കൊച്ചി വിമാനത്താവള കമ്പനിയുടെ ഓഹരി ഒറ്റവര്‍ഷത്തില്‍ വളര്‍ന്നത് എത്രയെന്ന് അറിയാമോ? എങ്ങനെ വാങ്ങും?
സംസ്ഥാന സര്‍ക്കാരിന് 33.8 ശതമാനവും യൂസഫലിക്ക് 12.11 ശതമാനവും എന്‍.വി ജോര്‍ജിന് 5.94 ശതമാനവും ഓഹരികളാണ് സിയാലില്‍ ഉള്ളത്
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് കമ്പനിയുടെ ഓഹരി വില ഒറ്റവര്‍ഷത്തില്‍ വളര്‍ന്നത് 107 ശതമാനമെന്ന് കണക്കുകള്‍. 2023 ഡിസംബറില്‍ 230 രൂപയുണ്ടായിരുന്ന സിയാല്‍ ഓഹരി വില 2024 ഡിസംബറെത്തിയപ്പോള്‍ 475 രൂപയായി വളര്‍ന്നു. 22,700 കോടി രൂപയുടെ ഏകദേശ മൂല്യം കണക്കാക്കുന്ന സിയാലിന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1,234 കോടി രൂപ വരുമാനവും 448 കോടി രൂപയുടെ ലാഭവും നേടാനായിരുന്നു. പുതിയ ആഡംബര ഹോട്ടലും എയര്‍പോര്‍ട്ട് ലോഞ്ചും ആരംഭിച്ചതിലൂടെയും യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിച്ചതിലൂടെയും നടപ്പുസാമ്പത്തിക വര്‍ഷത്തിലും കമ്പനിക്ക് മികച്ച വളര്‍ച്ച നേടാനാകുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.
സിയാലില്‍ നിക്ഷേപകരാകാം
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനിയാണെങ്കിലും നിലവില്‍ ഇഷ്യൂ ചെയ്ത ഓഹരികള്‍ നിക്ഷേപകര്‍ക്ക് വാങ്ങാവുന്നതാണ്. അണ്‍ലിസ്റ്റഡ് ഓഹരികള്‍ വാങ്ങാന്‍ കഴിയുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി വളരെ ഇത്തരം ഓഹരികള്‍ വാങ്ങാം. കൂടാതെ നിശ്ചിത കമ്മിഷന്‍ നല്‍കിയാല്‍ അംഗീകൃത ബ്രോക്കര്‍മാര്‍ വഴിയും സിയാലിന്റെ ഓഹരികള്‍ സ്വന്തമാക്കാവുന്നതാണ്.
നിലവിലെ നിക്ഷേപകര്‍
പ്രവാസികളുടേത് അടക്കം നിക്ഷേപത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളമാണ് കൊച്ചിയിലേത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായ കമ്പനിയില്‍ സംസ്ഥാന സര്‍ക്കാരിന് 7,600 കോടി രൂപ വിലമതിക്കുന്ന 33.8 ശതമാനം ഓഹരികളാണുള്ളത്. 2,750 കോടി രൂപ വിലമതിക്കുന്ന 12.11 ശതമാനം ഓഹരികള്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടേതാണ്. 1,350 കോടി രൂപയുടെ 5.94 ശതമാനം ഓഹരികളുള്ള പ്രമുഖ പ്രവാസി വ്യവസായി എന്‍.വി ജോര്‍ജും സിയാലിന്റെ പ്രധാന നിക്ഷേപകരില്‍ ഒരാളാണ്. ബാക്കിയുള്ള 48.57 ശതമാനം ഓഹരികളുടെ ഉടമകള്‍ 25,000ത്തോളം പേരാണ്.