നിലവും പുരയിടവും തരം മാറ്റല്‍: അതിവേഗം തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍
റവന്യൂ ഡിവിഷണല്‍ ഓഫിസുകളിലേക്ക് പ്രതിമാസം ലഭിക്കുന്നത് 1,000 അപേക്ഷകള്‍, 249 പുതിയ തസ്തികകള്‍ സൃഷ്ടിക്കും
സാമ്പത്തിക പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന സര്‍ക്കാര്‍ പണം സ്വരൂപിക്കാന്‍ ഭൂമിതരം മാറ്റല്‍ നടപടികള്‍ വേഗത്തിലാക്കുന്നു. ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള അടിയന്തര കര്‍മ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം മാത്രം സംസ്ഥാന സര്‍ക്കാരിനു ലഭിച്ചത് 1,100 കോടിയിലേറെ രൂപയാണ്. തരംമാറ്റല്‍ വേഗത്തിലാക്കാന്‍ 249 പുതിയ തസ്തികയുണ്ടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ജൂനിയര്‍ സൂപ്രണ്ട് ക്ലാര്‍ക്ക് തസ്തികകള്‍ക്ക് പുറമെ 123 സര്‍വെയര്‍മാരെയും താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കും. ആവശ്യത്തിന് വാഹനങ്ങള്‍ ലഭ്യമാക്കാനും ഉത്തരവായി.
ന്യായവിലയുടെ 10 ശതമാനം ഫീസ്
തരംമാറ്റല്‍ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ പ്രത്യേക കര്‍മപദ്ധതി ആവിഷ്‌കരിച്ച ശേഷം റവന്യൂ ഡിവിഷണല്‍ ഓഫിസുകളിലേക്ക് പ്രതിമാസം ചുരുങ്ങിയത് 1,000 അപേക്ഷകളെങ്കിലും എത്തുന്നുണ്ട്. 25 സെന്റ് വരെ ഫീസ് ഈടാക്കാതെയും അതിനു മുകളിലെങ്കില്‍ ന്യായവിലയുടെ 10 ശതമാനം ഈടാക്കിയുമാണ് തരംമാറ്റുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് 2021 ഫെബ്രുവരിയില്‍ 25 സെന്റ് വരെ ഫീസ് സൗജന്യമാക്കി ഉത്തരവിറങ്ങിയതിനു പിന്നാലെയാണ് ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകള്‍ കുന്നുകൂടിയത്.
തീര്‍പ്പാക്കാന്‍ രണ്ടര ലക്ഷം അപേക്ഷകള്‍
ഭൂനികുതി ഓണ്‍ലൈനായി അടയ്ക്കാന്‍ സംവിധാനം നിലവില്‍ വന്നതോടെ ഭൂമിയുടെ തരം പുരയിടമോ നിലമോ എന്ന് രസീതില്‍ രേഖപ്പെടുത്തി തുടങ്ങിയതും തരംമാറ്റ അപേക്ഷകള്‍ വര്‍ധിക്കാന്‍ കാരണമായി. നഗരവല്‍ക്കരണത്തിനു ശേഷവും ഭൂമിയുടെ തരം നിലമായി തുടരുന്നത് ഉടമകള്‍ ശ്രദ്ധിച്ചു തുടങ്ങിയത് അപ്പോഴാണ്. ഭൂമി തരംമാറ്റത്തിനായി നേരിട്ടു ലഭിച്ച 2.75 ലക്ഷം അപേക്ഷകളും ഓണ്‍ലൈനായി ലഭിച്ച ഒരു ലക്ഷത്തോളം അപേക്ഷകളും ഇതുവരെ തീര്‍പ്പാക്കി. രണ്ടര ലക്ഷത്തോളം അപേക്ഷകള്‍ ഇനിയും തീര്‍പ്പാക്കാന്‍ ബാക്കിയുണ്ട്. 27 റവന്യൂ ഡിവിഷണല്‍ ഓഫിസുകള്‍ക്കു പുറമെ 78 താലൂക്കിലും ഇനിമുതല്‍ തരംമാറ്റം പരിഗണിക്കും.