കൊല്ലത്തിന് തിളക്കമായി ലുലു തുറന്നു; ഡ്രീംസ് മാളിനും സ്വപ്‌ന സാഫല്യം
36 കോടി രൂപ നിക്ഷേപമുള്ള ലുലു ഡെയ്‌ലിയും ലുലു കണക്ടും ഇനി കൊല്ലത്തിന് സ്വന്തം
ലുലു ഗ്രൂപ്പിന്റെ ലുലു ഡെയ്‌ലിയും ലുലു കണക്ടും ഇനി കൊല്ലത്തിന് സ്വന്തം. കൊല്ലം ജില്ലയിലെ കൊട്ടിയത്ത് ഡ്രീംസ് മാളിലാണ് 36 കോടി രൂപയുടെ പുതിയ സംരംഭത്തിന് ലുലു ഗ്രൂപ്പ് തുടക്കമിട്ടത്. കൊല്ലം ദേശിംഗനാട് റാപ്പിഡ് ഡവലപ്‌മെന്റ് ആന്റ് അസിസ്റ്റന്റ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലെ ഡ്രീംസ് മാളിലാണ് ലുലു ഡെയിലിയും ലുലു കണക്ടും പ്രവര്‍ത്തിക്കുന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ ഉദ്ഘാടനം നിര്‍വഹിച്ചു. ഡ്രീംസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ്.ഫത്തഹുദ്ദീന്‍, സെക്രട്ടറി ബെന്നിജോണ്‍ മയ്യനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ പി.സോണി തുടങ്ങിയവര്‍ സന്നിഹിതരായി.
36 കോടിയോളം രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് നടത്തിയിരിക്കുന്നത്. രണ്ട് ലക്ഷം ചതുരശ്ര അടിയിലുള്ള ഡ്രീംസ് മാളില്‍ രണ്ടു നിലകളിലായി 45,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ലുലു ഒരുങ്ങിയിരിക്കുന്നത്. 39,000 ചതുരശ്ര അടി വിസ്തൃതിയില്‍ സൂപ്പര്‍മാര്‍ക്കറ്റും, 6,000 ചതുരശ്ര അടിയില്‍ ലുലു കണക്ടും ആഗോള ഷോപ്പിംഗ് അനുഭവമാണ് സമ്മാനിക്കുക. 600 ലധികം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കും. വിപുലമായ വാഹന പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സഹകരണ മേഖലക്ക് ഊര്‍ജമാകുമെന്ന് എം.എ യൂസഫലി
കൊട്ടിയത്തെ ലുലു സഹകരണമേഖലക്ക് ഊര്‍ജമേകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എയൂസഫലി വ്യക്തമാക്കി. കേരളത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്ന സഹകരണ സംഘങ്ങള്‍ നാടിന്റെ മുന്നോട്ടുള്ള പുരോഗതിയില്‍ പ്രധാനമാണ്. കേരളത്തിലെ സഹകരണ മേഖലയുടെ സാധ്യത കൃത്യമായി ഉപയോഗിക്കപ്പെടണം. സഹകരണമേഖലക്ക് പിന്തുണ നല്‍കേണ്ടത് വ്യവസായ സമൂഹത്തിന്റെ ചുമതലയാണ്. ഈ മേഖലക്ക് ഞങ്ങള്‍ നല്‍കുന്ന പ്രോത്സാഹനവും പിന്തുണയുമായി ലുലു ഡെയിലിയെ കാണണമെന്നും എം.എ യൂസഫലി വ്യക്തമാക്കി. ഇത്തരം ആശയങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും മാള്‍ എന്ന ആശയം നടപ്പിലാക്കിയ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനവും പ്രശംസനീയമാണ്. സാധാരണക്കാരില്‍ നിന്നും ഓഹരിയായോ നിക്ഷേപമായോ സ്വീകരിച്ചാണ് ഡ്രീംസ് മാളിന്റെ പ്രവര്‍ത്തനം എന്നത് ഏറെ ശ്രദ്ധേയമാണ്. ഇവിടെ വരുന്ന ഓരോ വ്യക്തിയും ഓരോ അര്‍ത്ഥത്തിലും മാളിന്റെ ഉടമയാണെന്നും ലാഭം പൊതുജനങ്ങള്‍ക്ക് കൂടി ലഭിക്കുമെന്നത് അഭിമാനകരമാണെന്നും എം.എ യൂസഫലി വ്യക്തമാക്കി.
അഭിമാനിക്കാം, ഡ്രീംസ് മാളിനും
കൊല്ലം ദേശിംഗനാട് റാപ്പിഡ് ഡവലപ്‌മെന്റ് ആന്റ് അസിസ്റ്റന്റ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കൂടി അഭിമാനിക്കാവുന്ന നിമിഷമായിരുന്നു ലുലു സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം. സൊസൈറ്റി ആദ്യമായി ഏറ്റെടുത്ത പദ്ധതിയാണ് ഡ്രീംസ് മാള്‍. സഹകരണ സംഘത്തിന്റെ കീഴില്‍ എഞ്ചിനിയറിങ്ങ് വിഭാഗവും ഡ്രീംസ് മാള്‍ മാനേജ്‌മെന്റ് വിഭാഗവും പ്രവര്‍ത്തിക്കുന്നു. ലുലുവിന്റെ കൂടി സാന്നിധ്യം സഹകരണ സംഘത്തിന്റെ ഈ സ്വപ്ന പദ്ധതിക്ക് തിളക്കം കൂട്ടും.
ഉദ്ഘാടന ചടങ്ങില്‍ ലുലുഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷറഫ് അലി, ലുലു ഇന്ത്യ സിഇഒ ആന്‍ഡ് ഡയറക്ടര്‍ എം.എ നിഷാദ് , ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ ഷോപ്പിങ് മാള്‍സ് ഡയറക്ടര്‍ ഷിബു ഫിലിപ്പ്‌സ്, ലുലു ഗ്രൂപ്പ് തിരുവനന്തപുരം റീജ്യണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ബയിങ്ങ് ഹെഡ് ദാസ് ദാമോദരന്‍, ലുലു കൊട്ടിയം ജനറല്‍ മാനേജര്‍ ഷജറുദീന്‍ തുടങ്ങിയവരും സംബന്ധിച്ചു.