ക്രിസ്മസ്-പുതുവല്‍സര അവധിക്കാല യാത്രകളില്‍ പോക്കറ്റ് കാലിയാകാതിരിക്കാന്‍ ഇതാ, ചില മാര്‍ഗങ്ങള്‍
മികച്ച ആസുത്രണത്തോടെയുള്ള യാത്രകള്‍ ചിലവുകള്‍ കുറക്കും
ക്രിസ്മസ്-പുതുവല്‍സര അവധികള്‍ വരുന്നു. വിനോദയാത്രകള്‍ക്ക് ഏവരും തെരഞ്ഞെടുക്കുന്ന സീസണ്‍ കൂടിയാണിത്. തിരക്ക് കൂടുന്നതോടെ യാത്രയുമായി ബന്ധപ്പെട്ട മേഖലകളില്‍ ചിലവുകളും കൂടും. അമിതമായ ചിലവുകള്‍ വരാതെ യാത്രകള്‍ എങ്ങനെ പ്ലാന്‍ ചെയ്യാം എന്ന് ചിന്തിക്കേണ്ടതുണ്ട്. യാത്രാ ചിലവ്, ഹോട്ടല്‍ വാടക തുടങ്ങിയവ കുറക്കുന്നതിന് ചില മുന്‍കരുതലുകള്‍ എടുക്കാം. പോക്കറ്റ് കാലിയാകാതെ അവധിക്കാല യാത്രകള്‍ നടത്താന്‍ ഇതാ ചില മാര്‍ഗങ്ങള്‍.
നേരത്തെ ബുക്കിംഗ്
ചിലവ് കുറക്കാനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നാണ് ടിക്കറ്റുകളുടെ നേരത്തെയുള്ള ബുക്കിംഗ്. വിമാനടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യുന്നത് നിരക്കുകളില്‍ കുറവ് ലഭിക്കാന്‍ സഹായിക്കും. അവസാന നിമിഷം വരെ കാത്തിരുന്നാല്‍ തിരിക്ക് വര്‍ധിച്ച് നിരക്കുകളും കൂടാം. അവധിക്കാലത്ത് യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുമെന്നതിനെ കുറിച്ച് ചിന്തിക്കണം. ഒന്നോ രണ്ടോ ആഴ്ച മുമ്പ് തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ശ്രമിക്കാം.
നിരക്കുകളുടെ താരതമ്യം
വിവിധ വിമാന കമ്പനികളുടെ നിരക്കുകള്‍ ഓണ്‍ലൈനില്‍ പരിശോധിച്ച് താരതമ്യം ചെയ്യാം. താരതമ്യ പഠനത്തിന് സഹായിക്കുന്ന ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ്, സ്‌കൈ സ്‌കാനര്‍, കയാക് (Google Flights, Skyscanner, Kayak) തുടങ്ങിയ വെബ്‌സൈറ്റുകള്‍ നിങ്ങള്‍ക്ക് സഹായമാകും. വിവിധ എയര്‍ലൈനുകളുടെ നിരക്കുകള്‍ ഇവിടെ നിന്ന് മനസിലാക്കാം. നിരക്കുകള്‍ കുറയുന്ന സമയങ്ങളില്‍ അറിയിപ്പുകള്‍ ലഭിക്കുന്നതിനും ഇത്തരം സൈറ്റുകളില്‍ സംവിധാനമുണ്ട്.
ഓഫ് സീസണ്‍ യാത്രകള്‍
അവധിക്കാലത്ത് തന്നെ തിരക്ക് കൂടിയ ദിവസങ്ങളിലെ യാത്രകള്‍ ഒഴിവാക്കാം. ക്രിസ്മസിനോട് അടുത്തുള്ള ദിനങ്ങള്‍, പുതുവര്‍ഷത്തിന് തലേന്ന് തുടങ്ങിയ ദിവസങ്ങള്‍ തിരക്ക് കൂടുതലായിരിക്കും. ഈ ദിവസങ്ങളില്‍ നിരക്കുകള്‍ കൂടും. യാത്രാ ദിനങ്ങളില്‍ അയവുവരുത്താമെങ്കില്‍ തിരക്ക് കുറഞ്ഞ ദിവസങ്ങളിലേക്ക് മാറ്റാം. ഇത് ചിലവ് കുറക്കാന്‍ സഹായിക്കും.
