എംപി ഫണ്ട് ഏറ്റെടുക്കല്‍ കേരളത്തെ ബാധിക്കും

Update:2020-04-08 15:22 IST

പ്രാദേശികമായ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് എപിമാര്‍ക്ക് വിനിയോഗിക്കാവുന്ന പ്രാദേശിക വികസന നിധി എന്ന എംപി ഫണ്ട് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ അത് കേരളത്തിന് തിരിച്ചടി തന്നെയാകും. രാജ്യത്ത് ഏറ്റവും കൂടുതല്‍ എംപി ഫണ്ട് വിനിയോഗിക്കുന്നവരില്‍ മുന്‍പന്തിയിലാണ് കേരളത്തിലെ എംപിമാര്‍. പ്രാദേശികമായ ആവശ്യങ്ങള്‍ നേരിട്ടറിഞ്ഞ് ഫണ്ട് ലഭ്യമാക്കാന്‍ ഇതിലൂടെ അവര്‍ക്ക് കഴിഞ്ഞിരുന്നു. 2014-2019 കാലയളവില്‍ കേരളത്തിലെ എംപിമാര്‍ ചെലവിട്ട ശരാശരി തുക 91 ശതമാനത്തിലേറെയാണ്. ഇതിനകം തന്നെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എംപി ഫണ്ടില്‍ നിന്ന് തുക വാഗ്ദാനം ചെയ്ത എംപിമാര്‍ക്ക തുക നല്‍കണമെങ്കില്‍ മറ്റു വഴികള്‍ തേടുകയോ നല്‍കാതിരിക്കുകയോ ചെയ്യുക എന്ന വഴിമാത്രമാണ് മുന്നിലുള്ളത്.

രണ്ടു വര്‍ഷത്തെ എംപി ഫണ്ട് ഏറ്റെടുക്കുന്നതോടെ സര്‍ക്കാരിന് ലഭിക്കുക 7900 കോടി രൂപയാണ്. പ്രതിവര്‍ഷം അഞ്ചു കോടി രൂപയാണ് ഒരു എംപിക്ക് ലഭിച്ചിരുന്ന ഫണ്ട്. രണ്ടു വര്‍ഷം കൊണ്ട് പത്തു കോടി രൂപയാണ് മണ്ഡലങ്ങള്‍ക്ക് നഷ്ടമാകുക.
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തുക വിനിയോഗിക്കുമ്പോഴും ആരോഗ്യ രംഗത്തും പ്രതിശീര്‍ഷ വരുമാനത്തിലും മുന്നിലുള്ള കേരളത്തിനുള്ള വിഹിതം താരതമ്യേന കുറഞ്ഞിരിക്കും എന്നാണ് കരുതുന്നത്. അതുകൊണ്ടു തന്നെ എംപി ഫണ്ട് ഏറ്റെടുക്കല്‍ കേരളത്തിന് നഷ്ടക്കച്ചവടം തന്നെ.

എംപി ഫണ്ടിന്റെ 22.5 ശതമാനം പട്ടികജാതി-വര്‍ഗ വികസന പദ്ധതികള്‍ക്ക് സംവരണം ചെയ്തിരിക്കുന്നതാണ്. ഓരോ വര്‍ഷവും 15 ശതമാനം തുക പട്ടിക ജാതിക്കാരുടെയും 7.5 ശതമാനം പട്ടിക വര്‍ഗ വിഭാഗത്തിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ്. ബാക്കിയുള്ള തുക മണ്ഡലത്തിലെ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കാന്‍ എംപിമാര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News