കേരളത്തിന്റെ കടത്തില്‍ വീണ്ടും വമ്പന്‍ 'വെട്ടിനിരത്തലിന്' കേന്ദ്രം! മുടങ്ങുമോ ശമ്പളവും പെന്‍ഷനും?
പാരയാകുന്നത് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പകള്‍; ഈ വര്‍ഷം എടുക്കാവുന്ന കടപരിധി പ്രഖ്യാപിച്ചു
ഏപ്രില്‍ ഒന്നിന് ആരംഭിച്ച പുതിയ സാമ്പത്തിക വര്‍ഷത്തിലും (2024-25) കേരളത്തിന് എടുക്കാവുന്ന കടത്തിന്റെ പരിധിയില്‍ കേന്ദ്രം 'കടുംവെട്ട്' നടത്തിയേക്കും. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (GSDP) പരമാവധി മൂന്ന് ശതമാനമാണ് കടമെടുക്കാനാവുക. ഇതുപ്രകാരം നടപ്പുവര്‍ഷം കേരളത്തിന് 37,500 കോടി രൂപ കടമെടുക്കാം. എന്നാല്‍, കഴിഞ്ഞവര്‍ഷങ്ങളില്‍ കേരളം ജി.എസ്.ഡി.പി പരിധിലംഘിച്ചെടുത്ത കടം ഈ വര്‍ഷത്തെ കടമെടുപ്പ് പരിധിയില്‍ കേന്ദ്രം കുറച്ചേക്കും.
കിഫ്ബി, പെന്‍ഷന്‍ ഫണ്ട് ബോര്‍ഡ് എന്നിവ എടുത്ത കടമാണ് സംസ്ഥാന സര്‍ക്കാരിന്റെ കടത്തിന്റെ ഗണത്തില്‍ കേന്ദ്രം പെടുത്തുക. ഈയിനത്തില്‍ ഈ വര്‍ഷത്തെ കടപരിധിയായ 37,500 കോടി രൂപയില്‍ നിന്ന് 12,000 കോടി രൂപയെങ്കിലും കേന്ദ്രം വെട്ടിക്കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫലത്തില്‍, നടപ്പുവര്‍ഷം കേരളത്തിന് 25,500 കോടി രൂപയേ കടമെടുക്കാനാകൂ.
കേരളത്തിന് കനത്ത തിരിച്ചടി
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) കടമെടുപ്പ് പരിധിയില്‍ കേന്ദ്രം വെട്ടിനിരത്തില്‍ നടത്തിയെന്ന് കാട്ടി കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് 13,608 കോടി രൂപ അധികമായി കടമെടുക്കാന്‍ സുപ്രീം കോടതി അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 10,000 കോടി രൂപ കൂടി അധികമായി എടുക്കണമെന്ന് കാട്ടി കേരളം വീണ്ടും കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ആശ്വാസം പകരാന്‍ സുപ്രീം കോടതി തയ്യാറായില്ല.
മാത്രമല്ല, കേന്ദ്രം കേരളത്തിന് ആവശ്യത്തിന് പരിഗണന നല്‍കിയെന്നും കേരളത്തിന്റെ കെടുകാര്യസ്ഥതയാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനം പരിധിയിലധികം തുക കടമെടുത്താല്‍ തൊട്ടടുത്ത വര്‍ഷം ആനുപാതികമായ തുക വെട്ടിക്കുറയ്ക്കാമെന്ന് കോടതി പറഞ്ഞതും കേരളത്തിന് തിരിച്ചടിയായി. 2016-20 കാലയളവില്‍ കേരളം 14,479 കോടി രൂപ അധികമായി കടമെടുത്തിട്ടുണ്ടെന്നാണ് കേന്ദ്രം വാദിക്കുന്നത്.
കേരളം ഞെരുങ്ങും
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാക്കുന്നത് നടപ്പുവര്‍ഷം കേരളത്തിന്റെ പൊതുകടം 35,988 കോടി രൂപയായിരിക്കുമെന്നാണ്. കഴിഞ്ഞവര്‍ഷം ഇത് 31,988 കോടി രൂപയായിരുന്നു. 2024-25ഓടെ കേരളത്തിന്റെ മൊത്തം കടബാധ്യത 4.57 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് വിലയിരുത്തല്‍. 2019-20ല്‍ 2.65 ലക്ഷം കോടി രൂപയായിരുന്ന കടബാധ്യതയാണ് ഏതാണ്ട് ഇരട്ടിയോളമാകുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യ വരുമാന മാര്‍ഗങ്ങള്‍ മദ്യം, ലോട്ടറി, പെട്രോളിയം ഉത്പന്നങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയില്‍ നിന്നാണ്. വരുമാനത്തിലെ മുഖ്യപങ്കും ശമ്പളവും പെന്‍ഷനും കൊടുക്കാനാണ് ചെലവാക്കുന്നതും.
സംസ്ഥാന സര്‍ക്കാരിന്റെ പ്രതിമാസ വരുമാനം ഏതാണ്ട് 11,250 കോടി രൂപയാണ്. ചെലവാകട്ടെ 14,700 കോടി രൂപയും. അതായത്, ഏകദേശം 3,450 കോടി രൂപ ഓരോ മാസവും വായ്പ എടുത്തേപറ്റൂ. അതായത് ഒരുവര്‍ഷം 41,400 കോടി രൂപ. ഈ സാഹചര്യത്തില്‍ കേന്ദ്രം 25,500 കോടി രൂപയിലേക്ക് കടപരിധി വെട്ടിത്താഴ്ത്തിയാല്‍ സംസ്ഥാന സര്‍ക്കാരിനെ കാത്തിരിക്കുന്നത് കനത്ത ദുരിതമായിരിക്കും. ശമ്പളവും ക്ഷേമപെന്‍ഷനുകളും മറ്റും വിതരണം ചെയ്യാന്‍ വന്‍ പ്രതിസന്ധി തന്നെയുണ്ടാകും.