ് ഉള്‍പ്പെടെയുള്ള സ്വര്‍ണ പണയ വായ്പാദാതാക്കളുടെ വായ്പ വളര്‍ച്ച ഉയര്‍ത്തിയത്.
ഓഹരിയുടെ നീക്കം
ആശിര്‍വാദ് ഫിനാന്‍സിന് വിലക്കേര്‍പ്പെടുത്തിയതിന് തൊട്ടു മുന്നെയുള്ള ദിവസം അതായത് ഒക്ടോബര്‍ 16ന് 180 രൂപയായിരുന്നു ഓഹരിയുടെ വില. ഒക്ടോബര്‍ 18ന് ഇത് 13 ശതമാനം ഇടിഞ്ഞ് 138.35 രൂപയിലെത്തി. പിന്നീട് ഓഹരി തിരിച്ചു വരവ് നടത്തി. ജനുവരി രണ്ടിന് 192.9 രൂപ വരെ ഉയര്‍ന്നു. നിലവില്‍ ഓഹരി 187.15 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
അതേസമയം, മണപ്പുറം ഫിനാന്‍സിന്റെ ഓഹരികള്‍ക്ക് ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സില്‍ നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഈ ഓഹരിയില്‍ പുതിയ പൊസിഷന്‍ എടുക്കാനാകില്ല.
ബ്രോക്കറേജുകളുടെ നിഗമനം
ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ് മണപ്പുറത്തിന്റെ ലക്ഷ്യ വില 190 രൂപയില്‍ നിറുത്തിയിട്ടുണ്ട്. ഓഹരി കൈവശം വയ്ക്കാനും ബ്രോക്കറേജ് ശിപാര്‍ശ ചെയ്യുന്നു. വിലക്ക് നീക്കിയത് ആശിര്‍വാദ് ഫിനാന്‍സിന് ഗുണകരമാണെങ്കിലും മൊക്രോ ഫിനാന്‍സ് സെഗ്മെന്റില്‍ സമ്മര്‍ദ്ദം നിലനില്‍ക്കുന്നത് വായ്പകള്‍ നല്‍കുന്നതിനെ ബാധിക്കുമെന്നാണ് ജെഫ്രീസിന്റെ നിഗമനം.
മറ്റൊരു ബ്രോക്കറേജായ മോര്‍ഗന്‍ സ്റ്റാന്‍ലിയും ഓഹരിക്ക് നേരത്തെ നല്‍കിയിരുന്ന് ഈക്വല്‍ വെയിറ്റ് സ്റ്റാറ്റസ് നിലനിറുത്തിയിട്ടുണ്ട്. 170 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ 12 മാസക്കാലയളവില്‍ മണപ്പുറം ഓഹരി വെറും അഞ്ചു ശതമാനം മാത്രമാണ് നേട്ടമുണ്ടാക്കിയത്. അതേസമയം എതിരാളിയായ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ 47 ശതമാനം മുന്നേറ്റം കാഴ്ചവച്ചിട്ടുണ്ട്.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)