തെരഞ്ഞെടുപ്പ്: ആവേശമാകുന്ന പത്ത് പുതിയ ട്രെൻഡുകൾ

Update:2019-01-01 17:10 IST

ഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ
പൊടിയടങ്ങുന്നതേയുള്ളു. 2019 ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിക്കപ്പെട്ട മത്സരം. ഒരു ജനാധിപത്യ സംവിധാനം എന്ന നിലയ്ക്ക് ആവേശം പകരുന്ന കുറച്ച് കാര്യങ്ങള്‍ ഈ തെരഞ്ഞെടുപ്പ് രാജ്യത്തിനു നല്‍കുന്നുണ്ട്.

1. വാശിയുള്ള പോരാട്ടം

ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളാണ് അധികാര ത്തിരുന്ന ബിജെപിയെ താഴെയിറക്കി പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ഭരണം നല്‍കിയത്. രണ്ട് സംസ്ഥാനങ്ങളില്‍ മത്സരം കടുത്തതായിരുന്നെങ്കിലും. മറ്റ് രണ്ടിടത്തും കോണ്‍ഗ്രസിനെ പിടിച്ചുകെട്ടി പ്രാദേശിക പാര്‍ട്ടികള്‍ അധികാരത്തിലെത്തി. പ്രാദേശിക പാര്‍ട്ടികള്‍ പോലും കരുത്തരാണ് ഇവിടെ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പൂര്‍ണ്ണമായൊരു മത്സരം തന്നെ പ്രതീക്ഷിക്കാം.

സഖ്യങ്ങളുണ്ടാകും, പല പാര്‍ട്ടികള്‍ രംഗത്തുള്ളതിന്റെ പ്രാധാന്യം കുറയുകയുമില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണം നേടാന്‍ കോണ്‍ഗ്രസിന് ബിഎസ്പി, എസ്പി എന്നീ ചെറിയ പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയെ ആശ്രയിക്കേണ്ടിവന്നത് തന്നെ ഇതിന് ഉദാഹരണമാണ്.

2.കോണ്‍ഗ്രസിന്റെ കരുത്തില്ലാത്ത മുന്നേറ്റം

സംശയമില്ല, കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച നിമിഷം തന്നെയാണിത്. പ്രത്യേകിച്ചും പാര്‍ട്ടി പ്രസിഡന്റായി അധികാരമേറ്റ് കൃത്യം ഒരു വര്‍ഷം തികച്ച രാഹുല്‍ ഗാന്ധിക്ക്. പക്ഷെ, ഒട്ടും ശക്തമല്ല വിജയം. മധ്യപ്രദേശില്‍ സീറ്റിന്റെ എണ്ണം കൂടിയെങ്കിലും വോട്ട് കുറഞ്ഞു, രാജസ്ഥാനില്‍ ഒട്ടും ജനകീയമല്ലാത്ത ഒരു ഭരണകക്ഷിക്കെതിരെയായിട്ടും വിജയം മികച്ചതായില്ല. അവര്‍ മനസിലാക്കേണ്ടത് ഒരു കാര്യമാണ്. മൂന്ന് സംസ്ഥാനങ്ങള്‍ ബിജെപിയ്ക്ക് എതിരെയാണ് വോട്ട് ചെയ്തത്, കോണ്‍ഗ്രസിന് വേണ്ടിയല്ല. ഒരു മികച്ച ജനാധിപത്യ സംവിധാനത്തിന് ഇത് നല്ല വാര്‍ത്തയാണ്.

