ഗള്‍ഫ് വിമാനങ്ങള്‍ക്കും ഉയര്‍ന്ന നിരക്ക്; പ്രവാസികള്‍ക്കും കൈപൊള്ളും

ക്രിസ്മസിന് മുമ്പും ന്യുഇയറിന് ശേഷവും ഉയര്‍ന്ന നിരക്കുകള്‍

Update:2024-12-19 21:15 IST

ക്രിസ്മസ് അവധിക്കാലത്ത് ഇന്ത്യയിലെ ആഭ്യന്തര സെക്ടറുകളില്‍ നിരക്കുകള്‍ ഉയര്‍ത്തിയതിന് പിന്നാലെ ഗള്‍ഫ് സെക്ടറിലും വിമാന നിരക്കുകളില്‍ വര്‍ധന. ക്രിസ്മസിന് മുമ്പും പുതു വര്‍ഷത്തിന്റെ തുടക്കത്തിലും പ്രവാസികള്‍ വിമാനയാത്രക്ക് ഉയര്‍ന്ന നിരക്കുകള്‍ നല്‍കേണ്ടി വരും. നവംബറിലെ നിരക്കുകളെ അപേക്ഷിച്ച് 80 ശതമാനത്തിലധികം വര്‍ധനയാണ് ഡിസംബര്‍ അവധിക്കാലത്ത് വരുന്നത്. ക്രിസ്മസിന് മൂമ്പുള്ള വാരാന്ത്യ അവധി ദിനങ്ങളില്‍ ദുബൈയില്‍ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് കുറഞ്ഞ നിരക്ക് 23,000 രൂപക്ക് മുകളിലാണ്. കൂടിയ നിരക്ക് 40,000ന് മുകളിലും. ജനുവരി ആദ്യവാരം വരെ ഉയര്‍ന്ന നിരക്കുകളാണ് നിലവിലുള്ളത്. ക്രിസ്മസ് അവധിക്ക് മുമ്പ് നാട്ടില്‍ വരുന്നവരെയും അവധി കഴിഞ്ഞ് തിരിച്ചു വരുന്നവരെയും ലക്ഷ്യമിട്ടാണ് വിമാന കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുള്ളത്.

ക്രിസ്മസ് ദിനത്തില്‍ കുറവ്

യാത്രക്കാര്‍ കുറയാന്‍ സാധ്യതയുള്ള ക്രിസ്മസ് ദിനത്തില്‍ കുറഞ്ഞ നിരക്കുകളാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് ക്രിസ്മസിന് രണ്ട് ദിവസം മുമ്പു വരെ കുറഞ്ഞ നിരക്ക് 25,000 രൂപക്ക് അടുത്താണ്. എന്നാല്‍ ക്രിസ്മസ് ദിനത്തില്‍ ഇത് 15,000 രൂപയായി കുറയും. ക്രിസ്മസിന് മുമ്പ് ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് 26,500 രൂപയും കോഴിക്കോട്ടേക്ക് 20,000 രൂപയും തിരുവനന്തപുരത്തേക്ക് 27,500 രൂപയുമാണ് കുറഞ്ഞ നിരക്കുകള്‍. എന്നാല്‍ ക്രിസ്മസ് ദിനത്തില്‍ ഇത് യഥാക്രമം 13,000,15,000, 16,600 എന്നിങ്ങിനെയായി കുറയും. കൂടിയ നിരക്കുകള്‍ എല്ലാ വിമാനത്താവളത്തിലേക്കും 40,000 രൂപക്ക് മുകളിലാണ്. അവസാന നിമിഷം ബുക്ക് ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന നിരക്കുകളില്‍ യാത്ര ചെയ്യേണ്ടി വരും.

തിരിച്ചു പോകുമ്പോള്‍ അധിക നിരക്ക്

അവധിക്കാലം കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരും. ജനുവരി ആദ്യവാരത്തില്‍ ദുബൈയിലേക്ക് തിരുവനന്തപുരത്ത് നിന്ന് 28,000 രൂപയും കൊച്ചിയില്‍ നിന്ന് 23,000 രൂപയും കണ്ണൂരില്‍ നിന്ന് 25,000 രൂപയുമാണ് കുറഞ്ഞ നിരക്കുകള്‍. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഈ സമയത്ത് 12,000 രൂപക്ക് ടിക്കറ്റ് കിട്ടും. ജനുവരി 10 ന് ശേഷമാണ് ദുബൈ സെക്ടറില്‍ നിരക്കുകളില്‍ കുറവ് വരുന്നത്. 10,000 രൂപക്ക് താഴെയെത്തും.

Tags:    

Similar News