ലുലുവിന്റെ വമ്പന്‍ ടവറുകള്‍ ലക്ഷ്യമാക്കി രാജ്യാന്തര കമ്പനികള്‍; കൊച്ചിയില്‍ തുറക്കുന്നത് ഇന്ത്യയിലെ ഏറ്റവും സുസജ്ജമായ ഐ.ടി പാര്‍ക്ക്
ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റിന് അനുമതി ലഭിച്ചതോടെ കമ്പനികളുമായി ഉടന്‍ ലീസ് എഗ്രിമെന്റ് ഒപ്പുവയ്ക്കാനാകും
ലുലു ഗ്രൂപ്പ് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ പണിതുയര്‍ത്തിയ കേരളത്തിലെ ഏറ്റവും വലിയ ഐ.ടി ഇരട്ട ടവറുകളുടെ മിനുക്കുപണികൾ അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 1,500 കോടിയാണ് ബൃഹത്തായ ഈ പദ്ധതിയുടെ ചെലവ്. 153 മീറ്റര്‍ ഉയരത്തിലുള്ള ഈ കെട്ടിടം കേരളത്തിന്റെ ഐ.ടി മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും സുസജ്ജമായ ഐ.ടി ടവറായിരിക്കുമിത്. ലുലു ടവറുകൾക്ക് ഒക്യൂപെൻസി സർട്ടിഫിക്കറ്റിനുള്ള (OC) പ്രാരംഭ അനുമതി ലഭിച്ചതോടെ കമ്പനികളുമായി ഉടന്‍ ലീസ് എഗ്രിമെന്റ് ഒപ്പുവച്ചു തുടങ്ങും. അതിനു ശേഷം കമ്പനികള്‍ക്ക് ആവശ്യമായ ബാക്കി സൗകര്യങ്ങള്‍ കൂടി ലുലു ഗ്രൂപ്പ് ഒരുക്കും.
മൊത്തം 34.54 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ടവറുകളില്‍ 25.5 ലക്ഷം ചതുരശ്ര അടി സ്‌പേസാണ് ലീസിന് നല്‍കുക. ഗ്രൗണ്ട് ഫ്‌ളോര്‍ അടക്കം 30 നിലകളാണ് ഈ ഇരട്ട ടവറിലുള്ളത്. ഇതുകൂടാതെ മൂന്ന് ലെവല്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. ഒരേസമയം 4,250 ഓളം കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും. അതില്‍ തന്നെ 3,000ത്തില്‍ പരം കാറുകള്‍ക്കുള്ള റോബോട്ട് കാര്‍പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. ലുലു ഐ.ടി ഇന്‍ഫ്രബില്‍ഡ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ ഇരട്ടടവറുകള്‍ നിര്‍മിച്ചിരിക്കുന്നത്.
ലുലു ഐ.ടി പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയ ഇന്റര്‍നാഷണല്‍ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റുമാരെല്ലാം (IPC) ഐ.ടി കാംപസിനെ പ്രശംസിച്ചാണ് മടങ്ങിയത്. കൂടാതെ ഇവിടെയെത്തിയ നാലോളം എം.എന്‍.സികളും ബില്‍ഡിംഗില്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. നവംബറിലാണ് ലുലു ഇന്‍ഫ്രാ ബില്‍ഡ് ഇരട്ട ടവറുകളുടെ ഉദ്ഘാടനം പ്രതീക്ഷിക്കുന്നത്.
Also Read: കൊച്ചിയില്‍ ഉയരുന്നു ലുലുവിന്റെ വമ്പന്‍ ഇരട്ട ഐ.ടി ടവര്‍; തുറക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍
ബംഗളൂരുവില്‍ നിന്ന് കൊച്ചിലേക്കൊഴുകും ടെക്കികള്‍