രൂപ റെക്കോഡ് ഇടിവില്‍, ചൈനയുടെ നീക്കത്തില്‍ കണ്ണുംനട്ട് ആര്‍.ബി.ഐ

അടുത്ത ദിവസങ്ങളില്‍ ഇടിഞ്ഞത് 20 പൈസയോളം

Update:2024-12-12 14:14 IST
Image credit: canva

ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 0.04 ശതമാനം ഇടിഞ്ഞ് 84.88 എന്ന നിലയിലായി. വിദേശ വിപണിയില്‍ ഡോളറിനുള്ള ആവശ്യം ഉയര്‍ന്നതും എണ്ണക്കമ്പനികള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക ബിസിനസുകള്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി കൂടുതല്‍ ഡോളര്‍ വാങ്ങുന്നതുമാണ് രൂപയെ ദുര്‍ബലമാക്കിയത്.

കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി രൂപ താഴ്ചയിലാണ്. 20 പൈസയോളം ഇടിവ് രൂപയിലുണ്ടായിട്ടുണ്ട്.
ചൈനീസ് കറന്‍സിയായ യുവാന്‍ ഇടിഞ്ഞ് നില്‍ക്കുന്നതും ഇന്ത്യന്‍ രൂപയെ ബാധിക്കുന്നുണ്ട്. ഡോണാള്‍ഡ് ട്രംപിന്റെ താരിഫ് വെല്ലുവിളി നേരിടാനായി ചൈന യുവാനെ ദുര്‍ബലമാക്കുകയാണ്.  ഈ ആഴ്ച 
യുവാന്‍
 അര ശതമാനത്തോളം താഴ്ന്നിട്ടുണ്ട്. വൈകാതെ ഒരു ഡോളറിന് ഏഴര യുവാനിലേക്ക് താഴുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ ഇന്ത്യയും ഇത്തരി അയഞ്ഞ് നില്‍ക്കേണ്ടതുണ്ട്. അല്ലെങ്കില്‍ കയറ്റുമതി ബുദ്ധിമുട്ടാകും. വരും ദിവസങ്ങളില്‍ തന്നെ രൂപ 85ലെത്താനുള്ള സാധ്യതയും നിരീക്ഷകര്‍ കണക്കാക്കുന്നുണ്ട്.
ഇതിനൊപ്പം പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ നിലപാടുകള്‍ കടുപ്പമായിരിക്കുമോ അതോ മയത്തിലാകുമോ എന്ന് നിക്ഷേപകര്‍ നിരീക്ഷിക്കുന്നതും രൂപയെ നിലവില്‍ ബാധിക്കുന്നുണ്ട്.
യു.എസിന്റെ പണപ്പെരുപ്പ കണക്കുകള്‍ ഫെഡറല്‍ റിസര്‍വിനെ നിരക്ക് കുറയ്ക്കാന്‍ പ്രേരിപ്പിക്കുമെന്ന നിക്ഷേപകരുടെ പ്രതീക്ഷകള്‍ ഡോളര്‍ സൂചികയെ 106.5ല്‍ സ്ഥിരതയോടെ നിലനിറുത്തി.
Tags:    

Similar News