കല്യാണിന് വരുമാനത്തില്‍ 39% കുതിപ്പ്, മൂന്നാം പാദത്തില്‍ തുറന്നത് 24 പുതിയ ഷോറൂമുകള്‍, ഓഹരിയില്‍ ചാഞ്ചാട്ടം
അടുത്ത വര്‍ഷം 170 പുതിയ ഷോറൂമുകള്‍ തുറക്കാന്‍ പദ്ധതി;
രാജ്യത്തെ പ്രമുഖ ജുവലറി ഗ്രൂപ്പുകളിലൊന്നായ കല്യാണ്‍ ജുവലേഴ്‌സിന് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ സംയോജിത വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 39 ശതമാനം വര്‍ധന. ഇന്ത്യ ബിസിനസില്‍ നിന്നുള്ള വരുമാനത്തില്‍ 41 ശതമാനം വര്‍ധനയുണ്ടായതായി കല്യാണ്‍ ജുവലേഴ്‌സ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
മികച്ച ഉത്സവകാല ഡിമാന്‍ഡും വീവാഹ സീസണുമാണ് വില്‍പ്പന വളര്‍ച്ച കൂടാന്‍ സഹായിച്ചത്. സെയിം സ്റ്റോര്‍ സെയില്‍സ് വളര്‍ച്ചയില്‍ കഴിഞ്ഞ പാദത്തില്‍ 24 ശതമാനം വര്‍ധനയുണ്ടായി. ഇക്കാലയളവില്‍ 24 കല്യാണ്‍ ഷോറൂമുകള്‍ രാജ്യത്തിനകത്ത് തുറന്നു. ഈ വര്‍ഷവും കൂടുതല്‍ ഷോപ്പുകള്‍ തുറക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.
ഗള്‍ഫ് വരുമാനം കൂടി
കമ്പനിയുടെ മൊത്തം ബിസിനസ് വരുമാനത്തിന്റെ 11 ശതമാനം ഗള്‍ഫ് ബിസിനസില്‍ നിന്നാണ്. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് ഗള്‍ഫ് ബിസിനസില്‍ നിന്നുള്ള വരുമാനം ഇക്കാലയളവില്‍ 22 ശതമാനം വര്‍ധിച്ചു.
കല്യാണിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ക്യാന്‍ഡിയര്‍ മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 89 ശതമാനം വരുമാന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തില്‍ ക്യാന്‍ഡിയര്‍ 23 ഷോറൂമുകള്‍ തുറന്നതായി കമ്പനി വ്യക്തമാക്കി.
വരും കൂടുതൽ ഷോറൂമുകൾ
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ (2024-25) 80 കല്യാണ്‍ ഷോറൂമുകളും 50 ക്യാന്‍ഡിയര്‍ ഷോറൂമുകളും തുറക്കുകയെന്ന ലക്ഷ്യത്തിലാണ് കല്യാണ്‍ ജുവലേഴ്‌സ്. അതിന്റെ ഭാഗമായി നടപ്പു പാദത്തില്‍ 30 കല്യാണ്‍ ഷോറൂമുകളും 15 ക്യാന്‍ഡിയര്‍ ഷോറൂമുകളും തുറക്കാനാണ് ഉദ്ദേശിക്കുന്നത്.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ (2025-2026) കല്യാണ്‍-ക്യാന്‍ഡിയര്‍ ഫോര്‍മാറ്റുകളില്‍ 170 ഷോറൂമുകളാണ് പുതുതായി തുറക്കാന്‍ ലക്ഷ്യമിടുന്നത്. തെക്കെ ഇന്ത്യ ഒഴികെയുള്ള ഭാഗങ്ങളിലായി 75 കല്യാണ്‍ ഷോറൂമുകളും (ഫ്രാഞ്ചൈസി ഓണ്‍ഡ് കമ്പനി ഓപ്പറേറ്റഡ്/FOCO) തെക്കേ ഇന്ത്യയിലും വിദേശത്തുമായി 15 കല്യാണ്‍ ഷോറൂമുകളും തുറക്കാന്‍ പദ്ധതിയുണ്ട്. ഇതുകൂടാതെ രാജ്യത്ത് 80 ക്യാന്‍ഡിയര്‍ ഷോറൂമുകളും തുറക്കും.
കഴിഞ്ഞ പാദത്തില്‍ കല്യാണ്‍ ക്യാന്‍ഡിയര്‍ ഫോര്‍മാറ്റുകളിലായി 46 പുതിയ ഷോറൂമുകള്‍ തുറന്നതോടെ 2024 ഡിസംബര്‍ 31 വരെ കല്യാണിന്റെ മൊത്തം ഷോറൂമുകളുടെ എണ്ണം 349 ആയി. ഇതില്‍ 253 ഷോറൂമുകള്‍ ഇന്ത്യയിലും 36 എണ്ണം ഗള്‍ഫ് രാജ്യങ്ങളിലും ഒരെണ്ണം യു.എസിലുമാണ്. കാന്‍ഡിയര്‍ ഷോറൂമുകളുടെ എണ്ണം മൊത്തം 59 ആയി.
ഓഹരിക്ക് വൻ ചാഞ്ചാട്ടം
കല്യാണ്‍ ജുവലേഴ്‌സ് മൂന്നാം പാദത്തിലെ പ്രവര്‍ത്തനക്കണക്കുകള്‍ പുറത്തു വിട്ടതിനു പിന്നാലെ ഓഹരി വില ഇന്ന് അഞ്ച് ശതമാനം ഉയര്‍ന്ന് 781 രൂപ വരെയെത്തി. പക്ഷെ പിന്നീട് ഓഹരി വില താഴേക്ക് ഇടിഞ്ഞു. വ്യാപാരാന്ത്യത്തില്‍ മൂന്ന് ശതമാനത്തിലധികം ഇടിവിലാണ് ഓഹരി. കഴിഞ്ഞ ആറ് മാസക്കാലയളവില്‍ 44 ശതമാനം വളര്‍ച്ചയാണ് ഓഹരി കാഴ്ചവച്ചത്. അതേസമയം, ഒരു വര്‍ഷക്കാലയളവില്‍ ഏഴ് ശതമാനത്തോളം ഇടിവുണ്ട്.