പെട്രോള്‍, ഡീസല്‍ വില്‍പന ലാഭത്തില്‍; വില കുറയ്ക്കാന്‍ സമ്മര്‍ദ്ദം

പെട്രോളിന് 6.8 രൂപയും ഡീസലിന് 50 പൈസയും ലാഭം; 5 സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ വിലകുറയ്ക്കാന്‍ സമ്മര്‍ദ്ദവുമായി കേന്ദ്രം, സ്വകാര്യ കമ്പനികള്‍ വില കുറച്ചു

Update:2023-06-10 11:46 IST

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിപണിവിലയില്‍ മാറ്റമുണ്ടായിട്ട് ഒരുവര്‍ഷം കഴിഞ്ഞു. 2022 മേയിലാണ് ഒടുവില്‍ പൊതുമഖേലാ എണ്ണക്കമ്പനികള്‍ ഇന്ധനവില പരിഷ്‌കരിച്ചത്. കേരളത്തില്‍ പെട്രോളിന് 109.73 രൂപയും ഡീസലിന് 98.53 രൂപയുമാണ് വില (തിരുവനന്തപുരം വില). ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലിറ്ററിന് രണ്ട് രൂപ വീതം സെസ് ഉള്‍പ്പെടെയുള്ള വിലയാണിത്.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ക്രൂഡോയില്‍ വില 120-140 ഡോളര്‍ നിരക്കിലെത്തിയിരുന്നു. ഏപ്രിലില്‍ ശരാശരി വില 100 ഡോളറുമായിരുന്നു. ഇപ്പോള്‍ ശരാശരി വില 75 ഡോളറാണ്. പക്ഷേ പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്.പി.സി.എല്‍) എന്നിവ തയ്യാറായിട്ടില്ല.
ക്രൂഡോയില്‍ വില ഉയര്‍ന്നുനിന്ന കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ആദ്യ രണ്ട് പാദങ്ങളിലായി (ഏപ്രില്‍-സെപ്തംബര്‍) പൊതുമേഖലാ എണ്ണക്കമ്പനികള്‍ 18,861 കോടി രൂപയുടെ വില്‍പനനഷ്ടം നേരിട്ടിരുന്നു. ക്രൂഡോയില്‍ വിലവര്‍ദ്ധിച്ചതിന് ആനുപാതികമായി പെട്രോള്‍, ഡീസല്‍ വില കൂട്ടാന്‍ കഴിയാതിരുന്നതാണ് ഇതിന് കാരണമെന്നും കമ്പനികള്‍ വാദിക്കുന്നു. ഇപ്പോള്‍ ക്രൂഡോയില്‍ വില കുറഞ്ഞെങ്കിലും ഈ നഷ്ടം നികത്തപ്പെടുംവരെ ഇന്ധനവില പരിഷ്‌കരിക്കേണ്ടെന്ന നിലപാടാണ് കമ്പനികള്‍ക്കുള്ളത്.

തിരഞ്ഞെടുപ്പ് പടിവാതിലില്‍, വില കുറയ്ക്കാന്‍ സമ്മര്‍ദ്ദവുമായി കേന്ദ്രം

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് രാജ്യം കടക്കാന്‍ കഷ്ടിച്ച് ഒരുവര്‍ഷമേ ഇനിയുള്ളൂ. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് കേന്ദ്രംഭരിക്കുന്ന ബി.ജെ.പി ഇനിയും മുക്തമായിട്ടില്ല. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുണ്ടാകും.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഈ സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചടിയേറ്റാല്‍ അത് വലിയ ക്ഷീണമാകുമെന്ന് കേന്ദ്രം കരുതുന്നു. ഈ പശ്ചാത്തലത്തില്‍ ജനപ്രിയ നടപടികള്‍ ഉന്നമിടുന്ന കേന്ദ്രം ഇന്ധനവില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ക്കുമേല്‍ സമ്മര്‍ദ്ദം തുടങ്ങിയിട്ടുണ്ട്. ഇതു കണക്കിലെടുത്താല്‍, വൈകാതെ നേരിയതോതിലെങ്കിലും ഇന്ധനവില കുറയ്ക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ തയ്യാറായേക്കും. റഷ്യയില്‍ നിന്ന് ഡിസ്‌കൗണ്ട് വിലയ്ക്കുള്ള ക്രൂഡോയില്‍ ഇറക്കുമതി കൂടിയെന്നതും ആഭ്യന്തര ഇന്ധനവില കുറയ്ക്കാന്‍ അനുകൂല ഘടകമാണ്.

