അനക്കമില്ലാത്ത നില്‍പ്പ്! സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല, വെള്ളിക്കു കയറ്റം

സ്വര്‍ണം ഈ വര്‍ഷം 3,000 ഡോളര്‍ കടക്കുമെന്ന പ്രവചനം തിരുത്തി ഗോള്‍ഡ്മാന്‍ സാക്‌സ്‌;

Update:2025-01-07 10:04 IST

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വില ഗ്രാമിന് 7,215 രൂപയില്‍ തുടരുന്നു. പവന്‍ വില 57,720 രൂപ.

18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല. ഗ്രാമിന് 5,960 രൂപയിലാണ് വ്യാപാരം. രണ്ടു ദിവസം അനക്കമില്ലാതെ തുടര്‍ന്ന വെള്ളി വില ഇന്ന് ഗ്രാമിന് രണ്ട് രൂപ ഉയര്‍ന്ന് 97 രൂപയിലാണ് വ്യാപാരം.
രാജ്യാന്തര സ്വര്‍ണ വില ഇന്നലെ നേരിയ ഇടിവിലായിരുന്നു. ഇന്ന് ഔണ്‍സിന് 0.15 ശതമാനം ഉയര്‍ന്ന് 2,639 ഡോളറിലാണ് വ്യാപാരം.

സ്വർണം ഈ വർഷം 3,000 ഡോളര്‍ കടക്കില്ല 

രാജ്യന്തര സ്വര്‍ണ വില 2025ല്‍ ഔണ്‍സിന് 3,000 ഡോളര്‍ കടക്കുമെന്ന മുന്‍ പ്രവചനം യു.എസ് ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സ് തിരുത്തി. 2026ന്റെ മധ്യത്തോടെയേ സ്വര്‍ണം ഈ മാന്ത്രിക സംഖ്യ ഭേദിക്കുവെന്നാണ് പുതിയ നിഗമനം. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് 2025ല്‍ അടിസ്ഥാന പലിശ നിരക്ക് കാര്യമായി കുറയ്ക്കില്ലെന്ന് വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് മാറ്റം.

യു.എസിലെ തൊഴിലില്ലായ്മക്കണക്കുകളും ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ പണനയ നിര്‍ണയ സമിതിയുടെ യോഗത്തിന്റെ മിനിട്ട്‌സും ഈ ആഴ്ച പുറത്തു വരും. സമീപ ഭാവിയില്‍ സ്വര്‍ണത്തിന്റെ നീക്കത്തിനെ സ്വാധീനിക്കുന്നത് ഇവയാകും.

Tags:    

Similar News