മാലിദ്വീപ് പോണാല്‍ പോകട്ടും! ഇന്ത്യക്കാര്‍ പറക്കുന്നത് ചെലവുകുറഞ്ഞ ഈ ടൂറിസം രാജ്യങ്ങളിലേക്ക്

മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു മാലിദ്വീപിന്റെ പ്രകോപനം

Update:2024-04-19 15:49 IST

Image : Canva

നയതന്ത്ര വിഷയങ്ങളില്‍ ഇന്ത്യയോട് അകലുകയും ചൈനയോട് കൂടുതല്‍ അടുക്കുകയും ചെയ്ത മാലിദ്വീപിന് ടൂറിസം രംഗത്ത് കനത്ത തിരിച്ചടി. 2024ന്റെ ആദ്യ മൂന്ന് മാസക്കാലത്ത് മാലിദ്വീപിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണം 38 ശതമാനം കൂപ്പുകുത്തി.
മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 56,208ല്‍ നിന്ന് 34,847 ആയാണ് ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണം കുറഞ്ഞത്. കൊവിഡിന് മുമ്പത്തേക്കാളും താഴെയാണ് ഈ കണക്കെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡിന് മുമ്പ് 2019 ജനുവരി-മാര്‍ച്ചില്‍ മാലിദ്വീപിലെത്തിയ ഇന്ത്യക്കാര്‍ 36,053 പേരായിരുന്നു.
ഇന്ത്യയോട് 'കടക്ക് പുറത്ത്'
മാലിദ്വീപിന്റെ പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനാ അനുകൂലിയാണ്. മാലിദ്വീപിലുള്ള ഇന്ത്യന്‍ സൈന്യത്തോട് പൂര്‍ണമായും ഒഴിഞ്ഞുപോകാന്‍ അദ്ദേഹം അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. മേയ്ക്കകം ഇന്ത്യന്‍ സൈന്യം രാജ്യം വിടാനാണ് നിര്‍ദേശം.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു മാലിദ്വീപിന്റെ പ്രകോപനം. മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ലക്ഷദ്വീപ് ടൂറിസത്തിന് വന്‍ പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. ഇത് മാലിദ്വീപിനെ അസ്വസ്ഥമാക്കുകയായിരുന്നു.
മോദിയെ വംശീയമായി പരിഹസിക്കുന്നതടക്കം നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മാലിദ്വീപ് മന്ത്രിമാരില്‍ നിന്നുവരെയുണ്ടായി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം വഷളാവുകയായിരുന്നു. പിന്നാലെ ഇന്ത്യയില്‍ ബോയ്‌കോട്ട് മാലിദ്വീപ് ടൂറിസം കാമ്പയിനുകളും ഉയര്‍ന്നു. ഇതാണ് അങ്ങോട്ടേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിനെ ബാധിച്ചത്.
മാലിദ്വീപിന് വലിയ തിരിച്ചടി
2018ല്‍ ഏതാണ്ട് ഒരുലക്ഷം ഇന്ത്യന്‍ സഞ്ചാരികളായിരുന്നു മാലിദ്വീപ് സന്ദര്‍ശിച്ചത്. 2023ല്‍ ഇത് 2.09 ലക്ഷമായി ഉയരുകയും ചെയ്തു. റഷ്യക്കാരെ പിന്തള്ളി മാലിദ്വീപിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷം ഒന്നാംസ്ഥാനവും ഇന്ത്യ നേടിയിരുന്നു.
ഇതിനിടെയാണ് ഇപ്പോള്‍ ബോയ്‌ക്കോട്ട് മാലിദ്വീപ് കാമ്പയിന്‍ ശക്തമായതും ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണം കുറഞ്ഞതും. ഇത് മാലിദ്വീപ് ടൂറിസത്തിന്റെ വരുമാനത്തെയും സാരമായി ബാധിക്കുന്നുണ്ട്.
ഇന്ത്യന്‍ സഞ്ചാരികള്‍ എങ്ങോട്ട്?
ബോയ്‌ക്കോട്ട് മാലിദ്വീപ് കാമ്പയിന് പിന്നാലെ വിസിറ്റ് ലക്ഷദ്വീപ് പ്രചാരണം ഇന്ത്യയില്‍ ചൂടുപിടിച്ചിരുന്നു. വിദേശത്ത് മാലിദ്വീപിനെ ഒഴിവാക്കി ചെലവുകുറഞ്ഞ മറ്റ് രാജ്യങ്ങളിലേക്കും ഇന്ത്യക്കാര്‍ പറക്കുകയാണ്.
വിയറ്റ്‌നാം, ഇന്‍ഡോനേഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിമാന കണക്റ്റിവിറ്റി വര്‍ധിച്ചതും ഇന്ത്യക്കാരെ ആകര്‍ഷിക്കുന്നുണ്ട്. ഈ രാജ്യങ്ങളിലേക്ക് വീസ ലഭിക്കാന്‍ എളുപ്പമാണെന്നതും അനുകൂലഘടകമാണ്.

അതേസമയം, കഴിഞ്ഞപാദത്തില്‍ ഇന്ത്യ-മാലിദ്വീപ് പാതയില്‍ വിമാന സര്‍വീസുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്‍ഡിഗോ, വിസ്താര എന്നിവ സര്‍വീസുകള്‍ വെട്ടിക്കുറച്ചു. മാലിദ്വീപ് വിമാനക്കമ്പനികളും തിരുവനന്തപുരത്തേക്ക് അടക്കമുള്ള സര്‍വീസുകളും കുറച്ചിട്ടുണ്ട്.

എന്നാല്‍ വിയറ്റ്‌നാം, ഇന്‍ഡോനേഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലേക്ക് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ കൂടുകയുമാണ്. വിയറ്റ്‌നാമിലേക്ക് മാത്രം അടുത്തമാസം 57 പ്രതിവാര വിമാന സര്‍വീസുകളുണ്ടാകും.

Tags:    

Similar News