കേരള ബാങ്ക് വായ്പ കുടിശികക്കാര്‍ക്ക് ആശ്വാസം, തിരിച്ചടയ്ക്കല്‍ പരിധിയില്‍ മാറ്റം

20 ലക്ഷം വരെയുള്ള കുടിശികകള്‍ അടച്ചു തീര്‍ക്കാന്‍ പരമാവധി തവണകള്‍ അനുവദിച്ചു;

Update:2025-01-08 16:27 IST
Image by Canva

കേരള ബാങ്കില്‍ നിന്നുള്ള വായ്പകളുടെ റവന്യൂ റിക്കവറിയില്‍ ഇളവുമായി സര്‍ക്കാര്‍. 20 ലക്ഷം വരെയുള്ള കുടിശികകള്‍ അടച്ചു തീര്‍ക്കാന്‍ പരമാവധി തവണകള്‍ അനുവദിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.

നേരത്തെ പത്തു ലക്ഷം വരെയുള്ള വായ്പകള്‍ക്ക് മാത്രമായിരുന്നു ഗഡുക്കള്‍ അനുവദിച്ചിരുന്നത്. അതും ആറ് മുതല്‍ എട്ട് വരെ തവണകള്‍ക്കുള്ളില്‍ അടച്ചു തീര്‍ക്കണമായിരുന്നു. പത്ത് ലക്ഷത്തിന് മുകളില്‍ വായ്പയുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇത് പരിഹരിച്ചാണ് സര്‍ക്കാര്‍ 20 ലക്ഷം രൂപ വരെയുള്ള കുടിശികകള്‍ അടയ്ക്കാന്‍ തവണകള്‍ പരമാവധിയാക്കിയത്. 20 ലക്ഷം രൂപ വരെയുള്ള വായ്പയെടുത്ത് കുടിശിക വരുത്തിയവര്‍ക്ക് ആശ്വാസമാണ് പുതിയ ഉത്തരവ്.

കേരള റവന്യു റിക്കവറി ആക്ട് 1968 പ്രകാരം ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും 20 ലക്ഷത്തിനു താഴെയുള്ള കിട്ടാക്കടം ഈടാക്കാന്‍ കേരള റവന്യു റിക്കവറി നിയമപ്രകാരം നടപടി സാധ്യമാണ്. 20 ലക്ഷത്തില്‍ കൂടിയ കുടിശിക ഈടാക്കാന്‍ ഡെറ്റ് റിക്കവറി ട്രൈബ്യൂണലിനാണ് അധികാരമുള്ളത്.

Tags:    

Similar News