ലക്ഷ്യത്തിലേക്ക് വേഗത്തിലെത്തണോ? റാസിഖിനെ പിന്തുടരാം

ചിന്തയിലും പ്രവൃത്തിയിലും കഴിവിലും ശ്രദ്ധ കേന്ദ്രീകരിച്ച് ആഗ്രഹങ്ങളും അഭിലാഷങ്ങളും യാഥാര്‍ത്ഥ്യമാക്കാന്‍ റാസിഖ് ഷാ നിങ്ങളെ സഹായിക്കും

Update:2025-01-05 19:16 IST
സംരംഭം വിജയിപ്പിക്കാനുള്ള വഴികള്‍ പറഞ്ഞുതരുന്ന പരിശീലകര്‍ നമുക്ക് ചുറ്റും നിരവധിയുണ്ട്. എന്നാല്‍ അത് ജീവിതത്തില്‍ പകര്‍ത്തി, ലോകത്തിന് കാണിച്ചുകൊടുത്ത എത്ര പേരുണ്ട്? വിരലിലെണ്ണാവുന്നവര്‍ മാത്രം. എങ്ങനെ വിജയിക്കാം എന്ന് വെറുതെ പറഞ്ഞുപോകുകയല്ല, മറിച്ച് അതിന് ഉദാഹരണം കൂടിയാകുകയാണ് റാസിഖ് ഷാ എന്ന സംരംഭകന്‍.
മലപ്പുറം തിരൂരങ്ങാടിക്കടുത്ത് ചെറുമുക്ക് എന്ന ചെറിയ ഗ്രാമത്തില്‍ നിന്ന് നിരവധി സംരംഭകര്‍ക്ക് പ്രചോദനമേകിയട്രാന്‍സ്‌ഫോര്‍മേഷന്‍ സ്ട്രാറ്റജിസ്റ്റ് എന്ന നിലയിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച പെട്ടെന്ന് ഉണ്ടായതല്ല. ഓരോ ചുവടും പഠിച്ച് പ്രയോഗത്തില്‍ വരുത്തി സ്ഫുടംചെയ്‌തെടുത്തതാണ്. 2025ല്‍ ഒരുലക്ഷംപേരെ സാധാരണ നിലയില്‍ നിന്ന് അടുത്ത തലത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യവുമായി റാസ് ടോക് എന്ന പേരില്‍ സോഷ്യല്‍ മീഡിയ കമ്മ്യൂണിറ്റിയും അദ്ദേഹം തുടങ്ങിയിട്ടുണ്ട്.

പഠനം പാതിവഴിയില്‍

സ്‌പോര്‍ട്‌സിലായിരുന്നു റാസിഖ് ഷായ്ക്ക് കമ്പം. സ്‌കൂള്‍ പഠനത്തിനു ശേഷം ബി.കോമിന് ചേര്‍ന്നെങ്കിലും രണ്ടാം വര്‍ഷം പഠനം നിര്‍ത്തി. വരുമാനം ആവശ്യമായതിനാല്‍ പെയ്ന്റ് പണിക്ക് പോയിത്തുടങ്ങി. വൈകിട്ട് മൂന്ന് മണിയോടെ ജോലി നിര്‍ത്താം, ഫുട്‌ബോള്‍ കളിക്കാന്‍ പോകാം എന്ന സൗകര്യവുമുണ്ട്. എന്നാല്‍ ഒരു സഹപാഠിയുടെ വീട്ടില്‍ പണിക്ക് പോയതോടെ റാസിഖ് ഷായുടെ മനസ് മാറി. പഠനത്തില്‍ മിടുക്കനായിരുന്ന റാസിഖ് കൂലിപ്പണിക്ക്
പോകേണ്ട ആളല്ല എന്ന് തിരിച്ചറിവുണ്ടായത് അവിടെ വെച്ചാണ്. പണി ഉപേക്ഷിച്ച് ബംഗളൂരുവിലേക്ക് വണ്ടി കയറിയ റാസിഖ് ആറ് മാസ
ത്തോളം ഒരു ചെരുപ്പ് കമ്പനിയില്‍ ജോലി ചെയ്തു. ശേഷം അക്കൗണ്ടിംഗ് കോഴ്‌സ് പാസായി രണ്ട് സ്ഥാപനങ്ങളില്‍ ബില്ലിംഗ് സ്റ്റാഫ് ആയി ജോലി നോക്കി. ഇതിനിടയില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി. ഗള്‍ഫ് ആയിരുന്നു ലക്ഷ്യം. ഒരു കൊറിയന്‍ കമ്പനിയില്‍ ആളൊഴിവുണ്ടെന്ന് പറഞ്ഞ് ഒരാള്‍ സമീപിച്ചു. വീസ വരാന്‍ സമയം പിടിക്കും, അതിനിടയ്ക്ക് ഭാഷ പഠിക്കണം. അങ്ങനെ ഇംഗ്ലീഷ് പഠന കോഴ്‌സിന് ചേര്‍ന്നു. പഠനത്തിനൊപ്പം ക്ലാസെടുക്കാനും തുടങ്ങി.

