ഭിന്നശേഷിക്കാർക്കുള്ള കളിപ്പാട്ടം മുതൽ ബാക്റ്റീരിയ സഹായത്താൽ നിർമിക്കുന്ന കോൺക്രീറ്റ് വരെ! കേരളത്തിലെ യുവ വനിതാ സംരംഭകർ മാസാണ്
വിമൺ റിസർച്ച് ആൻഡ് ഇന്നോവേഷൻ പ്രൊജക്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏഴു യുവ വനിതാ സംരംഭകർ ശ്രദ്ധേ യമായി
കേരള സ്റ്റാർട്ടപ്പ് മിഷൻ കോവളത്ത് സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് സമ്മേളനത്തിൽ അഭിമാനമായി യുവ വനിതാ സംരംഭകർ. ശാസ്ത്രസാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി നൂതനമായ ഉൽപ്പന്നങ്ങൾ മുന്നോട്ട് വയ്ക്കുകയാണ് കെ.എസ്.യു.എമ്മും സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയും കൈകോർത്ത വിമൺ റിസർച്ച് ആൻഡ് ഇന്നോവേഷൻ പ്രൊജക്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏഴു യുവ വനിതാ സംരംഭകർ.
നട്ട് ബാക്ക്
പ്രോബയോട്ടിക്കുകൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപെടുത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി അരോഗ്യപ്രവർത്തകർ നിരന്തരം അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്ന കാലമാണിത്. കുസാറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയിലെ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയ ഡോ. ബിന്ദ്യ ഇ. എസ്. വികസിപ്പിച്ചത് ‘നട്ട്ബാക്ക്’ എന്ന പേരിൽ കുട്ടികൾക്കായുള്ള ഒരു പ്രോബയോട്ടിക് ഹെൽത്ത് സപ്ലിമെന്റാണ്. പ്രോബയോട്ടിക് ബാക്ടീരിയയെ അടിസ്ഥാനമാക്കിയുള്ള ഒരു സപ്ലിമെന്റാണിത്. മറ്റ് പ്രീബയോട്ടിക്കുകളുമായി പ്രോബയോട്ടിക്സ് ചേർത്തുണ്ടാക്കുന്ന ഈ മിശ്രണം കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ സഹായിക്കും.
ഭിന്നശേഷിക്കാർക്കായി കളിപ്പാട്ടം
സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസറായ രേഷ്മ ജോസ് വികസിപ്പിച്ചിരിക്കുന്നത് ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള ഒരു സംവേദനാത്മക ഉപകരണമാണ്. സംവേദനാത്മക ഓഡിയോ അനുഭവങ്ങളിലൂടെ കുട്ടികളിൽ ഭാഷാ വികസനം പ്രോത്സാഹിപ്പിക്കുന്ന ഒരു പ്ലേബാക്ക് കളിപ്പാട്ടമാണ് ഉൽപ്പന്നം. കുട്ടികളിൽ വൈജ്ഞാനിക, ഭാഷ, സെൻസറി വികസനത്തിന് സഹായകമാകുംവിധം ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നു. കുട്ടികൾക്ക് കഥകൾ, പാട്ടുകൾ, വിദ്യാഭ്യാസപരമായ ഉള്ളടക്കം എന്നിവ കേൾക്കാനും അവരുടെ സ്വന്തം അഭിപ്രായങ്ങൾ റെക്കോർഡ് ചെയ്യാനും കഴിയും. ഇതിലൂടെ അവരുടെ ആശയവിനിമയത്തിനുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കാനും വളർത്താനുമിത് ഉപകരിക്കും.
ബയോസീൽ കോൺക്രീറ്റ്
ഡോ മേഘ പി. എം. ന്റെ നേതൃത്വത്തിൽ തുടങ്ങിയ ഷെൽറ്റ് ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് വികസിപ്പിച്ചത് കാൽസൈറ്റ്-പ്രിസിപിറ്റേറ്റിംഗ് ബാക്ടീരിയകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന 'ബയോസീൽ' എന്ന് പേരിട്ടിരിക്കുന്ന ഡ്രൈ മിക്‌സ് കോൺക്രീറ്റ് ആണ്. ബാഹ്യ ഇടപെടലിന്റെ ആവശ്യമില്ലാതെ വിള്ളലുകൾ സ്വയം അടയ്ക്കാനും ആന്തരിക കേടുപാടുകൾ പരിഹരിക്കാനും ഇതിന് ശേഷിയുണ്ട്. ഈ നൂതനമായ പരിഹാരം വിള്ളൽ രഹിത ഘടനകൾ ഉറപ്പാക്കുകയും കാർബൺ ഫുട്ട്പ്രിന്റ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഉൽപ്പന്നം ഉടൻ വിപണിയിൽ എത്തിക്കാൻ തയ്യാറെടുക്കുകയാണ് ഷെൽറ്റ് ഇന്നൊവേഷൻ.
തേൻ വിളവെടുപ്പിനും സാങ്കേതിക വിദ്യ സഹായം
ബി മാസ്റ്റേഴ്‌സ് നാച്ചുറൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഡോ. ശ്രുതി കെ. പി. യുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പ് വികസിപ്പിച്ചിട്ടുള്ളത് ശുദ്ധമായ തേൻ വിളവെടുക്കാൻ സഹായകമായ സാങ്കേതിക വിദ്യയാണ്. വിളവെടുപ്പ് വേളയിൽ തേൻ കലം സംരക്ഷിച്ച് ഓരോ സീസണിലും തേൻ വിളവ് വർദ്ധിപ്പിക്കാൻ കർഷകരെ സഹായിക്കുംവിധമാണ് ഉൽപ്പന്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സമീകൃത ഒമേഗ-3 ഒമേഗ-6 ഫാറ്റി ആസിഡുകൾ അടങ്ങിയ സപ്പ്‌ളിമെന്റ് വികസിപ്പിച്ച പി.എച്ച്.ഡി. സ്‌കോളറായ വിദ്യ മോഹനൻ, യൂണിവേഴ്‌സൽ ക്ലോറോമീറ്റർ വികസിപ്പിച്ച ഡോ ജീത്തു രവീന്ദ്രൻ, എൻ.ഐ. - ടി.ഐ. ഡെന്റൽ ഫയലുകൾ റീസൈക്കിൾ ചെയ്യാൻ സാധിക്കുന്ന യന്ത്രം രൂപകൽപ്പന ചെയ്ത ഡോ. പാർവതി നാരായണൻ എന്നിവരാണ് പ്രോജക്റ്റിന്റെ ഭാഗമായ മറ്റു യുവ വനിതാ സംരംഭകർ.
കേരള സ്റ്റാർട്ടപ്പ് മിഷൻ അനുവദിച്ച ഗ്രാൻഡുകളുടെയും സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളുടെയും പിൻബലത്തിലാണ് യുവ വനിതാ സംരംഭകരുടെ സ്വപ്നങ്ങൾക്ക് ചിറകുവച്ചത്. തങ്ങളുടെ നൂതനമായ ഉൽപ്പന്നങ്ങൾക്ക് മികച്ച സ്വീകരണം വിപണിയിൽ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഈ യുവസംരംഭകർ.