3. പിന്നോക്കമായ ഹിന്ദുത്വ ഭീകരത

തെരഞ്ഞടുപ്പിനു പയറ്റാന്‍ പറ്റിയ ഏറ്റവും നല്ല ആയുധം എന്ന കണക്കില്‍ ഹിന്ദുത്വത്തിന്റെ മൂര്‍ച്ച കുറഞ്ഞു. രാഷ്ട്രീയ ഹിന്ദുത്വവാദം ഏറ്റവും ശക്തമായിരുന്ന ഹിന്ദി ഹൃദയഭൂമിയിലെ വോട്ടര്‍മാര്‍ പോലും കൃഷിയെയും തൊഴിലിനേയും കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. മറുഭാഗത്ത്, ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്ന പാര്‍ട്ടി എന്ന ഇമേജ് ഒന്ന് കുറയ്ക്കാന്‍ കോണ്‍ഗ്രസും പഠിച്ചു. രാഹുല്‍ ഗാന്ധിയുടെ ക്ഷേത്രയാത്രകള്‍, ശിവ ഭക്തന്‍ എന്ന പ്രചരണം, ശശി തരൂരിന്റെ 'വൈ അയാം എ ഹിന്ദു?' എന്ന പുസ്തകം, ശബരിമല വിവാദത്തിലെ മധ്യതല നിലപാട് എന്നിവയിലെല്ലാം തെളിയുന്നതും മറ്റൊന്നുമല്ല.

4. ഭരണകക്ഷിക്കൊരു ശാസന

മൂന്ന് സംസ്ഥാനങ്ങളിലെ പരാജയവും മുന്‍പ് കര്‍ണാടകയില്‍ സര്‍ക്കാറുണ്ടാക്കുന്നതില്‍ നേരിട്ട പരാജയവും ഗുജറാത്തില്‍ അധികാരമേല്‍ക്കാനുണ്ടായ കഷ്ടപ്പാടും ഭരണത്തിലുള്ള ബിജെപിക്കും മോദി ഷാ കൂട്ടുകെട്ടിനും അണികള്‍ക്കും വളരെ ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്. 2019 ല്‍ വിജയം ഉറപ്പല്ല, ഒരു മികച്ച നേതാവ് എന്ന കരുത്തുണ്ടെങ്കിലും മോദി ബ്രാന്‍ഡിന് പോരാ യ്മകള്‍ ധാരാളം. 

ആളുകള്‍ക്കിടയിലേയ്ക്ക് ഇറങ്ങിയുള്ള പ്രവര്‍ ത്തനങ്ങളും, പാര്‍ട്ടിക്ക് കൂടുതല്‍ ശക്തി പകരാനുള്ള ശ്രമങ്ങളും ആര്‍എസ്എസ്, അതിന്റെ ബഹുജന മുന്നണികള്‍ എന്നിവയു മായുള്ള മികച്ച സമവായങ്ങളും ഒന്നിലേറെ നേതാക്കന്മാരുള്ള മുന്‍നിരയും ഇനിയുള്ള നാളുകളില്‍ ബിജെപിയില്‍ നിന്ന് പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെയാണ് ഒരു പ്ലാന്‍ ബി ഇപ്പോള്‍ അവരുടെ ചര്‍ച്ചയിലുള്ളത്. 2019 ല്‍ ലോക്‌സഭയില്‍ ഇരുന്നൂറ് സീറ്റ് തികയ്ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ നിതിന്‍ ഗഡ്കരിയെ പകരക്കാരനായി അവതരിപ്പിക്കുക എന്നതാണ് ഒരു നീക്കം.

5. ന്യൂനപക്ഷത്തിന് പ്രാധാന്യം

ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലീമുകള്‍ രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രത്തിലേക്ക് തിരിച്ചുവരുന്നു. ജനസംഖ്യാ പ്രകാരം മുസ്ലീമുകള്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ അഞ്ച് വര്‍ഷവും ഇവരെ രാഷ്ട്രീയമായി അവഗണിക്കാനാണ് ബിജെപി ശ്രമിച്ചത്. ന്യൂനപക്ഷത്തിന്റെ പാര്‍ട്ടി എന്ന ലേബല്‍ ഇല്ലാതിരിക്കാന്‍ കോണ്‍ഗ്രസും ഇവരെ ഒഴിവാക്കി.