വില്‍പന നഷ്ടം ഒഴിഞ്ഞു, ലാഭം വന്നു
2022-23ലെ ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ പെട്രോള്‍ വില്‍പന ലിറ്ററിന് 17.4 രൂപ നഷ്ടത്തിലായിരുന്നുവെന്ന്‌ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു; ഡീസലില്‍ നിന്നുള്ള നഷ്ടം ലിറ്ററിന് 27.7 രൂപയുമായിരുന്നു. ഡിസംബര്‍ പാദത്തില്‍ പെട്രോളില്‍ നിന്ന് ലിറ്ററിന് 10 രൂപ വീതം ലാഭം കിട്ടിത്തുടങ്ങി. ഡീസലില്‍ നിന്നുള്ള നഷ്ടം 6.5 രൂപയായി കുറയുകയും ചെയ്തു.
നാലാംപാദമായ ജനുവരി-മാര്‍ച്ചില്‍ പെട്രോളില്‍ നിന്നുള്ള ലാഭം 6.8 രൂപയായി കുറഞ്ഞു. എന്നാല്‍, ഡീസലില്‍ നിന്ന് 50 പൈസ വീതം ലാഭം ലഭിച്ചു. ഇരു ഇന്ധനത്തില്‍ നിന്നുമുള്ള ലാഭം കൂടുതല്‍ മെച്ചപ്പെടുംവരെ ഇന്ധനവില പരിഷ്‌കരിക്കേണ്ടെന്ന നിലപാടിലാണ് എണ്ണക്കമ്പനികള്‍.
കഴിഞ്ഞവര്‍ഷത്തെ നാലാംപാദത്തില്‍ ഇന്ത്യന്‍ ഓയില്‍ 52 ശതമാനം വളര്‍ച്ചയോടെ 10,841 കോടി രൂപയും ബി.പി.സി.എല്‍ 159 ശതമാനം വര്‍ദ്ധനയോടെ 6,477 കോടി രൂപയും ഹിന്ദുസ്ഥാന്‍ പെട്രോളിയം 79 ശതമാനം കുതിപ്പോടെ 3,608 കോടി രൂപയും ലാഭം നേടിയിരുന്നു. ഓരോ ബാരല്‍ ക്രൂഡോയില്‍ സംസ്‌കരിക്കുമ്പോഴും ലഭിച്ചിരുന്ന ലാഭം ഇന്ത്യന്‍ ഓയിലിന്റേത് 11.25 ഡോളറില്‍ നിന്ന് 19.25 ഡോളറിലേക്കും ബി.പി.സി.എല്ലിന്റേത് 9.66 ഡോളറില്‍ നിന്ന് 20.24 ഡോളറിലേക്കും എച്ച്.പി.സി.എല്ലിന്റേത് 7.19 ഡോളറില്‍ നിന്ന് 12.09 ഡോളറിലേക്കും മെച്ചപ്പെട്ടിട്ടുമുണ്ട്.
വില കുറച്ച് റിലയന്‍സും നയാരയും
ക്രൂഡോയില്‍ വില കുറഞ്ഞത് പരിഗണിച്ച് വിപണിവിലയേക്കാള്‍ ഒരു രൂപ കുറച്ചാണ് സ്വകാര്യ എണ്ണവിതരണ കമ്പനികളായ നയാര എനര്‍ജിയും റിലയന്‍സിന്റെ ജിയോ-ബി.പിയും പെട്രോള്‍, ഡീസല്‍ വില്‍പന നടത്തുന്നത്. പൊതുമേഖലാ കമ്പനികളുടെ വിലയേക്കാള്‍ ഒരു രൂപ ഡിസ്‌കൗണ്ടുമായുള്ള വില്‍പന ഈമാസം അവസാനം വരെ തുടരുമെന്ന് നയാര എനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്.
Tags:    

Similar News