നോ റിട്ടയര്‍മെന്റ്! 82-ാം വയസില്‍ സംരംഭം, ഒരുക്കുന്നത് കേരളത്തിന്റെ ആദ്യ പ്രീമിയം വൈന്‍

റിവര്‍ ഐലന്‍ഡ് വൈനറിയില്‍ നിന്നുള്ള ആദ്യ ബാച്ച് മൂന്ന് മാസത്തിനകം

Update:2024-12-03 10:23 IST

സംരംഭകത്വത്തിന് പ്രായം ഒരു പ്രശ്നമാണോ? അല്ലെന്ന് നിസംശയം പറയും കാസര്‍കോട് ഭീമനടി സ്വദേശിയായ സെബാസ്റ്റ്യന്‍ പി. അഗസ്റ്റിനെ ഒരിക്കലെങ്കിലും പരിചയപ്പെട്ടിട്ടുള്ളവര്‍. ഡെപ്യൂട്ടി തഹസില്‍ദാറായി വിരമിച്ച സെബാസ്റ്റ്യനാണ് കേരളത്തില്‍ വീര്യം കുറഞ്ഞ വൈന്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാനുള്ള എക്സൈസ് വകുപ്പിന്റെ ലൈസന്‍സ് നേടിയ ആദ്യ വ്യക്തി. കരിക്കില്‍ നിന്ന് വൈന്‍ ഉണ്ടാക്കുന്നതിന് പേറ്റന്റ് നേടിയിട്ടുള്ള രാജ്യത്തെ തന്നെ ആദ്യ വ്യക്തിയുമാണ്. അധികം താമസിയാതെ സ്വന്തം വൈനറിയില്‍ നിന്ന് വീര്യം കുറഞ്ഞ വൈനുകള്‍ ബോട്ടിലുകളില്‍ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഈ 82 കാരന്‍.

സ്വന്തമായി വൈനുണ്ടാക്കി പേറ്റന്റ് നേടി

2002ലാണ് സെബാസ്റ്റ്യന്‍ ആദ്യമായി കരിക്കില്‍ നിന്ന് വൈന്‍ ഉണ്ടാക്കുന്നത്. തെങ്ങുകള്‍ക്ക് മണ്ഡരി രോഗം ബാധിച്ചതോടെ കുറെയധികം കരിക്കുകള്‍ പറിച്ചു മാറ്റേണ്ടി വന്നു. ആയിടയ്ക്ക് ചക്കയില്‍ നിന്ന് വൈന്‍ ഉണ്ടാക്കുന്നത് പഠിപ്പിക്കുന്ന ഒരു ക്ലാസില്‍ പങ്കെടുത്തിരുന്നു. ആ പരിചയം വച്ചാണ് ഇളനീരില്‍ നിന്നുണ്ടാക്കിയാല്‍ എങ്ങനെയിരിക്കുമെന്ന ചിന്ത വന്നത്. പരീക്ഷണം വിജയകരമായതറിഞ്ഞാണ് സി.പി.സി.ആര്‍.ഐ (Central Plantation Crops Research Institute (CPCRI) വിളിപ്പിക്കുന്നത്. കേന്ദ്ര കൃഷി വകുപ്പ് സെക്രട്ടറിയുണ്ടായിരുന്നു അന്നവിടെ. വൈനിനെ കുറിച്ച് അവിടെ ചെറിയൊരു പ്രസന്റേഷന്‍ നടത്തി. വൈന്‍ രുചിച്ചു നോക്കിയ ശേഷം മികച്ചതാണെന്ന അഭിപ്രായവും വന്നു. അവിടെയുള്ളവരുടെ നിര്‍ദേശ പ്രകാരമാണ് പേറ്റന്റിന് അപേക്ഷിക്കുന്നത്.