ഇപ്പോള്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം ലഭിക്കുകയും വിജയവോട്ടുകളുടെ മാര്‍ജിന്‍ കുറയുകയും ചെയ്ത സാഹചര്യത്തില്‍ മുസ്‌ലീം വിഭാഗത്തിന് പ്രാധാന്യം ഏറിയിരിക്കുകയാണ്. 15 കോടിയിലേറെ ജനങ്ങള്‍ എന്ന കണക്ക് 80 ലോക്‌സഭാ സീറ്റുകളിലെ ഫലം നിശ്ചയിക്കാനുള്ള കരുത്ത് മുസ്ലീമുകള്‍ക്ക് നല്‍കുന്നുണ്ട്. അതോടൊപ്പം 135 ലേറെ സീറ്റുകളുടെ വിധിയില്‍ കാര്യമായ സ്വാധീനം ചെലുത്താനും അവര്‍ക്ക് കഴിയും. പൊടിപാറുന്ന മത്സരത്തിന് ഇനി വെറും 150 ഓളം ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തന്ത്രങ്ങളൊന്നും മാറ്റാന്‍ ബിജെപിയ്ക്ക് കഴിയില്ല.

6. ദളിത് ആദിവാസി വോട്ടര്‍മാരുടെ കരുത്ത്

2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഏറെ ഗുണം ചെയ്തതാണ് ദളിത് ആദിവാസി വോട്ടര്‍മാരുടെ പിന്തുണ. ഇത്തവണയും ഇത് നേടാനാണ് അവര്‍ ശ്രമിക്കുന്നത്. പക്ഷേ, മധ്യപ്രദേശിലെ പരാജയവും ഛത്തീസ്ഗഢില്‍ നേരിട്ട തിരിച്ചടിയും ഇത് എളുപ്പമുള്ള കാര്യമല്ല എന്നാണു തെളിയിക്കുന്നത്. ഗുജറാത്തിലും ഉത്തര്‍പ്രദേശിലും പുതിയ ദളിത് നേതാക്കന്മാരുടെ ഉയര്‍ച്ച, ഹിന്ദി ഹൃദയഭൂമിയില്‍ ബിഎസ്പിയുടെ തിരിച്ചുവരവ്, ഗുജറാത്തിലും മധ്യപ്രദേശിലും ചത്തീസ്ഗഢിലും ഭാരതീയ ട്രൈബല്‍ പാര്‍ട്ടി നേടിയ വിജയം. ഇതെല്ലാം ദളിത്, ആദിവാസി വിഭാഗങ്ങളുടെ സ്വതന്ത്രമായ മുന്നേറ്റമാണ് കാണിക്കുന്നത്. ഇത് കൃത്യമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ പ്രതിപക്ഷത്തിനാണ് നേട്ടം.

7. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന

ജീവിത പ്രശ്‌നങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ വന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. കൃഷിക്കാരുടെ കഷ്ടതകള്‍, തൊഴിലില്ലായ്മ, യുവാക്കളുടെ അതൃപ്തി, ഡീമോണിറ്റൈസേഷനും ജിഎസ്ടിയും സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ എന്നിവയെല്ലാമാണ് ഇപ്പോള്‍ വോട്ടര്‍മാര്‍ ശ്രദ്ധിക്കുന്നത്. ജനങ്ങള്‍ക്കിടയിലേയ്ക്കിറങ്ങി വരുമ്പോള്‍ ഇതെല്ലം വിശദമായി പഠിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ കേന്ദ്രം ഭരിക്കുന്നവര്‍ക്ക് കഴിയണം.

കോണ്‍ഗ്രസിനാകട്ടെ, മൂന്ന് സംസ്ഥാനങ്ങളിലും വാഗ്ദാനം ചെയ്ത കാര്യങ്ങളെല്ലാം നടപ്പില്‍ വരുത്തുകയും വേണം, അതും കേന്ദ്രം ശ്രദ്ധിക്കുന്നുണ്ട് എന്ന തിരിച്ചറിവോടെ. വായ്പകള്‍ എഴുതിത്തള്ളുന്നത്, തൊഴിലവസരങ്ങള്‍, തൊഴിലില്ലായ്മാ വേതനം, സ്ത്രീ സുരക്ഷ, കാര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍ എന്നിങ്ങനെ പലതുണ്ട് ചെയ്യാന്‍.

