വെന്തുരുകി കേരളം, വൈദ്യുതി ഉപഭോഗം റെക്കോഡില്‍; കെ.എസ്.ഇ.ബിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് അയവില്ല

അധികമായി വേണ്ടി വരുന്ന വൈദ്യുതി ആവശ്യം പരിഹരിക്കുന്നത് പുറത്തുനിന്ന് അമിത വിലയ്ക്ക് വാങ്ങി

Update: 2024-03-28 11:17 GMT

വേനല്‍ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍ വൈദ്യുതി ഉപഭോഗവും കുതിച്ചുയരുകയാണ്. വ്യാഴാഴ്ച മാത്രം 10.46 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. മാര്‍ച്ച് 26ന് 10.39 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച റെക്കോഡാണ് മറികടന്നത്. ഇതിനു മുമ്പ് കഴിഞ്ഞ ഏപ്രില്‍ 19ന് 10.29 കോടി യൂണിറ്റ് ഉപയോഗിച്ചതാണ് മുന്‍കാല റെക്കോഡ്.

ഇന്നലെ വൈകുന്നേരം ആറു മുതല്‍ 11 വരെയുള്ള പീക്ക് സമയത്ത് 5,197 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. ചൊവ്വാഴ്ച 5,150 മെഗാവാട്ട് ആയിരുന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ കൂടുതല്‍ ദശലക്ഷം വൈദ്യുതിയാണ് ഇന്നലെ പുറത്തുനിന്ന് വാങ്ങിയത്. ചൊവ്വാഴ്ച 90.16 ദശലക്ഷം യൂണിറ്റ് വാങ്ങിയത് ഇന്നലെ 103.86 ദശലക്ഷമായി ഉയര്‍ന്നു.
വീണ്ടും പ്രതിസന്ധി
ഉപഭോഗം കൂടുമ്പോള്‍ അമിതവിലയ്ക്ക് വൈദ്യുതി പവര്‍ എക്‌സചേഞ്ചില്‍ നിന്ന് വാങ്ങിയാണ് കെ.എസ്.ഇ.ബി വിതരണം നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടം ഏറ്റെടുത്ത സര്‍ക്കാര്‍ കഴിഞ്ഞദിവസം ഇതിന്റെ 75 ശതമാനം തുക അനുവദിച്ചിരുന്നു. 2022-23ലെ കെ.എസ്.ഇ.ബിയുടെ നഷ്ടം 1023.61 കോടി രൂപയാണ്. ഇതിന്റെ 75 ശതമാനമായി 76,771 കോടി രൂപയാണ് നല്‍കിയത്.
വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കായി കേന്ദ്രം അനുവദിച്ച 4,866 കോടി രൂപ സംസ്ഥാനം കടമെടുത്തിരുന്നു. അതില്‍ നിന്നാണ് ഇപ്പോള്‍ കെ.എസ്.ഇ.ബിക്ക് തുക കൈമാറിയത്.
എന്നാല്‍ നിലവില്‍ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റിനു മുകളില്‍ തുടരുന്നതിനാല്‍ കെ.എസ്.ഇ.ബിയുടെ സാമ്പത്തിക പ്രതിസന്ധി ഒഴിയുന്നില്ല. പ്രതിദിനം ശരാശരി 12 കോടി രൂപയാണ് വൈദ്യുതി വാങ്ങാന്‍ ചെലവിടുന്നത്. കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം വെറും 13.14 ദശക്ഷം യൂണിറ്റ് മാത്രമാണ്. അധികമായി ഉപയോഗിക്കുന്ന ഓരോ യൂണിറ്റിനും എട്ടു രൂപ മുതല്‍ 12 രൂപ വരെ ചെലവിടേണ്ടി വരുന്നുണ്ട്.
കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന കെ.എസ്.ഇ.ബി ജനുവരിയില്‍ 500 കോടിയും ഫെബ്രുവരിയില്‍ 200 കോടിയും വായ്പയെടുത്താണ് ശമ്പളവും പെന്‍ഷനും നല്‍കിയത്.


Tags:    

Similar News