വിഴിഞ്ഞത്തിന് ആദ്യ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖ പദവി; കേരളത്തിന് ഇരട്ടി മധുരം! അദാനിക്കും വന്‍ നേട്ടം

കൊച്ചി തുറമുഖം കഴിഞ്ഞവര്‍ഷം ചരക്കുനീക്കത്തില്‍ പുതിയ ഉയരം തൊട്ടിരുന്നു

Update:2024-04-29 14:09 IST

Image : vizhinjamport.in

കപ്പല്‍മാര്‍ഗമുള്ള അന്താരാഷ്ട്ര ചരക്കുനീക്കത്തില്‍ ഇന്ത്യയുടെ മുഖമായി മാറാനുള്ള കുതിപ്പില്‍ തിരുവനന്തപുരം വിഴിഞ്ഞത്ത് സജ്ജമാകുന്ന മേജര്‍ തുറമുഖം. അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ (Adani Ports/APSEZ) നിര്‍മ്മാണവും മാനേജ്‌മെന്റ് ചുമതലയും നിര്‍വഹിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന് ഇന്ത്യയുടെ ആദ്യ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായി (Transhipment Port) പ്രവര്‍ത്തിക്കാനുള്ള അനുമതി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തില്‍ നിന്ന് ലഭിച്ചു.
ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാനുള്ള അവസരമാണ് ഇതുവഴി വിഴിഞ്ഞത്തിന് ലഭിക്കുന്നത്. വിദേശ ഷിപ്പിംഗ് കമ്പനികള്‍ക്ക് പോലും വിഴിഞ്ഞം കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ കഴിയും.
ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖ പദവി ലഭിച്ച പശ്ചാത്തലത്തില്‍ വൈകാതെ കസ്റ്റംസിന്റെ ഓഫീസ് വിഴിഞ്ഞം തുറമുഖത്ത് തുറക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ആന്‍ഡ് ആന്‍ഡ് കസ്റ്റംസില്‍ (CBIC) നിന്ന് മൂന്നുമാസത്തിനകം ഉണ്ടായേക്കും.
എന്താണ് ട്രാന്‍സ്ഷിപ്പ്‌മെന്റ് പോര്‍ട്ട്?
ഒരു കപ്പലില്‍ നിന്ന് മറ്റൊന്നിലേക്ക് ചരക്കുകള്‍ മാറ്റിയശേഷം ചരക്കുനീക്കം നടത്തുന്ന തുറമുഖമാണ് ട്രാന്‍സ്ഷിപ്പ്‌മെന്റ് പോര്‍ട്ട്. പൊതുവേ ഇന്ത്യയുടെ പ്രാദേശിക ഭാഗങ്ങളില്‍ നിന്ന് ചെറുകപ്പലുകളിലെത്തുന്ന ചരക്കുകള്‍/കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്തുവച്ച് വമ്പന്‍ മദര്‍ഷിപ്പുകളിലേക്ക് മാറ്റി വിദേശ തുറമുഖങ്ങളിലേക്ക് അയക്കാനാകും.
വിദേശത്തുനിന്ന് മദര്‍ഷിപ്പുകളിലെത്തുന്ന കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്തുവച്ച് ചെറുകപ്പലുകളിലേക്ക് മാറ്റി പ്രാദേശിക തുറമുഖങ്ങളിലേക്കും അയക്കാം.
എന്താണ് നേട്ടം?
കൊച്ചി ഉള്‍പ്പെടെ നിലവില്‍ ഇന്ത്യയില്‍ 12 മേജര്‍ തുറമുഖങ്ങളുണ്ട്. സ്വകാര്യകമ്പനിയായ അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഗുജറാത്തിലെ മുന്ദ്ര തുറമുഖവും ചേര്‍ത്താല്‍ ആകെ മേജര്‍ തുറമുഖങ്ങള്‍ 13.
എന്നിട്ടും കടല്‍മാര്‍ഗമുള്ള ഇന്ത്യയുടെ മൊത്തം ചരക്കുനീക്കത്തിന്റെ 75-80 ശതമാനവും ഇപ്പോഴും നടക്കുന്നത് വിദേശ തുറമുഖങ്ങള്‍ വഴിയാണ്. കൊളംബോ, സിംഗപ്പൂര്‍, മലേഷ്യയിലെ ക്ലാങ്, യു.എ.ഇയിലെ ജെബല്‍ അലി എന്നിവ വഴിയാണ് ഇതില്‍ 85 ശതമാനവും. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനസജ്ജമാകുന്നതോടെ വിദേശ തുറമുഖങ്ങളുടെ അപ്രമാദിത്തത്തിന് തടയിടാന്‍ ഇന്ത്യക്ക് കഴിയും.
വിഴിഞ്ഞം താരമാകും
