എന്‍.എച്ച് സുരക്ഷക്ക് 'രാജ്മാര്‍ഗ് സാഥി'; നിരീക്ഷണം ശക്തമാവും
ദേശീയപാതകളിലെ അടിയന്തര സാഹചര്യങ്ങളോട് വേഗത്തില്‍ പ്രതികരണം ഉറപ്പാക്കും
ദേശീയ പാതകളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന് പട്രോളിംഗ് പ്രവർത്തനങ്ങൾ നിർണായകമാണ്. നാഷണല്‍ ഹൈവേകളില്‍ സുരക്ഷ നിലനിർത്തുന്നതിനും അപകടങ്ങള്‍ തുടങ്ങിയ സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനും പട്രോളിംഗ് അത്യാവശ്യമാണ്.
ഇതിനായി ദേശീയപാത അതോറിറ്റി അവതരിപ്പിക്കുന്ന സംവിധാനമാണ് 'രാജ്മാർഗ് സാഥി' പട്രോളിംഗ് വാഹനങ്ങള്‍. ദേശീയപാതകളില്‍ പരിശോധന കര്‍ശനമാക്കുക, സാഹചര്യങ്ങൾ നിരീക്ഷിക്കുക, അടിയന്തര സാഹചര്യങ്ങളോട് വേഗത്തില്‍ പ്രതികരിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. ഹൈവേ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും സാധനസാമഗ്രികളും സംഭരിക്കുന്നതിന് അടച്ച കാബിനറ്റ് ആയിരിക്കും വാഹനങ്ങളില്‍ ഉണ്ടാകുക.
പ്രത്യേകതകള്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുളള വീഡിയോ അനലിറ്റിക്‌സുമായി വാഹനങ്ങളുടെ ഡാഷ്‌ബോർഡ് ക്യാമറകള്‍ സംയോജിപ്പിച്ചിരിക്കുന്നു എന്നത് ഇതിന്റെ ശ്രദ്ധേയമായ സവിശേഷതയാണ്. ഹൈവേകളിലെ വിള്ളലുകൾ, കുഴികൾ, അലക്ഷ്യമായി ഓടിക്കുന്ന വാഹനങ്ങൾ, കാൽനടയാത്രക്കാർ, റോഡ് അടയാളങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ വേഗത്തില്‍ പരിശോധിക്കാന്‍ ഈ ക്യാമറകൾ സഹായകമാണ്.
സർവീസ് ഫിറ്റ്നസ് നിലനിർത്തുന്നതിനായി മൂന്ന് ലക്ഷം കിലോമീറ്റർ അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവർത്തനം എന്നിവയ്ക്ക് ശേഷം പഴയ വാഹനങ്ങള്‍ മാറ്റി പുതിയവ അവതരിപ്പിക്കുന്നതാണ്. പട്രോൾ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ദേശീയ പാതകളില്‍ ദീര്‍ഘ ദൂരത്തേക്ക് മികച്ച കാഴ്ച ഉറപ്പാക്കുന്ന രൂപകല്‍പ്പനയാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. നൂതന ആശയവിനിമയ ഉപകരണങ്ങളാണ് വാഹനത്തില്‍ ഉളളത്.
യൂണിഫോമുകൾ പ്രതിഫലിപ്പിക്കുന്ന ജാക്കറ്റുകളും അധികാര ലോഗോകളുമുളള തിളങ്ങുന്ന നീല നിറത്തിൽ രൂപകൽപ്പന ചെയ്ത വേഷമാണ് പട്രോളിംഗ് ഉദ്യോഗസ്ഥർക്കുളളത്. ഇതുമൂലം ദേശീയപാതകളില്‍ ഉദ്യോഗസ്ഥരെ എളുപ്പത്തിൽ തിരിച്ചറിയാന്‍ സാധിക്കുന്നതാണ്.
രാജ്യത്തുടനീളമുള്ള ഹൈവേ ഉപയോക്താക്കൾക്ക് തടസങ്ങളില്ലാത്ത യാത്രാ അനുഭവം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയപാത അതോറിറ്റി (എന്‍.എച്ച്.എ.ഐ) പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.