 



 സി.എഫ്.ടി.ആര്‍.ഐയില്‍ വൈന്‍ പരിശോധിച്ച് അതിന്റെ പരിശോധന ഫലം സഹിതമാണ് പേറ്റന്റിന് അപേക്ഷിച്ചത്. പക്ഷെ ഇതില്‍ ചെനീസ് പേറ്റന്റ് ഉണ്ടെന്ന സംശയത്തില്‍ ആദ്യം അനുവദിച്ചില്ല. പിന്നെ സ്വന്തം നിലയ്ക്ക് അന്വേഷിച്ചപ്പോള്‍ തേങ്ങാവെള്ളത്തില്‍ നിന്നുള്ള വൈനിനാണ് ചൈനീസ് പേറ്റെന്റ് എന്നു മനസിലായി. തെളിവു സഹിതം വീണ്ടും അപേക്ഷിച്ചതോടെ പേറ്ററ്റ് അനുവദിച്ചു. 2007ലാണ് പേറ്റന്റ് ലഭിക്കുന്നത്. ലോകത്തെല്ലായിടത്തേക്കുമുള്ള പേറ്റന്റിനായി അപേക്ഷിച്ചിരുന്നെങ്കിലും അവരുടെ മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ വലിയ ചെലവു വരുമെന്നതിനാല്‍ അതില്‍ നിന്ന് പിന്‍വാങ്ങിയതായി സെബാസ്റ്റ്യന്‍ പറയുന്നു.

പിന്നെ ലൈസന്‍സിനായി ശ്രമം

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് വൈന്‍ ലൈസന്‍സിനായി ആദ്യം അപേക്ഷിക്കുന്നത്. പക്ഷെ അന്ന് ലൈസന്‍സ് കൊടുക്കാന്‍ വകുപ്പില്ലാത്തതിനാല്‍ നല്‍കിയില്ല. അടുത്തിടെ കേരള ഗവണ്‍മെന്റ് വൈന്‍ ലൈസന്‍സ് നല്‍കുന്നത് അറിഞ്ഞപ്പോള്‍ വീണ്ടും അപേക്ഷിച്ചു. എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് പോലുള്ളവ ആവശ്യപ്പെട്ടിരുന്നു. പേറ്റന്റും മറ്റുമുണ്ടായിരുന്നതു കൊണ്ട് വേഗം ലൈസന്‍സ് കിട്ടി.
എക്‌സൈസ്, കൃഷി വകുപ്പ്, പി.ഡബ്ല്യു.ഡി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ നാല് വിഭാഗങ്ങളുടെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന ബോര്‍ഡാണ് അനുമതി നല്‍കിയിത്. 
അതിനു ശേഷം എക്‌സൈസ് വകുപ്പില്‍ നിന്ന്
 ലൈസന്‍സ് ലഭിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് ലൈസന്‍സ്.

വൈനറി സജ്ജമാകുന്നു

പതിനഞ്ചേക്കറോളം വരുന്ന തോട്ടം സ്വന്തമായുണ്ട്. ഇവിടെ ഡ്രാഗണ്‍ ഫ്രൂട്ട്, ചക്ക, പൈനാപ്പിള്‍, മാമ്പഴം, വാഴപ്പഴം, പപ്പായ തുടങ്ങി നാനാതരം പഴ വര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. ഈ സ്ഥലത്തു തന്നെയാണ് 'റിവര്‍ ഐലന്റ് വൈനറി' എന്നപേരില്‍ വൈനറി സ്ഥാപിച്ചിരിക്കുന്നത്. വൈനറി യൂണിറ്റിന് എം.എസ്.എം.ഇ ഉദ്യം രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുണ്ട്.
നിലവില്‍ വലിയ വൈനറികള്‍ക്ക് വേണ്ടിയുള്ള ടാങ്കുകളും മറ്റുമാണ് കമ്പനികള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് ഇവിടെ വൈന്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യമായ ടാങ്കുകളും മറ്റും പ്രത്യേകം രൂപകല്‍പ്പന ചെയ്യണമായിരുന്നു.  ഈ മാസം അവസാനമോ ജനുവരി ആദ്യമോ ഇത് കിട്ടുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ വൈന്‍ ഉത്പാദിപ്പിച്ച് ബോട്ടിലുകളിലാക്കി ഉത്പാദനം നടത്താനാകുമെന്ന് സെബാസ്റ്റ്യന്‍ പറയുന്നു.
ബോട്ട്‌ലിംഗ് യൂണിറ്റ്, ഫെര്‍മെന്റേഷന്‍ ടാങ്ക്, കോള്‍ഡ് സ്‌റ്റോറേജ് എന്നിവയടക്കം 30 ലക്ഷം രൂപയോളമാണ് വൈനറി തുടങ്ങാന്‍ ചെലവു വരുന്നത്. ഇളനീരും പഴങ്ങളുമുപയോഗിച്ചാണ് വൈന്‍ നിര്‍മിക്കുക.
പ്രതിദിനം 1,000 കരിക്ക് പ്രോസസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അതു വഴി 250-300 ലിറ്റര്‍ വൈന്‍ കിട്ടും. ഫ്രൂട്‌സില്‍ നിന്ന് പ്രതിദിനം 500 ലിറ്റര്‍ വൈന്‍ ഉത്പാദിപ്പിക്കാനും ഉദ്ദേശിക്കുന്നു. ഇളനീര്‍ വൈന്‍ 750 മില്ലിലിറ്റര്‍ കുപ്പിക്ക് നികുതി ഒഴികെ 500 രൂപയ്ക്ക് മുകളിലാണ് വില പ്രതീക്ഷിക്കുന്നത്. ഫ്രൂട്ട് വൈനിന് വില ഇതിലും കുറവാകും.


