ആഭ്യന്തര യാത്ര കൂടുന്നു; ഹോട്ടല്‍ നിരക്കുകളില്‍ കുതിപ്പ്
സീസണ്‍ അടുത്തുകൊണ്ടിരിക്കെ ടൂറിസ്റ്റ് മേഖല വലിയൊരു കുതിച്ചുചാട്ടത്തിന് തയാറെടുക്കുകയാണ്
സഞ്ചാരികള്‍ക്ക് ഓര്‍ക്കാന്‍ പോലും ഇഷ്ടമില്ലാത്ത കാലമായിരിക്കും കോവിഡ് പടര്‍ന്നുപിടിച്ച നാളുകള്‍. എന്നാല്‍ അന്ന് നഷ്ടപ്പെട്ട സമയം തലങ്ങും വിലങ്ങും യാത്ര ചെയ്ത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യക്കാരിപ്പോള്‍. ആഭ്യന്തര യാത്രകള്‍ വന്‍തോതില്‍ വര്‍ധിച്ചു വരുന്നുണ്ട്. അതേസമയം വിദേശ ടൂറിസ്റ്റുകളുടെ വരവ് ഇപ്പോഴും കുറഞ്ഞു തന്നെയാണ്. ഹോട്ടല്‍ നിരക്കുകളാകട്ടെ മാനംമുട്ടെ ഉയരുകയും ചെയ്യുന്നു. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ കേരളത്തില്‍ ഹോട്ടല്‍ ബുക്കിംഗുകളില്‍ വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ബുക്കിംഗ് ഒഴിവാക്കുന്നു
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒരു രാത്രിക്ക് റൂമിന് 12,000 മുതല്‍ 25,000 രൂപ വരെയാണ് ഈടാക്കുന്നത്. ചില അത്യാഡംബര റിസോര്‍ട്ടുകളും ബൊട്ടീക് ഹോട്ടലുകളും ഒരു രാത്രിക്ക് 25,000 മുതല്‍ 50,000 രൂപ വരെയാണത്രെ ഈടാക്കുന്നത്. ചില ദിവസങ്ങളില്‍ കൊച്ചിയില്‍ മുറികള്‍ ലഭ്യമല്ലാത്തത് ട്രാവല്‍ ഏജന്റുമാരെയും കുഴക്കുന്നുണ്ട്. ഡിമാന്‍ഡ് കൂടിയ സാഹചര്യം മുതലാക്കാന്‍ വേണ്ടി ഹോട്ടലുകള്‍ ട്രാവല്‍ ഏജന്റുമാരില്‍ നിന്നുള്ള ബള്‍ക്ക് ബുക്കിംഗ് ഒഴിവാക്കുകയാണ് ചെയ്യുന്നത്. പകരം ഡൈനാമിക് പ്രൈസിംഗിലൂടെ കൂടുതല്‍ പണം നേടുന്നു.
എന്നാല്‍ ഇവിടെയാണ് ട്വിസ്റ്റ്
ഇന്ത്യയിലേക്കാള്‍ വിലക്കുറവില്‍ ഫ്‌ളൈറ്റ് ടിക്കറ്റുകളും ഹോട്ടല്‍ മുറികളും ലഭ്യമാകുന്നതിനാല്‍ പല ഇന്ത്യക്കാരും വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയാണ്. ടൂറിസ്റ്റ് സീസണ്‍ അടുത്തുകൊണ്ടിരിക്കേ ഡിമാന്‍ഡില്‍ വലിയൊരു കുതിച്ചുചാട്ടത്തിന് തയാറെടുക്കുകയാണ് ഈ മേഖല. അവര്‍ക്ക് ഹോട്ടല്‍ മുറികളുടെ ദൗര്‍ലഭ്യം മൂലം അത് മുതലെടുക്കാനാകുമോ എന്നതാണ് ചോദ്യം.