ജീവകാരുണ്യത്തിന് കോടികള്‍ ദാനം ചെയ്ത വനിതകളുടെ പട്ടികയില്‍ മലയാളിയും, വീണ്ടും ശ്രദ്ധ നേടി സാറ ജോര്‍ജ് മുത്തൂറ്റ്
രോഹിണി നിലേകനി ഒന്നാമത്, അഞ്ച് കോടി രൂപ മുതല്‍ സംഭാവന നല്‍കിയ 21 പേരാണ് ലിസ്റ്റിലുള്ളത്;
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മാനവക്ഷേമത്തിനുമായി സ്വത്തില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോടികള്‍ ദാനം ചെയ്ത 21 ഇന്ത്യന്‍ വനിതകളുടെ പട്ടികയിൽ ഇടം പിടിച്ച് മലയാളിയായ സാറ ജോര്‍ജ് മുത്തൂറ്റ്. 2024 എഡില്‍ഗിവ് ഹുറൂണ്‍ ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റ് 2024 - വിമന്‍ ലിസ്റ്റില്‍ നാലാം സ്ഥാനത്താണ് സാറ. 74 കോടി രൂപയാണ് ദാനം ചെയ്തത്.
മുത്തൂറ്റ് ഫിനാന്‍സിന്റെ ചെയര്‍മാനായിരുന്ന അന്തരിച്ച ജോര്‍ജ് മുത്തൂറ്റിന്റെ ഭാര്യയാണ് സാറാ ജോര്‍ജ്. മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികളാണ് സാറാ ജോര്‍ജിന്റെ മൂല്യമുയര്‍ത്തിയത്. ഡല്‍ഹിയിലെ സെന്റ് ജോര്‍ജ് സ്‌കൂള്‍, പോള്‍ ജോര്‍ജ് ഗ്ലോബല്‍ സ്‌കൂള്‍ എന്നീ രണ്ട് സ്‌കൂളുകളുടെ ഡയറക്ടറാണ്. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
രോഹിണി നിലേകനി ഒന്നാമത്
154 കോടി രൂപ ദാനം ചെയ്ത രോഹിണി നിലേകനിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 65 കാരിയായ രോഹിണി പ്രതിദിനം 42 ലക്ഷം രൂപയാണ് ദാനം നല്‍കിയത്. മൈന്‍ഡ്ട്രീയുടെ സുസ്മിത ബാഗ്ജിയാണ് 90 കോടി രൂപ ദാനം ചെയ്ത് പട്ടികയില്‍ രണ്ടാമത് ഇടം പിടിച്ചത്. കിരണ്‍ മജൂംദാര്‍ഷായാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 85 കോടി രൂപയാണ് കിരണ്‍ സംഭാവന ചെയ്തത്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട ഹുറൂണ്‍ ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റിന്റെ തുടര്‍ച്ചയായാണ് വനിതാ ലിസ്റ്റ് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ തുക ജീവനകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയത് എച്ച്.സി.എല്‍ ടെകിന്റെ ഉടമ ശിവ് നാടാര്‍ ആണ്. 2,153 കോടി രൂപയാണ് അദ്ദേഹം ദാനം ചെയ്തത്. പ്രതിദിനം ശരാശരി 5.9 കോടി എന്ന നിരക്കിലാണ് സംഭാവനകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മൂന്നാം തവണയാണ് ശിവ് നാടാര്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്.