സ്വര്‍ണ വില ചാഞ്ചാട്ടം തുടരുന്നു, ഇന്ന് 80 രൂപ കുറഞ്ഞു; വിവാഹ പര്‍ച്ചേസുകാര്‍ക്ക് ബുക്കിംഗിന് അവസരം

അന്താരാഷ്ട്ര വില 2,683 ഡോളറില്‍, റെക്കോഡില്‍ നിന്ന് 73 ഡോളറോളം ഇടിവ്‌

Update:2024-11-09 10:37 IST

കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് കുറവ്. ഗ്രാം വില 10 രൂപ കുറഞ്ഞ് 7,275 രൂപയും പവന്‍ വില 80 രൂപ താഴ്ന്ന് 58,200 രൂപയുമായി.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,995 രൂപയായി. വെള്ളി വിലയ്ക്ക് ഇന്ന് അനക്കമില്ല, ഗ്രാമിന് 100 രൂപയിലാണ് ഇന്നും വ്യാപാരം.
അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ ഇന്നലെ 0.86 ശതമാനം കുറവുണ്ടായിരുന്നു. ഇതാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്. ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്ന് ഉറപ്പായതിനു ശേഷം സ്വര്‍ണ വിലയില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. തുടര്‍ന്ന് ഫെഡറല്‍ ബാങ്ക് അടിസ്ഥാന പലിശ നിരക്കുകളില്‍ കാല്‍ ശതമാനത്തോളം കുറവു വരുത്തിയതും സ്വര്‍ണത്തിനെ സ്വാധീനിച്ചു.

കല്യാണക്കാര്‍ക്ക് ആശ്വാസം 

ഒക്ടോബര്‍ 31ന് കുറിച്ച് പവന് 59,640 രൂപയാണ് കേരളത്തില്‍ ഇതു വരെ രേഖപ്പെടുത്തിയ റെക്കോഡ് വില. അതുമായി നോക്കുമ്പോള്‍ 10 ദിവസത്തിനുള്ളില്‍ വില 1,440 രൂപയോളം കുറവു വന്നിട്ടുണ്ട്. കല്യാണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമാണ് സ്വര്‍ണ വിലയിലെ ഇടിവ്.
കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങണമെന്നുള്ളവര്‍ക്ക് ജുവലറികളുടെ ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. സ്വര്‍ണം ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയും വാങ്ങുന്ന ദിവസത്തെ വിലയും താരതമ്യം ചെയ്ത് അതില്‍ ഏതാണോ കുറഞ്ഞ വില ആ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ സഹായിക്കുന്ന മാര്‍ഗമാണ് മുന്‍കൂര്‍ ബുക്കിംഗ്. ഉദാഹരണത്തിന് ഇന്ന് 58,200 രൂപയ്ക്ക് ഒരു പവന്‍ സ്വര്‍ണം ബുക്ക് ചെയ്യുന്നുവെന്ന് വിചാരാരിക്കുക. രണ്ട് മാസം കഴിഞ്ഞ് സ്വര്‍ണ വില 62,000 രൂപ എത്തിയാലും ഇന്നത്തെ വിലയ്ക്ക് സ്വര്‍ണം വാങ്ങാനാകും. ബുക്കിംഗ് നടത്തുന്നതിനു മുമ്പ് ജുവലറികളുടെ നിബന്ധനകള്‍ ചോദിച്ചു മനസിലാക്കാന്‍ മറക്കരുത്.

ഇന്ന് ഒരു പവന്‍ ആഭരണത്തിന് വല

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,200 രൂപയാണ്. പക്ഷെ, ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് സ്വന്തമാക്കാനാകില്ല. ഇന്നത്തെ വിലയ്‌ക്കൊപ്പം ജി.എസ്.ടിയും ഹോള്‍മാര്‍ക്ക് ചാര്‍ജും ഏറ്റവും കുറഞ്ഞ് അഞ്ച് ശതമാനം പണിക്കൂലിയും അടക്കം 63,000 രൂപയെങ്കിലും ചെലവാകും. ആഭരണങ്ങളുടെ ഡിസൈനുകള്‍ക്ക് അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ആഭരണങ്ങള്‍ക്ക് 10-20 ശതമാനം വരെയാണ് പണിക്കൂലി. അതിനുസരിച്ച് വില വീണ്ടും ഉയരും.
Tags:    

Similar News