റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് ഇന്ത്യ, ജൂലൈയില്‍ മുടക്കിയത് ₹17,800 കോടിയോളം
നിലവില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും റഷ്യയില്‍ നിന്നാണ്
ജൂലൈയില്‍ റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത് 280 കോടി ഡോളറിന്റെ (ഏകദേശം 17,800 കോടി രൂപ) എണ്ണ. ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയുടെ സ്ഥാനം.
2022 ഫെബ്രുവരിയില്‍ യുക്രെയ്ന്‍ അധിനിവേശം നടത്തിയതിനെ തുടര്‍ന്ന് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ മോസ്‌കോയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഒഴിവാക്കിയതിനെത്തുടര്‍ന്നാണ് റഷ്യന്‍ എണ്ണ വിലക്കിഴിവില്‍ ഇന്ത്യക്ക് ലഭ്യമായിത്തുടങ്ങിയത്. ഇതോടെ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരായി റഷ്യ മാറുകയും ചെയ്തു.
40 ശതമാനവും റഷ്യയില്‍ നിന്ന്
യുക്രെയ്ന്‍ യുദ്ധത്തിന് മുമ്പുള്ള കാലയളവില്‍ ഒരു ശതമാനത്തില്‍ താഴെയായിരുന്ന റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ മൊത്തം എണ്ണ വാങ്ങലിന്റെ 40 ശതമാനത്തോളവും റഷ്യയില്‍ നിന്നാണ്.
റഷ്യയുടെ ക്രൂഡ് കയറ്റുമതിയുടെ 47 ശതമാനവും ചൈന വാങ്ങിയപ്പോള്‍ ഇന്ത്യ 37 ശതമാനം വാങ്ങിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. യൂറോപ്യന്‍ യൂണിയന്‍ 7 ശതമാനവും തുര്‍ക്കി 6 ശതമാനവും എന്നിങ്ങനെയാണ് വാങ്ങുന്നതെന്ന് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ (CREA) റിപ്പോര്‍ട്ട് പറയുന്നു.
കൽക്കരിയും വാങ്ങിക്കൂട്ടുന്നു
എണ്ണ മാത്രമല്ല, ചൈനയും ഇന്ത്യയും റഷ്യയില്‍ നിന്ന് കല്‍ക്കരിയും വാങ്ങുന്നുണ്ട്. 2022 ഡിസംബര്‍ 5 മുതല്‍ 2024 ജൂലൈ അവസാനം വരെ, റഷ്യയുടെ കല്‍ക്കരി കയറ്റുമതിയുടെ 45 ശതമാനം ചൈനയും 18 ശതമാനം ഇന്ത്യയും വാങ്ങി. തുര്‍ക്കി (10 ശതമാനം), ദക്ഷിണ കൊറിയ (10 ശതമാനം), തായ്വാന്‍ (5 ശതമാനം) എന്നിവയാണ് പട്ടികയില്‍ ആദ്യ അഞ്ചിലുള്ളത്.
എണ്ണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 85 ശതമാനത്തിലധികം ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യ, 19.4 ദശലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായി ജൂലൈയില്‍ 1,140 ബില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിച്ചുവെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.