'മോഷ്ടിക്കാന്‍' പോയി ഉടമയായി

അതിനിടെ കൊറിയന്‍ കമ്പനിയിലെ ജോലി തട്ടിപ്പായിരുന്നു എന്ന് മനസിലായപ്പോള്‍ ഭാവി ചോദ്യചിഹ്നമായി. നിലവില്‍ പഠിക്കുന്ന സ്ഥാപനത്തില്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി വീടുകളില്‍ നോട്ടീസ് വിതരണം ചെയ്യുന്നതടക്കമുള്ള ജോലികള്‍ ചെയ്തു. അതോടൊപ്പം ക്ലാസുകളും കൈകാര്യം ചെയ്തു. മാര്‍ക്കറ്റിംഗില്‍ നൈപുണ്യം നേടിയതോടെ പ്രശസ്തമായ ഒരു ഇംഗ്ലീഷ് പഠന സ്ഥാപനത്തില്‍ അവരുടെ തന്ത്രങ്ങള്‍ മനസിലാക്കാനായി ക്ലാസില്‍ ചേര്‍ന്നു. ഓരോരുത്തര്‍ക്കും രക്ഷപ്പെടാനുള്ള വഴിഅവരിലേക്ക് എത്തിച്ചേരും എന്ന വിശ്വാസത്തിന് ബലം വെച്ചത് അവിടെ വെച്ചാണ്. ക്ലാസില്‍ ചേര്‍ന്നതിന്റെ ഉദ്ദേശ്യം സ്ഥാപന ഉടമയായ മസ്ദൂഖ് നിസാമിനോട് തുറന്നുപറഞ്ഞതാണ് റാസിഖിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. ആ തുറന്നുപറച്ചില്‍ ഇന്ന് ഏറെ പ്രസിദ്ധമായ സ്പീക്ക് ഈസി ഇംഗ്ലീഷ് അക്കാദമിയുടെ സാരഥിയായ മസ്ദൂഖിന് നന്നേ ബോധിച്ചു. അങ്ങനെ റാസിഖിനെയും കൂടെ നിര്‍ത്തി. സ്പീക്ക് ഈസിയുടെ തിരൂര്‍ ശാഖ തുറന്നപ്പോള്‍ അതിന്റെ ചുക്കാന്‍ പിടിച്ചത് റാസിഖ് ഷായായിരുന്നു. പിന്നീടുള്ള സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ മസ്ദൂഖിനൊപ്പം റാസിഖ് ഷായും ഉണ്ടായിരുന്നു. പത്തു ശാഖകളുള്ള, നടന്‍ മമ്മൂട്ടി ബ്രാന്‍ഡ് അംബാസഡറായ സ്പീക്ക് ഈസിയുടെ ഡയറക്റ്റര്‍ എന്നതിനൊപ്പം മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയ്ല്‍സ് വിഭാഗവും ഇന്ന് അദ്ദേഹം കൈകാര്യം ചെയ്യുന്നു. ഒടുവില്‍ ആഡംബര കാറുകളും മറ്റും സ്വന്തമാക്കാന്‍ കഴിയുന്ന നിലയിലേക്ക് വളര്‍ന്നു. ജീവിതത്തില്‍ പഠനത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മനസിലാക്കിയ അദ്ദേഹം ഇപ്പോഴും സ്‌കില്‍ വികസിപ്പിക്കുന്നതിനായുള്ള പുതിയ കോഴ്സുകള്‍ പഠിച്ചെടുക്കുകയാണ്.

