വാഹന നിയമ ലംഘനം; സര്‍ക്കാരിന് 6 ദിവസം കൊണ്ടു ലഭിച്ചത് 46 ലക്ഷം

Update: 2019-09-09 12:20 GMT

മോട്ടോര്‍ വാഹനനിയമഭേദഗതി നടപ്പാക്കിയ ശേഷം ആറ് ദിവസം കൊണ്ട് സംസ്ഥാന സര്‍ക്കാരിന് പിഴയിനത്തില്‍ കിട്ടിയത് 46 ലക്ഷം രൂപ. ഈ രംഗത്തെ ദിവസ വരുമാനം ശരാശരി ഒരു ലക്ഷം രൂപ വര്‍ദ്ധിച്ചു. പോലീസ് ഈടാക്കിയ പഴയുടെ കണക്ക് പുറത്ത് വരാനുണ്ട്.

ഓണക്കാലത്ത് മോട്ടോര്‍ വാഹനനിയമം ലംഘിക്കുന്നവര്‍ക്ക് പിഴയീടാക്കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. പിഴയ്ക്ക് പകരം ബോധവല്‍ക്കരണം നടത്തും. നിയമത്തില്‍ വന്‍ പിഴ ചുമത്തുന്ന വകുപ്പ് മാറ്റി ഭേദഗതി വരുത്തുന്ന കാര്യം ആലോചിക്കുകയാണ് സംസ്ഥാനസര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര നിയമത്തിലെ വ്യവസ്ഥകള്‍ കഠിനമാണെന്നു ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഇടപെടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പിഴത്തുക പരിശോധകര്‍ക്ക് നേരിട്ട് നല്‍കുകയോ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സര്‍ക്കാരിന് ഇടപെടാന്‍ കഴിയുക.
ഈ പഴുതുപയോഗിച്ച് കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്ന കാര്യമാണ് ആലോചിക്കുന്നത്. ഉപതെരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ജനരോഷം ഉയരുന്നത് ഒഴിവാക്കാന്‍ കൂടിയാണ് പുതിയ നീക്കം. അതേസമയം, മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ 10000 രൂപയായി തുടരും.

Similar News