ഇന്ത്യയിലെ ആദ്യ സ്വാഭാവിക ആഴമുള്ള തുറമുഖമാണ് വിഴിഞ്ഞം. 24 മീറ്ററാണ് വിഴിഞ്ഞത്ത് സ്വാഭാവിക ആഴം കണക്കാക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ചരക്കുനീക്കത്തിന്റെ മുന്തിയപങ്കും നടക്കുന്ന കൊളംബോ തുറമുഖത്തിന്റെ ആഴം 17 മീറ്ററാണ്. കൊച്ചി തുറമുഖത്ത് ആഴം 14.5 മീറ്ററേയുള്ളൂ. അതാകട്ടെ, നിത്യേത ഡ്രെജിംഗ് നടത്തിയുമാണ് ഉറപ്പാക്കുന്നത്.
പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഇന്ത്യയുടെ കടല്‍മാര്‍ഗമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യകേന്ദ്രമായി വിഴിഞ്ഞം മാറും. നിലവില്‍ ഇന്ത്യയുടെ മൊത്തം ഇറക്കുമതി-കയറ്റുമതിയുടെ 33 ശതമാനം മുന്ദ്ര തുറമുഖം വഴിയാണ്. എന്നാല്‍, അന്താരാഷ്ട്ര കപ്പല്‍പ്പാതയില്‍ നിന്ന് ഏറെ അകലെയാണെന്നതാണ് മുന്ദ്രയുടെ പോരായ്മ.
വിഴിഞ്ഞമാകട്ടെ, അന്താരാഷ്ട്ര കപ്പല്‍പ്പാതയ്ക്ക് ഏറെ അടുത്താണ്. മാത്രമല്ല, 800 മീറ്റര്‍ ബെര്‍ത്താണ് വിഴിഞ്ഞത്ത് സജ്ജമാകുന്നത്. ലോകത്തെ വന്‍കിട മദര്‍ വെസ്സലുകള്‍ പോലും വിഴിഞ്ഞത്ത് അടുപ്പിക്കാനും കഴിയും. നിലവില്‍ വന്‍ മദര്‍ വെസ്സലുകള്‍ ഇന്ത്യയിലടുക്കാതെ കൊളംബോ, ജെബല്‍ അലി എന്നിവ വഴിയാണ് കടന്നുപോകുന്നത്.
കേരളത്തിനും അദാനിക്കും വന്‍ നേട്ടം
ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ (ICTT) സ്ഥിതിചെയ്യുന്നത് കൊച്ചി തുറമുഖത്തിന്റെ കീഴില്‍ എറണാകുളം വല്ലാര്‍പാടത്താണ്. 2011ലായിരുന്നു വല്ലാര്‍പാടം ടെര്‍മിനലിന്റെ തുടക്കം. ഡി.പി. വേള്‍ഡാണ് ഐ.സി.ടി.ടിയുടെ മാനേജ്‌മെന്റ് ചുമതല നിര്‍വഹിക്കുന്നത്.
ചരക്കുനീക്കത്തില്‍ വല്ലാര്‍പാടം ടെര്‍മിനല്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം (2023-24) പുത്തന്‍ റെക്കോഡും കുറിച്ചിരുന്നു. 2022-23ലെ 6.95 ലക്ഷം ടി.ഇ.യുവിനെ അപേക്ഷിച്ച് 7.54 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കഴിഞ്ഞവര്‍ഷം വല്ലാര്‍പാടം വഴി കടന്നുപോയി.
ഈ തിളക്കത്തിനിടയിലാണ് കേരളത്തിന് ഇരട്ടി മധുരമായി വിഴിഞ്ഞത്ത് ഇന്ത്യയുടെ ആദ്യ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖവും ഉയരുന്നത്. ചരക്കുനീക്കത്തിന് ആനുപാതികമായി മികച്ച നികുതിവരുമാനം ഇതുവഴി സംസ്ഥാന സര്‍ക്കാരിനും കിട്ടുമെന്നതാണ് വിഴിഞ്ഞത്തുനിന്ന് പ്രതീക്ഷിക്കാവുന്ന നേട്ടം.
ചരക്കുനീക്കത്തില്‍ മുന്ദ്രയേക്കാള്‍ നിര്‍ണായകമായി വിഴിഞ്ഞം ഇടംപിടിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അദാനി ഗ്രൂപ്പിനും വിഴിഞ്ഞം തുറമുഖം വലിയ കരുത്താകും.

ഉണര്‍വില്ലാതെ അദാനി പോര്‍ട്‌സ് ഓഹരി

അതേസമയം, ഇന്ന് അദാനി പോര്‍ട്‌സ് (APSEZ) ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. നിലവില്‍ 1.18 ശതമാനം താഴ്ന്ന് 1,310.35 രൂപയാണ് ഓഹരിവില.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 93 ശതമാനവും ആറുമാസത്തിനിടെ 68 ശതമാനവും നേട്ടം അദാനി പോര്‍ട്‌സ് ഓഹരി നല്‍കിയിട്ടുണ്ട്. 2.84 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള (Market Cap) കമ്പനിയാണ് അദാനി പോര്‍ട്‌സ്.

Similar News