ഈ കയറ്റത്തിന് ഒരു അന്തമില്ലെ? സ്വര്‍ണവില മുന്നേറ്റത്തില്‍ ആശങ്കയിലായി വിവാഹ പര്‍ച്ചേസുകാര്‍

തുടര്‍ച്ചയായ അഞ്ച് ദിവസം കൊണ്ട് പവന്‍ വില 1,000 രൂപ വര്‍ധിച്ചു;

Update:2025-01-13 10:10 IST

സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ കയറ്റം തുടരുന്നു. ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് 7,340 രൂപയും പവന് 200 രൂപ ഉയര്‍ന്ന് 58,720 രൂപയുമായി. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് മുന്നേറ്റത്തിലാണ്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6,050 രൂപയായി.

വെള്ളി വിലയില്‍ ഇന്ന് അനക്കമില്ല. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം.
ഡോളര്‍ കരുത്താര്‍ജിച്ചിട്ടും ഫെഡറല്‍ റിസര്‍വ് പലിശ രണ്ട് തവണയില്‍ കൂടുതല്‍ കുറയക്കില്ലെന്ന നിലപാട് എടുത്തിട്ടും സ്വര്‍ണ വില മുന്നേറ്റം തുടരുന്നത് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ദിനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളാണെന്നാണ് വിലയിരുത്തല്‍. ഒപ്പം രൂപയുടെ മൂല്യമിടിവും മറ്റ് ആഗോള രാഷ്ട്രീയ പ്രശനങ്ങളും സ്വര്‍ണത്തിന്റെ ഉയര്‍ച്ചയ്ക്ക് കാരണമാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അന്താരാഷ്ട്ര സ്വര്‍ണ വില രണ്ട് ശതമാനത്തോള ഉയര്‍ച്ചയിലാണ്.
കേരളത്തില്‍ ജനുവരി ഒന്നിന് 57200 രൂപയായിരുന്ന സ്വര്‍ണ വില ഇടയ്‌ക്കൊന്നു താഴ്ന്ന് 57,720 രൂപയിലെത്തിയെങ്കിലും പിന്നീട് കുതിച്ചുയരുകയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ പവന് 59,640 രൂപയാണ് സ്വര്‍ണത്തിന്റെ കേരളത്തിലെ റെക്കോഡ് വില. നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ ഈ ആഴ്ച തന്നെ സ്വര്‍ണം പുതിയ റെക്കോഡ് കുറിച്ചേക്കുമെന്നാണ് വിലയിരുത്തലുകള്‍.

ആഭരണവില താങ്ങാനാകില്ല 

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 58,720 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ കൂടുതല്‍ തുക മുടക്കണം. ഇന്നത്തെ പവന്‍ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 63,559 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.


Tags:    

Similar News