ബുള്ളറ്റ് ട്രെയ്‌നും റഫേലും രാമ ക്ഷേത്രവും പ്രതിമയും എല്ലാം കുറച്ചുനാള്‍ കാത്തിരിക്കട്ടെ, അവയ്‌ക്കെല്ലാം ഏറ്റവും കുറവ് ശ്രദ്ധ നല്‍കിയാല്‍ മതി. പുതിയ വര്‍ഷത്തില്‍ പ്രാധാന്യം നേടുന്നത് ഭക്ഷണം, വസ്ത്രം, വീട്, തൊഴില്‍, കൃഷി തന്നെ. ബിജെപി നയിക്കുന്ന ഭരണപക്ഷവും പ്രതിപക്ഷ മഹാസഖ്യവും അവരുടെ ജനഹിതപരമായ കോമണ്‍ മിനിമം പ്രോഗ്രാം ഉടന്‍ തന്നെ പുറത്തിറക്കാന്‍ നിര്‍ബന്ധിതരാ യിരിക്കുകയാണ്. അതോടെ ഏറ്റവും മികച്ച വികസന പദ്ധതികളും നയങ്ങളും തമ്മിലായിരിക്കും മത്സരം. രാജ്യത്തിന് ഏറെ ആവശ്യമുള്ളതും ഇതുതന്നെ.

8. സഖ്യകക്ഷികളിലെ കൂട്ടായ്മയുടെ ശക്തി

വളരെ ശക്തരായ നേതാക്കള്‍ നയിക്കുന്ന സര്‍ക്കാരുകള്‍ അല്ല വളരെ ശക്തമായ മുന്നണികളാണ് ഇന്നത്തെ യാഥാര്‍ഥ്യം. കഴിഞ്ഞ അന്‍പത് മാസങ്ങള്‍ക്കുള്ളില്‍ പന്ത്രണ്ട് കക്ഷികളെയാണ് മോദിയുടെ എന്‍ഡിഎയ്ക്ക് നഷ്ടമായത്. നേടിയെടുത്തത് ജെഡിയുവിനെ മാത്രം. കാര്യക്ഷമമായ പ്രവര്‍ത്തനമില്ലാതെ കാണികളായിരിക്കുന്ന ടിആര്‍എസ്, എഐഎഡിഎംകെ, ബിജെഡി എന്നിവയാണ് പിന്നെയുള്ളത്.

പ്രതിപക്ഷത്തിലെ കേന്ദ്രപാര്‍ട്ടി എന്ന നിലയില്‍ ശക്തമാണ് കോണ്‍ഗ്രസിന്റെ നില, പക്ഷേ, സ്വന്തം നിലയില്‍ ഒരു വലിയ സ്വാധീനമാകാന്‍ അവര്‍ക്ക് കഴിയുന്നില്ല. എന്‍ഡിഎയില്‍ ബിജെപിയ്ക്കായിരുന്നു എന്നും പ്രാമുഖ്യം, പക്ഷേ, ഇപ്പോള്‍ ജെഡി(യു), അകാലി, ശിവസേന എന്നിവരുടെയെല്ലാം സീറ്റ് ആവശ്യങ്ങള്‍ ബിജെപിയ്ക്ക് അംഗീകരിക്കേണ്ടിവരുന്നുണ്ട്. രണ്ട് ദേശീയ പാര്‍ട്ടികള്‍ കേന്ദ്രമായ സഖ്യം തിരിച്ചുവരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