ചെറിയ എയര്‍പോര്‍ട്ടുകള്‍
വലിയ എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള യാത്രകള്‍ ചിലപ്പോഴെല്ലാം ചിലവുകള്‍ വര്‍ധിപ്പിക്കുന്നു. അടുത്തുള്ള ചെറിയ വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്ര തിരക്ക് കുറക്കാനും പണം ലാഭിക്കാനും സഹായിക്കും. വിമാനത്താവളത്തിലേക്കുള്ള യാത്രാ ദൂരം ഏറെയില്ലെങ്കില്‍ ചെറിയ വിമാനത്താവളങ്ങള്‍ തിരഞ്ഞെടുക്കുന്നത് അവധിക്കാലത്ത് നല്ലതാണ്. കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റ്, കുറഞ്ഞ എയര്‍പോര്‍ട്ട് ചാര്‍ജുകള്‍ എന്നിവ ഇതുവഴി ലഭിക്കും.
മികച്ച പാക്കേജുകള്‍
യാത്രയുമായി ബന്ധപ്പെട്ട ഒന്നിലധികം കാര്യങ്ങള്‍ ഒരു പാക്കേജ് ആയി ബുക്ക് ചെയ്യാന്‍ ഇപ്പോള്‍ സൗകര്യങ്ങള്‍ ഉണ്ട്. വിമാനടിക്കറ്റ്, ഹോട്ടല്‍ റൂം, ടാക്‌സി തുടങ്ങിയെല്ലാം ഒരു ട്രാവല്‍ ഏജന്‍സി വഴിയോ വെബ്‌സൈറ്റ് വഴിയോ ബുക്ക് ചെയ്യുമ്പോള്‍ ഡിസ്‌കൗണ്ട് ലഭിക്കും. ഓരോ സൗകര്യങ്ങളും വേറെയായി ബുക്ക് ചെയ്യുന്നതിനേക്കാള്‍ സാമ്പത്തിക ലാഭം ഇതുവഴി ലഭിക്കാം.
റിവാഡ് പോയിന്റുകള്‍
ക്രെഡിറ്റ് കാര്‍ഡിലോ മറ്റോ ഉപയോഗിക്കാതിരിക്കുന്ന റിവാഡ് പോയിന്റുകള്‍ ഉപയോഗിക്കാന്‍ പറ്റുന്ന സമയം കൂടിയാണിത്. നിരവധി എയര്‍ലൈനുകളും ഹോട്ടലുകളും ഇത്തരം പോയിന്റുകള്‍ സ്വീകരിച്ച് ഡിസ്‌കൗണ്ടുകളും സൗജന്യസേവനങ്ങളും നല്‍കുന്നുണ്ട്. യാത്രക്ക് ഒരുങ്ങും മുമ്പ് നിങ്ങളുടെ പക്കല്‍ ഇത്തരം പോയിന്റുകള്‍ ഉണ്ടോ എന്ന് ഉറപ്പാക്കുക.
കുറഞ്ഞ ലഗ്ഗേജ്
ലഗ്ഗേജ് കുറക്കുന്നതും ചിലവ് കുറക്കാന്‍ സഹായിക്കും. വലിയ ലഗ്ഗേജുകള്‍ വിമാന നിരക്കില്‍ വര്‍ധനക്ക് കാരണമാകും. ചെക്ക് ഇന്‍ ബാഗുകള്‍ ഒഴിവാക്കാന്‍ പരിമാവധി ശ്രമിക്കാം. വിമാനത്താവളങ്ങളിലെ കാത്തുനില്‍പ്പ് കുറക്കാനും ഇത് സഹായിക്കും. കയ്യില്‍ കരുതാവുന്ന ഒരു ബാഗ് മാത്രമായുള്ള യാത്ര പല സൗകര്യങ്ങളും നല്‍കുന്നു.