സ്വര്‍ണ വിലയില്‍ നേരിയ മുന്നേറ്റം, വെള്ളിയ്ക്ക് വിശ്രമം

കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു;

Update:2025-01-08 10:34 IST

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ മുന്നേറ്റം. ഗ്രാം വില 10 രൂപ ഉയര്‍ന്ന് 7,225 രൂപയിലെത്തി. പവന്‍ വില 80 രൂപയുടെ വര്‍ധനയോടെ 57,800 രൂപയിലാണ്.

കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് മുന്നേറി. ഗ്രാമിന് 5 രൂപ വര്‍ധിച്ച് 5,965 രൂപയിലാണ് വ്യാപാരം. വെള്ളി വിലയ്ക്ക് ഇന്ന് അനക്കമില്ല. ഗ്രാമിന് 97 രൂപയില്‍ തുടരുന്നു. ഇന്നലെ ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ചിരുന്നു.
രാജ്യാന്തര വിലയിലുണ്ടായ വര്‍ധനയാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇന്നലെ ഔണ്‍സ് സ്വര്‍ണ വില 0.54 ശതമാനം ഉയര്‍ന്ന് 2,649 ഡോളറിലെത്തിയിരുന്നു. ഇന്ന് 2,647 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.

വില ഉയരുമോ?

2024 സാമ്പത്തിക വര്‍ഷത്തില്‍ 27 ശതമാനം വളര്‍ച്ചയാണ് അന്താരാഷ്ട്ര വിലയിലുണ്ടായത്. ഈ വര്‍ഷം സ്വര്‍ണം മിതമായ വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. ഫെഡറല്‍ റിസര്‍വ് രണ്ട് തവണയില്‍ കൂടുതല്‍ അടിസ്ഥാന പലിശ നിരക്കില്‍ മാറ്റം വരുത്തില്ലെന്ന് വ്യക്തമാക്കിയത് സ്വര്‍ണത്തെ വലിയ മുന്നേറ്റത്തില്‍ നിന്ന് പിന്‍വലിക്കുന്നുണ്ട്. അതേ സമയം അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറക്കുമതി നിരക്കുകള്‍ കുത്തനെ കൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് പണപ്പെരുപ്പം വീണ്ടും കൂട്ടുന്നതിലേക്ക് നയിക്കാനും ഫെഡറല്‍ റിസര്‍വിനെ തീരുമാനം പുനപരിശോധിക്കാനും പ്രേരിപ്പിച്ചേക്കാം. 2024ല്‍ ഫെഡറല്‍ റിസര്‍വ് മൂന്ന് തവണ പലിശ നിരക്കില്‍ കുറവു വരുത്തിയിരുന്നു.

ഒരു പവന്‍ ആഭരണത്തിന് ഇന്ന് നല്‍കേണ്ടത്

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 57,800 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ കൂടുതല്‍ തുക മുടക്കണം. ഇന്നത്തെ പവന്‍ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 62,564 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.



Tags:    

Similar News