തോട്ടത്തില്‍ നിന്നുള്ളതിനു പുറമെ ആവശ്യമായ പഴവര്‍ഗങ്ങള്‍ കര്‍ഷകസംഘങ്ങള്‍, കുടുംബശ്രീ എന്നിവരില്‍ നിന്ന് ശേഖരിക്കാനാണ് പദ്ധതി. ഇളനീരില്‍ നിന്നുള്ള വൈനിന് ''ടെന്‍ഡര്‍ കോക്കനട്ട് വൈന്‍'  എന്നാണ് പേര് ഉദ്ദേശിക്കുന്നത്. ട്രേഡ് മാര്‍ക്കിനായി അപേക്ഷിച്ചിട്ടുണ്ട്. അത് കിട്ടിയില്ലെങ്കില്‍ മറ്റ് പേര് നോക്കുമെന്നും സെബാസ്റ്റ്യന്‍ പറയുന്നു.

ഹോംസ്‌റ്റേകള്‍ക്കും ലഭ്യമാക്കിയാല്‍ നേട്ടം

ഉത്പാദിപ്പിക്കുന്ന വൈന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വഴി മാത്രമാണ് വില്‍ക്കാനാകുക.ചെറുകിടക്കാരെ എത്രത്തോളം പ്രോത്‌സാഹിപ്പിക്കാന്‍
 ബിവറേജസ് കോര്‍പ്പറേഷന് സാധിക്കുമെന്നതില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട് സെബാസ്റ്റ്യന്‍. ടൂറിസം സാധ്യതകള്‍ മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അതിനുപകരിക്കുന്ന രീതിയില്‍ ഹോം സ്‌റ്റേകളിലും മറ്റും ഇത് വില്‍ക്കാന്‍ അനുവദിക്കുന്ന വിധത്തില്‍ അബ്കാരി നയങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. അങ്ങനെയാണെങ്കില്‍ ധാരാളം ചെറുകിടക്കാര്‍ക്ക് ലൈസന്‍സ് നേടി ഇത്തരം മൂല്യ വര്‍ധിത മേഖലയിലേക്ക് കടക്കാനാകുമെന്നും സെബാസ്റ്റ്യന്‍
 പറയുന്നു.
വളരെ ചെറുപ്പം മുതലേ കാര്‍ഷിക മേഖലയുമായി ബന്ധമുണ്ടായിരുന്നെങ്കിലും 1998ല്‍ ഡെപ്യൂട്ടി തഹസില്‍ദാറായി വിരമിച്ച ശേഷമാണ് മുഴവന്‍ സമയ കര്‍ഷകനായി മാറിയത്. 2008 ല്‍ ഇന്ത്യയിലെ ഏറ്റവും നല്ല തെങ്ങു കര്‍ഷകനുള്ള നാളികേര വികസന ബോര്‍ഡിന്റെ അവാര്‍ഡും ലഭിച്ചിരുന്നു. പഴങ്ങള്‍ക്ക് പുറമെ തെങ്ങ്, കവുങ്ങ്, റബര്‍, കുരുമുളക്, അവക്കാഡോ എന്നിങ്ങനെ കേരളത്തില്‍ വളരുന്ന എല്ലാത്തരം കൃഷിയും ചെയ്യുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കേര കേസരി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭാര്യയാണ് എല്ലാവിധ പിന്തുണയുമായി ഒപ്പമുള്ളത്. മകന്‍ ദുബൈയിലും മകള്‍ എറണാകുളത്തുമാണ് താമസം.
Tags:    

Similar News