നവംബറിലും ജി.എസ്.ടി പിരിവില്‍ കേരളത്തിന് മുന്നേറ്റം, ദേശീയതല സമാഹരണം ₹1.82 ലക്ഷം കോടി
കഴിഞ്ഞ മാസം വരെ കേരളത്തിന് ജി.എസ്.ടി വിഹിതമായി കേന്ദ്രം അനുവദിച്ചത് 21,792 കോടി രൂപ
നവംബറില്‍ ചരക്ക് സേവന നികുതിയായി (ജി.എസ്.ടി/GST) കേരളത്തില്‍ നിന്ന് പിരിച്ചെടുത്തത് 2,763 കോടി രൂപ. 2023 നവംബറിലെ 2,515 കോടി രൂപയില്‍ നിന്ന് 10 ശതമാനം വളര്‍ച്ചയുണ്ട്. ഒക്ടോബറിലെ 2,896 കോടി രൂപയുടെ ജി.എസ്.ടി പിരിവുമായി നോക്കുമ്പോള്‍ നാല് ശതമാനത്തിലധികം ഇടിവുണ്ടായി.
നവംബര്‍ വരെ കേരളത്തിന് ജി.എസ്.ടി വിഹിതമായി കേന്ദ്രം അനുവദിച്ചത് 21,792 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന കാലയളവില്‍ ഇത് 20,623 കോടി രൂപയായിരുന്നു. ആറ് ശതമാനത്തോളം വര്‍ധനയുണ്ട്.
സംസ്ഥാനങ്ങളുടെ മൊത്തം ജി.എസ്.ടി പിരിവില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 9.38 ശതമാനം വര്‍ധനയുണ്ട്. ഏറ്റവും കൂടുതല്‍ ജി.എസ്.ടി പിരിച്ചെടുത്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. 29,948 കോടി രൂപയാണ് മഹാരാഷ്ട്രയുടെ വിഹിതം. രണ്ടാം സ്ഥാനത്ത് 13,722 കോടി രൂപ പിരിച്ചെടുത്ത കര്‍ണാടകയാണ്. ഏറ്റവും കുറവ് ജി.എസ്.ടി പിരിച്ചെടുക്കുന്ന സംസ്ഥാനം ലക്ഷദ്വീപാണ്. 5 കോടിയാണ് പിരിച്ചെടുത്തത്. ആന്ധ്രാപ്രദേശ് ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സാധനങ്ങളുടെ ഇറക്കുമതിക്കുള്ള ജി.എസ്.ടി ഒഴിവാക്കിയുള്ള കണക്കുകളാണിത്.
ദേശീയതല സമാഹരണം ₹1.82 ലക്ഷം കോടി
കഴിഞ്ഞ മാസം ദേശീയതലത്തില്‍ പിരിച്ചെടുത്ത ജി.എസ്.ടി 1.82 ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1.68 ലക്ഷം കോടി രൂപയായിരുന്നു. 8.5 ശതമാനമാണ് വളര്‍ച്ച. അതേസമയം, ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഇത് 1.87 കോടി രൂപയായിരുന്നു. ജി.എസ്.ടിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പിരിവായിരുന്നു ഒക്ടോബറില്‍ രേഖപ്പെടുത്തിയത്.
നവംബറിലെ മൊത്തം പിരിവിൽ 34,141 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 43,047 കോടി രൂപ സംസ്ഥാന ജി.എസ്.ടിയുമാണ്. സംയോജിത ജി.എസ്.ടിയായി 91,828 കോടി രൂപയും സെസ് ഇനത്തില്‍ 13,253 കോടി രൂപയും പിരിച്ചെടുത്തു.
നവംബറില്‍ ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള ജി.എസ്.ടി 9.4 ശതമാനം വര്‍ധിച്ച് 1.40 ലക്ഷം കോടിയായി. ഇറക്കുമതിയില്‍ നിന്നുള്ള നികുതി വരുമാനം 6 ശതമാനം ഉയര്‍ന്ന് 42,591 രൂപയുമായി.
നടപ്പു സാമ്പത്തിക വര്‍ഷം (2024 -25) നവംബര്‍ വരെ 14.57 ലക്ഷം കോടി രൂപയാണ് കേന്ദ്രം ജി.എസ്.ടിയായി പിരിച്ചെടുത്തത്.