പാഠം പകര്‍ന്നുനല്‍കാന്‍

സ്വയം ആര്‍ജിച്ചെടുത്ത അറിവുകള്‍ മറ്റു ആളുകള്‍ക്ക് ഉപകാരപ്പെടട്ടെ എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഉപകാരപ്രദമായ കാര്യങ്ങള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ഒരു കമ്മ്യൂണിറ്റി ഉണ്ടാക്കി അവര്‍ക്കിടയിലെ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തുകയാണ് ഈ യുവാവ്. വളരാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഉയര്‍ന്നു വരാനുള്ളതെല്ലാം അതില്‍ ഒരുക്കിയിട്ടുണ്ടെന്ന് റാസിഖ് ഷാ പറയുന്നു. താന്‍ പഠിച്ച കാര്യങ്ങള്‍ പ്രയോഗത്തില്‍ വരുത്തിയെന്നതാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സാധാരണ പരിശീലകര്‍ പഠിച്ച കാര്യങ്ങള്‍ പഠിപ്പിക്കുമ്പോള്‍ റാസിഖ് ഷാ സ്വന്തം അനുഭവത്തില്‍ നിന്നുള്ള കാര്യങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് ചെയ്യുന്നത്. മെഡിറ്റേഷന്‍ ശീലമാക്കുകയും ഒരു വിഷന്‍ ബോര്‍ഡ് വെച്ച് ആ ലക്ഷ്യത്തിനായി പ്രയത്‌നിക്കുകയും ചെയ്തതാണ് വിജയം വേഗത്തിലാക്കാന്‍ സഹായിച്ചതെന്ന് റാസിഖ് ഷാ പറയുന്നു. കഠിനമായി ആഗ്രഹിച്ചാല്‍ എന്തും സാധ്യമാകുമെന്ന് അദ്ദേഹം സ്വന്തം ജീവിതം കൊണ്ടുതന്നെ കാണിച്ചിറ്റുണ്ട്. വീട് ചെറുതായതിന്റെ പേരില്‍ വിവാഹം മുടങ്ങിയപ്പോള്‍ അതൊരു വാശിയായെടുത്ത് അധ്വാനിച്ച് വലിയൊരു വീട് വെച്ചു. ഇന്ന് ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം ആ വീട്ടിലാണ് താമസം.

ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം

നിങ്ങളുടെ ചിന്തയിലും പ്രവൃത്തിയിലും കഴിവിലും ശ്രദ്ധ കേന്ദ്രീകരിച്ച് ആഗ്രഹങ്ങളും അഭിലാഷങ്ങളും യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് മാനിഫെസ്റ്റേഷന്‍. ആകര്‍ഷണ നിയമത്തില്‍ അധിഷ്ഠിതമാണത്. ലക്ഷ്യബോധത്തോടെ ഇത് പ്രയോഗത്തില്‍ വരുത്തുകയാണെങ്കില്‍ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാക്കാന്‍ ഇത് ഉപകരിക്കും. നിങ്ങളുടെ ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളിതാ.
1. ഡെയ്‌ലി അഫേര്‍മേഷന്‍ ജേര്‍ണല്‍: ദിവസവും പോസിറ്റീവായ കാര്യങ്ങള്‍ ഊന്നിപ്പറയുക. ഉദാഹരണത്തിന് എനിക്ക് വിജയിക്കണം എന്നതിനു പകരം ഞാന്‍ വിജയിച്ചുകൊണ്ടിരിക്കുകയാണെന്ന് എഴുതുക.
2. വിഷന്‍ ബോര്‍ഡ്: വിഷന്‍ ബോര്‍ഡ് തയാറാക്കി നിങ്ങളുടെ ലക്ഷ്യം എപ്പോഴും കാണുന്ന രീതിയില്‍ തയാറാക്കി വെക്കുക. അനുയോജ്യമായ ഉദ്ധരണികളും ചിത്രങ്ങളും അതില്‍ ഉള്‍പ്പെടുത്തുക. വീട് സ്വന്തമാക്കുക, ലോകം ചുറ്റി സഞ്ചരിക്കുക, സംരംഭം തുടങ്ങുക തുടങ്ങി ഏത് ലക്ഷ്യവുമാകാം.
3. ഗ്രാറ്റിറ്റിയൂഡ് ജേര്‍ണല്‍: ലഭിച്ച കാര്യങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുക എന്നത് പ്രധാനമാണ്. ജീവിതത്തില്‍ സംഭവിച്ചതിനും നിങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കും (അത് ഇതിനകം കൈവരിച്ചതു പോലെ) നന്ദി പറയുക. നല്ല ആരോഗ്യം തന്നതിന് നന്ദി, അല്ലെങ്കില്‍ ഇപ്പോഴനുഭവിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യത്തിന് നന്ദി എന്നിവ പോലെയുള്ള വാക്കുകള്‍ നിങ്ങളില്‍ പോസിറ്റീവ് ചിന്താഗതി വളര്‍ത്തും.
4. മെഡിറ്റേഷനും വിഷ്വലൈേഷനും: എല്ലാ ദിവസവും ധ്യാനിക്കുക. അതിനിടയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ജീവിതം മനസില്‍ കാണുക. അതിലെ സന്തോഷവും അഭിമാനവുമൊക്കെ അനുഭവിച്ചറിയുക.
5. ലക്ഷ്യത്തെ കുറിച്ച് എഴുതുക: നിങ്ങള്‍ വിഭാവനം ചെയ്യുന്ന സ്വപ്‌ന ജീവിതത്തെ കുറിച്ച് എഴുതുക. നേട്ടങ്ങളെ കുറിച്ചും നിങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെ കുറിച്ചും വിശദമായി എഴുതണം.
6 ആക്ഷന്‍ പ്ലാന്‍ തയാറാക്കുക: മനസില്‍ കാണുക മാത്രമല്ല, പോസിറ്റീവ് ചിന്തകള്‍ പ്രവര്‍ത്തനത്തില്‍ വരുത്താനും ശ്രദ്ധിക്കുക. എങ്ങനെ ലക്ഷ്യത്തിലെത്താമെന്ന്പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക.
7 പോസിറ്റീവ് എനര്‍ജി നിറക്കുന്നവ ഉപയോഗിക്കുക: നിങ്ങളുടെ ലക്ഷ്യത്തെ ഓര്‍മിപ്പിക്കുന്ന എന്തെങ്കിലും പ്രതീകങ്ങളോ സാധനങ്ങളോ ഉദ്ധരണികളോ അടുത്തുണ്ടാവുക.
8 സ്വയം സ്‌നേഹിക്കുക, ക്ഷമിക്കാന്‍ പഠിക്കുക: നിങ്ങളുടെ സവിശേഷമായ കഴിവുകളും ശക്തികളും തിരിച്ചറിഞ്ഞ് ഇഷ്ടപ്പെടുക. പിഴവുകള്‍ പൊറുക്കാന്‍ മനസുണ്ടായിരിക്കുക.
9 നിങ്ങളുടെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന പ്രചോദനാത്മകമായ ഓഡിയോ കേള്‍ക്കാം. അത് ഒരുപക്ഷേ സംഗീതമോ ക്ലാസുകളോ ആവാം.
10 നിങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന കമ്മ്യൂണിറ്റിയുടെ ഭാഗമാകുക. ഗ്രൂപ്പുകളുടെ ഭാഗമാകുകയും ശില്‍പ്പശാലകളില്‍ പങ്കെടുക്കുകയുമാകാം. മറ്റു ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികളുടെ ഭാഗമാകുന്നതും നല്ലതാണ്.
Tags:    

Similar News