അപകടകാരികളായ അയല്‍ക്കാരുള്ളപ്പോള്‍ രാജ്യത്തിന്റെ പ്രതിരോധ ബജറ്റ് വെട്ടിക്കുറച്ചതെന്തിന്?

അയല്‍രാജ്യങ്ങളില്‍ പലരും ശത്രുപക്ഷത്ത് നില്‍ക്കുമ്പോള്‍ സേനയുടെ ആധുനികവല്‍ക്കരണത്തിനായി മതിയായ ഫണ്ട് അത്യാവശ്യമാണ്

Update:2024-09-08 11:00 IST

image credit : canva

സൈനിക ചെലവിന്റെ കാര്യത്തില്‍ ലോകത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. എന്നിരുന്നാലും പ്രതിരോധത്തിന് മതിയായ തുക നാം ചെലവിടുന്നില്ലെന്ന തോന്നല്‍ അതിശക്തമാണ്. സര്‍ക്കാര്‍ ചെലവിന്റെ 13 ശതമാനമാണ് ഇപ്പോള്‍ പ്രതിരോധത്തിനായി ചെലവിടുന്നത്. അമേരിക്ക, ചൈന, റഷ്യ എന്നിവരാണ് സൈനിക ചെലവില്‍ മുന്നിലുള്ള മറ്റ് മൂന്ന് രാജ്യങ്ങള്‍.
ചൈന, പാക്കിസ്ഥാന്‍ മുതലായ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണി കണക്കിലെടുത്ത് സായുധസേനയെ ആധുനികവല്‍ക്കരിക്കാനും ലോകോത്തര സൈനികശക്തിയാക്കാനും കൂടുതല്‍ ഫണ്ട് ചെലവിടണമെന്നാണ് ചില വിദഗ്ധരുടെ നിരീക്ഷണം. 2024-25ലെ ബജറ്റില്‍ പ്രതിരോധത്തിനായി നീക്കിവെച്ചിരിക്കുന്നത് 75 ശതകോടി ഡോളറാണ്; തൊട്ടുമുന്‍വര്‍ഷത്തെ വകയിരുത്തലിനേക്കാള്‍ അല്‍പ്പം കൂടുതല്‍.
ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം നരേന്ദ്ര മോദിയുടെ ആദ്യ ഭരണകാലത്ത് പ്രതിരോധ ബജറ്റ് മൊത്തം ചെലവിന്റെ 17 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 13 ശതമാനമായി താഴ്ന്നിരിക്കുന്നു. ഒരു ദശാബ്ദത്തിനിടെ ഇതാദ്യമായി പ്രതിരോധ ബജറ്റ് ജിഡിപിയുടെ രണ്ട് ശതമാനത്തില്‍ താഴെയായി എന്നതാണ് മറ്റൊരു വസ്തുത. മാത്രമല്ല പ്രതിരോധ ബജറ്റിന്റെ പകുതിയിലേറെയും ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ വ്യക്തിഗത ഇനങ്ങള്‍ക്കാണ് ചെലവിടുന്നതും. ആധുനിക വെടിക്കോപ്പുകള്‍ വാങ്ങുന്നതിനോ സേനയെ ആധുനികവല്‍ക്കരിക്കുന്നതിനോ വേണ്ടി വകയിരുത്തുന്ന തുക തുലോം കുറവാണ്.
പ്രതിരോധത്തിന് കൂടുതല്‍ ഫണ്ട് വേണമെന്നതിന് ഒരു സംശയവുമില്ല. അപകടകാരികളായ അയല്‍വാസികള്‍ ഉള്ളിടത്തോളം കാലം നമ്മുടെ ദേശസുരക്ഷയില്‍ റിസ്‌കെടുക്കാനും സാധിക്കില്ല. ബംഗ്ലാദേശും പ്രശ്‌ന ബാധിതമായി എന്നതാണ് അടുത്തിടെയുണ്ടായ ഏറ്റവും വലിയ ആശങ്ക. സൈബര്‍ ആക്രമണവും ഹൈടെക് പോര്‍ക്കളവും എല്ലാം ഇപ്പോള്‍ കൂടുതല്‍ വ്യാപകമാകുമ്പോള്‍ ആധുനിക ലോകത്തെ യുദ്ധമുറകള്‍ക്ക് നേരെ മുഖംതിരിഞ്ഞ് നില്‍ക്കാനും നമുക്കാവില്ല. അതുകൊണ്ട് പ്രതിരോധം കൂടുതല്‍ ഫണ്ട് തീര്‍ച്ചയായും അര്‍ഹിക്കുന്നു.
ആഗസ്റ്റ് 31 ലക്കം ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്‌
Tags:    

Similar News