കേരളത്തിന്റെ 'ഗള്‍ഫ് കപ്പല്‍' സ്വപ്‌നം പൂവണിയുന്നു? പച്ചക്കൊടി വീശി സര്‍ക്കാര്‍; ടെന്‍ഡറിനും തുടക്കം
കേരള മാരിടൈം ബോര്‍ഡ് കമ്പനികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു
കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കപ്പല്‍ സര്‍വീസ് നടത്താനൊരുങ്ങി കേരള സര്‍ക്കാര്‍. ഇതിനായി കേരള മാരിടൈം ബോര്‍ഡ് ഷിപ്പിംഗ് കമ്പനികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. സര്‍വീസ് ആരംഭിക്കുന്നതിന് ഉടനടി കപ്പല്‍ നല്‍കാന്‍ കഴിയുന്നവര്‍ക്കും അനുയോജ്യമായ കപ്പലുകള്‍ കൈവശമുള്ളവര്‍ക്കും ഇത്തരം സര്‍വീസ് നടത്താന്‍ താത്പര്യമുള്ളവര്‍ക്കുമാണ് ടെന്‍ഡറില്‍ പങ്കെടുക്കാനാകുക. ഏപ്രില്‍ 22 വരെയാണ് അപേക്ഷിക്കാനുള്ള കാലാവധി.
ഇന്ത്യന്‍ പ്രവാസികള്‍ക്കുള്‍പ്പെടെ പ്രതീക്ഷ നല്‍കുന്ന നീക്കമാണിത്. പലപ്പോഴും, പ്രത്യേകിച്ച് അവധിക്കാലത്തും മറ്റും ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കുകളില്‍ യാത്ര ചെയ്യേണ്ടി വരുന്ന ഗള്‍ഫ് മേഖലകളിലുള്ള പ്രവാസികള്‍ക്ക് ഇത് ഗുണമാകും. കുറഞ്ഞ നിരക്കില്‍ യാത്രാ ചെയ്യാമെന്നതും കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോകാമെന്നതുമാണ് കപ്പല്‍ യാത്രയുടെ ഗുണം. വിമാന നിരക്കിനേക്കാള്‍ പകുതിയോ താഴെയോ ചെലവില്‍ കപ്പല്‍ യാത്ര നടത്താനായേക്കുമെന്നാണ് കരുതുന്നത്. 100 മുതല്‍ 200 കിലോ വരെ ലഗേജും അനുവദിക്കാനായേക്കും.