കെസിആര്‍, മമത എന്നിവര്‍ നയിക്കുന്ന ഫെഡറല്‍ ഫ്രണ്ട് എന്ന ഒരു മൂന്നാം മുന്നണിക്ക് വേണ്ടിയുള്ള ശ്രമങ്ങളും നടക്കുന്നു. പക്ഷേ, ഇത് എത്രത്തോളം ഫലവത്താകും എന്ന് കണ്ടറിയണം, ചിലപ്പോള്‍ മുന്നണി തന്നെ മുടങ്ങിപ്പോയേക്കാം. രാഹുല്‍ ഗാന്ധിയെ പക്വതയില്ലാത്ത പയ്യന്‍, പപ്പു എന്നൊക്കെ പറഞ്ഞു പരിഹസിക്കുന്ന രാഷ്ട്രീയ കളിയും തിരിച്ചടി നേരിട്ടു. ഇതെല്ലാം നാടിന് നേട്ടമാണ്. കാരണം, രാഷ്ട്രീയത്തിന്റെ മുന്‍ നിരയില്‍ ഒട്ടനവധി മികച്ച നേതാക്കള്‍ ഉണ്ടാകുമ്പോഴാണ് ജനാധിപത്യം ശക്തമാകുന്നത്. അല്ലാതെ ഇന്ദിരാ ഗാന്ധി, നരേന്ദ്ര മോദി എന്നിങ്ങനെയുള്ള ഒറ്റയാള്‍ നേതൃത്വങ്ങള്‍ അധികാരമേല്‍ക്കുമ്പോഴല്ല.

9. ജനഹിത സേവനങ്ങള്‍, ആശ്വാസ പദ്ധതികള്‍

തെരഞ്ഞെടുപ്പിന്റെ വര്‍ഷമായ 2019 ല്‍ ഒട്ടേറെ ജനഹിത ബജറ്റുകള്‍ നമുക്ക് കാണാന്‍ കഴിയും. കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും. വായ്പകള്‍ എഴുതിത്തള്ളല്‍, തൊഴിലില്ലായ്മ വേതനം, ആരോഗ്യമേഖലയില്‍ കൂടുതല്‍ സൗജന്യ സേവനങ്ങള്‍, നഗരങ്ങളിലെ ദരിദ്ര വിഭാഗങ്ങള്‍ക്ക് മികച്ച സഹായങ്ങള്‍, ഇന്‍ഷുറന്‍സ് നികുതി ഇളവുകള്‍ എന്നിങ്ങനെ ഒട്ടേറെ ജനപക്ഷ പദ്ധതികള്‍ ഇനിയുണ്ടാകും, ഇവയെല്ലാം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണമുണ്ടാക്കുന്ന നയങ്ങളല്ലെങ്കിലും ചെറിയ കാലയളവിലേക്ക് ഏറ്റവും അത്യാവശ്യമായ കാര്യങ്ങളാണ്. പ്രത്യേകിച്ചും കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങളും വിലക്കയറ്റവും തൊഴിലില്ലായ്മയും കണക്കിലെടുക്കുമ്പോള്‍.

10. നിഷ്പക്ഷതയുടെ കാലം

രണ്ട് രാഷ്ട്രീയ കക്ഷികള്‍ക്കും വിജയ സാധ്യതയുള്ള ഒരു സാഹചര്യത്തില്‍ ആര് അധികാരത്തില്‍ വരും എന്ന് ആര്‍ക്കും ഉറപ്പില്ല. അതുകൊണ്ട് കഴിയുന്നത്ര നിഷ്പക്ഷത പാലിക്കാന്‍ എല്ലാ സംവിധാനങ്ങളും ശ്രദ്ധിക്കും. മീഡിയ ആയാലും പോലീസ് ആയാലും തെരഞ്ഞെടുപ്പ് വിഭാഗമായാലും എല്ലാവരും കൂടുതല്‍ സംതുലിതമായ സമീപനമായിരിക്കും സ്വീകരിക്കുന്നത്. അധികാരം അഴിമതിയാകാം, കൂടുതല്‍ വലിയ അധികാരം അഴിമതിയും വലുതാക്കും എന്നല്ലേ. പക്ഷേ, 2019 ലെ അധികാര സമവാക്യങ്ങള്‍ കൂടുതല്‍ സംതുലിതമായിരിക്കും. തെരഞ്ഞെടുപ്പ് ഏറെ നീതിപൂര്‍വമാകാന്‍ ഇത് സഹായിക്കും എന്നുറപ്പ്.


Disclaimer: The views and opinions expressed in this article are those of the author, and are not necessarily those of Dhanam Publications, the Editorial Team or any of its employees.

Similar News