അമ്പോ! രൂപക്ക് എന്തൊരു തകര്‍ച്ച! ഒരു ഡോളര്‍ കിട്ടാന്‍ 84 രൂപ 93 പൈസ കൊടുക്കണം
വ്യാപാര കമ്മി വര്‍ധിച്ചത് രൂപയുടെ മൂല്യത്തകര്‍ച്ച സര്‍വകാല റെക്കോഡിലെത്തിച്ചു
രാജ്യത്തെ വ്യാപാരക്കമ്മി റെക്കോഡ് ഉയരത്തിലെത്തിയതോടെ ഇന്ത്യന്‍ രൂപ ഇന്ന് എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. രാവിലത്തെ വ്യാപാരത്തില്‍ യു.എസ് ഡോളറിനെതിരെ 84.93ലെത്തി. ഇന്നലെ 84.87ല്‍ ക്ലോസ് ചെയ്ത രൂപ ഇന്ന് വ്യാപാരം തുടങ്ങിയത് 84.90ലാണ്.
രാജ്യത്തെ വ്യാപാര കമ്മി ഒക്‌ടോബറില്‍ 2,710 കോടി ഡോളറില്‍ നിന്ന് നവംബറില്‍ 3,784 കോടി ഡോളറായി ഉയര്‍ന്നു. കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്തതോടെയാണിത്.
നവംബറില്‍ വാണിജ്യ കയറ്റുമതി 2.17 ശതമാനം വളര്‍ച്ചയോടെ 3,211 കോടി ഡോളറിലെത്തിയപ്പോള്‍ ഇറക്കുമതി 6,995 കോടി ഡോളറിന്റേതാണ്.
സ്വര്‍ണ ഇറക്കുമതിയും റെക്കോഡില്‍
നവംബറില്‍ സ്വര്‍ണ ഇറക്കുമതി പുതിയ റെക്കോഡിട്ടതായി വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ കാണിക്കുന്നു. 1,480 കോടി ഡോളറിന്റെ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന ഇറക്കുമതിയാണിത്. മുന്‍ വര്‍ഷം നവംബറുമായി നോക്കുമ്പോള്‍ 50 ശതമാനം വര്‍ധനയുണ്. ജൂലൈയില്‍ സര്‍ക്കാര്‍ കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി കുറച്ചതാണ് സ്വര്‍ണ ഇറക്കുമതി ഉയര്‍ത്തിയത്.
ഈ പോക്ക് 85ലേക്കോ
വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം തുടര്‍ച്ചയായി പിന്‍വലിച്ചതും ഡോളര്‍ കരുത്താര്‍ജ്ജിച്ചതും മോശം വളര്‍ച്ചാ കണക്കുകളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി രൂപയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഇന്നത്തെ ഇടിവോടെ ഈ വര്‍ഷം ഇതുവരെ രൂപയുടെ മൂല്യത്തില്‍ ഡോളറിനെതിരെ 2.01 ശതമാനം കുറവുണ്ടായി. ഈ വര്‍ഷം അവസാനത്തോടെ യു.എസ് ഡോളറിനെതിരെ രൂപ 85 വരെയെത്തുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തലുകള്‍.
മറ്റു കറന്‍സികളുമായി നോക്കുമ്പോള്‍
മറ്റ് വികസ്വര രാജ്യങ്ങളുമായി നോക്കുമ്പോള്‍ ഇന്ത്യന്‍ കറന്‍സിയുടെ വ്യതിയാനം കുറവാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. മികച്ച സാമ്പത്തിക അടിത്തറയും മറ്റും രൂപയ്ക്ക് കരുത്ത് പകരുന്നുണ്ട്.
ബ്ലൂംബെര്‍ഗ് ഡേറ്റ പ്രകാരം ജാപ്പനീസ് യെന്‍, സൗത്ത് കൊറിയയുടെ വോണ്‍ എന്നിവയുമായി നോക്കുമ്പോള്‍ രൂപ ഭേദപ്പെട്ട് നില്‍ക്കുന്നു. ഈ വര്‍ഷം ഇതുവരെ ഡോളറിനെതിരെ യെന്‍ 8.78 ശതമാനത്തിനു മുകളിലും വോണ്‍ 8.53 ശതമാനത്തിനു മുകളിലും ഇടിഞ്ഞു. ഫീലിപ്പിന്‍സിന്റെ പെസോ 5.85 ശതമാനമാണിടിഞ്ഞത്.
അതേസമയം ചില ഏഷ്യന്‍ രാജ്യങ്ങളുമായി നോക്കുമ്പോള്‍ രൂപയാണ് കൂടുതല്‍ ദുര്‍ബലമായത്. മലേഷ്യന്‍ റിഗ്ഗെറ്റ് ഡോളറിനെതിരെ 3.51 ശതമാനവും ഹോങ്കോങ് ഡോളര്‍ 0.43 ശതമാനം നേട്ടമുണ്ടാക്കി.
റിസര്‍വ് ബാങ്കിന്റെ തുര്‍ച്ചയായ ഇടപെടലുകളാണ് രൂപയെ വലിയ വ്യതിയാനങ്ങളിലേക്ക് വീഴാതെ ഈ വര്‍ഷം മുഴുവന്‍ പിടിച്ചു നിറുത്തിയത്. വലിയ ഇടിവുണ്ടായ സമയങ്ങളില്‍ ഡോളര്‍ വിറ്റഴിച്ചും മൂല്യമുയര്‍ന്ന സമയങ്ങളില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയും റിസര്‍വ് ബാങ്ക് ഈ സാഹചര്യങ്ങളെ നേരിട്ടു.