ഡോളര്‍ പിടിമുറുക്കി, സ്വര്‍ണം തെന്നി താഴേക്ക്, കേരളത്തിലും വിലയിടിവ്
മൂന്ന് ദിവസത്തിനുള്ളില്‍ പവന്‍ വില 560 രൂപ കുറഞ്ഞു, വെള്ളിക്ക് മൂന്നാം നാളും അനക്കമില്ല
സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 7,090 രൂപയും പവന് 480 രൂപ കുറഞ്ഞ് 56,720 രൂപയുമായി. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഇടിവിലാണ്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5,860 രൂപയിലാണ് വ്യാപാരം. വെള്ളി വിലയ്ക്ക് ഇന്നും മാറ്റമില്ല. ഗ്രാമിന് 97 രൂപയില്‍ തുടരുന്നു.
രാജ്യാന്തര വിലയ്‌ക്കൊപ്പം
ശനിയാഴ്ചയും കേരളത്തില്‍ ഗ്രാമിന് 80 രൂപ കുറഞ്ഞിരുന്നു. ഡോളര്‍ കരുത്ത് പ്രാപിച്ചതോടെ അന്താരാഷ്ട്ര വില ഇടിഞ്ഞതാണ് കേരളത്തിലും സ്വര്‍ണ വിലയില്‍ കുറവുണ്ടാക്കിയത്. കഴിഞ്ഞ നാല് ദിവസമായി മുന്നേറ്റത്തിലായിരുന്ന രാജ്യാന്തര വില ഇന്നലെ 0.29 ശതമാനം ഇടിഞ്ഞു. ഇന്ന് വ്യാപാരം നടക്കുന്നത് ഒരു ശതമാനത്തോളം ഇടിഞ്ഞ് 2,628 ഡോളറിലാണ്.
വില ഇനിയും ഇടിയുമോ?
ഫെഡറല്‍ റിസര്‍വ് പലിശ നിരക്കു കുറയ്ക്കുമോ എന്നറിയാന്‍ അമേരിക്കന്‍ സാമ്പത്തിക കണക്കുകളിലേക്ക് കണ്ണും നട്ടിരിക്കുകയാണ് നിക്ഷേപകര്‍. യു.എസ് ജോബ് ഓപ്പണിംഗ്‌സ്, എ.ഡി.പി എംപ്ലോയ്‌മെന്റ് റിപ്പോര്‍ട്ട്, പേറോള്‍ റിപ്പോര്‍ട്ട് എന്നിവ ഈ ആഴ്ച പുറത്തു വരും. നിലവില്‍ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കാല്‍ ശതമാനം കുറയ്ക്കാന്‍ 65.2 ശതമാനം മാത്രം സാധ്യതയാണ് കാണുന്നത്. നവംബറില്‍ സ്വര്‍ണ വില മൂന്ന് ശതമാനത്തോളമാണ് ഇടിഞ്ഞത്. 2023 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണിത്. ട്രംപ് അധികാരത്തിലെത്തുന്നതോടെ നികുതി നിരക്കുകള്‍ ഉയരുന്നതിനാല്‍ പലിശ നിരക്കും ദീര്‍ഘകാലത്തേക്ക് ഉയര്‍ന്നു തന്നെ നിന്നേക്കാമെന്നാണ് കരുതുന്നത്.
അടുത്തിടെ പുറത്തു വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് യു.എസ് പണപ്പെരുപ്പം കുറയുന്നത് മന്ദഗതിയായിട്ടുണ്ടെന്നാണ്. അതായത് പണപ്പെരുപ്പതോത് മുമ്പത്തെപ്പോലെ കുറയില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്. പണപ്പെരുപ്പത്തിന് എതിരായുള്ള സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണത്തെ കാണുന്നത്. എന്നാല്‍ പലിശ നിരക്ക് ഉയര്‍ന്നു നില്‍ക്കുമ്പോള്‍ സ്വര്‍ണം ആകര്‍ഷകമല്ലാതാകും. കാരണം കൂടുതല്‍ നേട്ടത്തിനായി ആളുകള്‍ ഉയര്‍ന്ന പലിശയുള്ള നിക്ഷേപങ്ങളിലേക്ക് മാറും. എന്നാല്‍ ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സജീവമായി നില്‍ക്കുന്നത് സ്വര്‍ണത്തില്‍ മുന്നേറ്റത്തിനുള്ള സാധ്യതകളാണ് നല്‍കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.
ഇന്ന് ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 56,720 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ ഈ തുക മതിയാകില്ല. ഇന്നത്തെ പവന്‍ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി. 45 രൂപ ഹള്‍മാര്‍ക്കിംഗ് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 61,396 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.