വാണിജ്യ യുദ്ധത്തില്‍ പരുക്കേറ്റ് ചൈന; വ്യവസായ മാന്ദ്യം ഏറി

Update: 2019-07-27 07:39 GMT

ബീജിംഗ്: അമേരിക്കയുമായുള്ള വാണിജ്യ യുദ്ധം മൂലം ചൈനയിലെ വ്യവസായ മേഖല അഭിമുഖീകരിക്കുന്ന മാന്ദ്യത്തിന്റെ തീവ്രത ഏറി വരുന്നതായുള്ള നിഗമനവുമായി നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിക്‌സ് റിപ്പോര്‍ട്ട്. വാഹനം, എണ്ണ സംസ്‌കരണം, ഉരുക്ക് തുടങ്ങി വിവിധ രംഗങ്ങളില്‍ ലാഭം കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ ഏറ്റവും മോശമായ സാഹചര്യമാണ് ഉരുത്തിരിഞ്ഞിട്ടുള്ളതെന്ന് റോയിട്ടേഴ്‌സ് നിരീക്ഷിക്കുന്നു.

ചൈനയിലെ സംയുക്ത വ്യവസായ മേഖല 2018 ജൂണില്‍ കൈവരിച്ച ലാഭത്തേക്കാള്‍ ( 87.5 ബില്യണ്‍ ഡോളര്‍) 3.10 ശതമാനം കുറവായിരുന്നു ഈ ജൂണില്‍.ട്രമ്പ് തുടക്കമിട്ട വാണിജ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ നിന്നും അധിക മുതല്‍മുടക്കില്‍ നിന്നും ഒരു വര്‍ഷത്തോളമായി ചൈനീസ് വ്യവസായികള്‍ പൊതുവേ വിട്ടുനില്‍ക്കുകയാണ്. വാണിജ്യ യുദ്ധമവസാനിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി ട്രമ്പും സി ജിന്‍ പിംഗും തമ്മിലുള്ള ചര്‍ച്ചയ്ക്ക്് കളമൊരുങ്ങുന്നുണ്ടെങ്കിലും അവ്യക്തത തുടരുന്നിടത്തോളം കാലം മാന്ദ്യമകലാനുള്ള സാധ്യതയില്ലെന്നാണ് വിപണി വൃത്തങ്ങള്‍ കരുതുന്നത്.

Similar News