മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് രണ്ടാം പാദത്തില്‍ 28% ലാഭ വളര്‍ച്ച, വരുമാനം ₹2,114 കോടിയായി

കൈകാര്യം ചെയ്യുന്ന ആസ്തി 41,873.15 കോടിയായി

Update:2024-11-09 16:11 IST

ഷാജി വര്‍ഗീസ്,  സി.ഇ.ഒ, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ്

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു കീഴിലുള്ള ബാങ്ക് ഇതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ് 2024-25 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദമായ ജൂലൈ-സെപ്റ്റംബറില്‍ 59.68 കോടി രൂപയുടെ വളര്‍ച്ചയോടെ 269.37 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 28.46 ശതമാനമാണ് വളര്‍ച്ച. ഈ കാലയളവില്‍ ബാങ്കിന്റെ വായ്പാ വിതരണം 9.34 ശതമാനം വര്‍ധിച്ച് 15,633.50 കോടി രൂപയായി. വരുമാനം 35.48ശതമാനം വര്‍ധിച്ച് 2,113.78 കോടി രൂപയുമായി. മുത്തൂറ്റ് ഫിന്‍കോര്‍പ് കൈകാര്യം ചെയ്യുന്ന ആസ്തി (AUM) 41,873.15 കോടി രൂപയുമായി.

മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ഏകീകൃത ലാഭം 118.02 ശതമാനം വര്‍ധനയോടെ 198.17 കോടി രൂപയാണ്. കമ്പനിയുടെ തനിച്ചുള്ള വായ്പാ വിതരണം 12,741 കോടി രൂപയും കൈകാര്യം ചെയ്യുന്ന  ആസ്തി 27,043 കോടി രൂപയുമാണ്. ഏകീകൃത വരുമാനം 920.37 കോടി രൂപയില്‍ നിന്ന് 46.44 ശതമാനം വര്‍ധനയോടെ 1,347.76 കോടി രൂപയായി.

ഉപയോക്തൃ കേന്ദ്രീകൃതമായ സംവിധാനങ്ങളിലൂടെ സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കാനുള്ള കമ്പനിയുടെ തീവ്രമായ ശ്രമങ്ങളുടെ ഫലമാണ് രണ്ടാം പാദത്തിലെ മികച്ച പ്രവര്‍ത്തന ഫലങ്ങളെന്ന്‌ മുത്തൂറ്റ് ഫിന്‍കോര്‍പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.

എല്ലാ മേഖലകളിലും തന്നെ മികച്ച നേട്ടമുണ്ടാക്കാനായെന്നും വരും പാദങ്ങളില്‍ ഉത്പന്ന നിര കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മുത്തൂറ്റ് ഫിന്‍കോര്‍പ് സി.ഇ.ഒ ഷാജി വര്‍ഗീസ് പറഞ്ഞു.

Tags:    

Similar News